ആശങ്കകള്‍ക്ക് വിട; വിസിറ്റ് വിസക്കാര്‍ സൗദിയില്‍ ഇറങ്ങി

റിയാദ്- കേരളത്തിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍നിന്ന് ഇന്ന് സൗദിയിലെ ജിദ്ദ, ദാമാം, റിയാദ് എയര്‍പോര്‍ട്ടുകളിലെത്തിയ എല്ലാ യാത്രക്കാരും പരിശോധനകള്‍ക്ക് ശേഷം പുറത്തിറങ്ങി.
മൂന്ന് എയര്‍പോര്‍ട്ടുകളിലും വിസിറ്റ് വിസയിലെത്തിയ  യാത്രക്കാരെ പരിശോധനക്കായി തടഞ്ഞുവെച്ചത് ആശങ്കക്കിടയാക്കിയിരുന്നു. നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്ന റിപ്പോര്‍ട്ടകള്‍ക്ക് ശേഷം മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് യാത്രക്കാര്‍ പുറത്തിറങ്ങിയത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് സൗദി അധികൃതര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. ഉംറ തീര്‍ഥാടകരെ ഇന്നലെ തന്നെ കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍നിന്ന് തിരിച്ചയച്ചിരുന്നു.


ഏറ്റവും പുതിയ സൗദിവാർത്തകൾക്കായി ഇവിടെ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക


കൊറോണ അപകടകരമായ രീതിയില്‍ വ്യാപിച്ച രാജ്യങ്ങളില്‍നിന്നുള്ള ടൂറിസ്റ്റ് വിസക്കാരെ വിലക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും വിമാന കമ്പനികളുടെ നിലപാട് ആശയക്കുഴപ്പത്തിനു കാരണമായി.  
അതിനിടെ, ഫാമിലി വിസയില്‍ സൗദിയില്‍ കഴിയുന്നവര്‍ രാജ്യം വിട്ട ശേഷം തിരിച്ചെത്തുന്നതിന് വിലക്കില്ലെന്ന് ജവാസാത്ത് വ്യക്തമാക്കി. ഫാമിലി വിസക്ക് കാലാവധിയുള്ള പക്ഷം ഇവര്‍ രാജ്യത്ത് തിരിച്ചെത്തുന്നതിന് വിലക്കില്ല. എന്നാല്‍ സൗദിയിലെത്തുന്നതിന് മുമ്പുള്ള രണ്ടാഴ്ചക്കിടെ ഇവര്‍ കൊറോണ പടര്‍ന്നുപിടിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. സൗദിയിലെത്തുന്നതിന് മുമ്പുള്ള രണ്ടാഴ്ചക്കിടെ കൊറോണ പടര്‍ന്നുപിടിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഫാമിലി വിസക്കാരെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ല.

 

Latest News