സൗദി ടൂറിസ്റ്റ് വിസ നിര്‍ത്തിവെച്ചത് ഏഴു രാജ്യക്കാര്‍ക്ക്; ഇന്ത്യയില്ല

റിയാദ് - കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഏഴു രാജ്യക്കാര്‍ക്ക് ടൂറിസ്റ്റ് വിസകള്‍ നിര്‍ത്തിവെച്ചതായി ടൂറിസം മന്ത്രാലയം അറിയിച്ചു.

ടൂറിസ്റ്റ് വിസ നിര്‍ത്തിവെച്ച രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയില്ല. വലിയ തോതില്‍ കൊറോണ പടര്‍ന്നുപിടിച്ച ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാന്‍, മലേഷ്യ, സിങ്കപ്പൂര്‍, കസാക്കിസ്ഥാന്‍ എന്നീ രാജ്യക്കാര്‍ക്കാണ് ടൂറിസ്റ്റ് വിസ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. ഇതിനകം ടൂറിസ്റ്റ് വിസ നേടിക്കഴിഞ്ഞ ഈ ഏഴു രാജ്യങ്ങളില്‍ നിന്നുമുള്ളവരുടെ വിസകള്‍ താല്‍ക്കാലികമായി മരവിപ്പിച്ചിട്ടുമുണ്ട്. മറ്റു രാജ്യക്കാര്‍ക്ക് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്നത് തുടരും. നേരത്തെ പ്രഖ്യാപിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി ഇവര്‍ക്ക് ഇ-വിസയും ഓണ്‍അറൈവല്‍ വിസകളും അനുവദിക്കും.

എന്നാല്‍ ടൂറിസ്റ്റ് വിസകളില്‍ സൗദിയില്‍ പ്രവേശിക്കുന്നവരെ മക്കയും മദീനയും സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ ടൂറിസ്റ്റ് വിസകളില്‍ എത്തുന്നവര്‍ക്ക് മക്കയും മദീനയും സന്ദര്‍ശിക്കുന്നതിനും ഉംറ നിര്‍വഹിക്കുന്നതിനും അനുമതിയുണ്ടായിരുന്നു. മുഴുവന്‍ ലോക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഉംറ വിസ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ഇതിനകം ഉംറ വിസ നേടിക്കഴിഞ്ഞവര്‍ രാജ്യത്ത് പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്.


സൗദി വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


ഇ-വിസക്കും ഓണ്‍അറൈവല്‍ വിസക്കും യോഗ്യതയില്ലാത്ത മറ്റു രാജ്യക്കാര്‍ വിദേശങ്ങളിലെ സൗദി എംബസികളും കോണ്‍സുലേറ്റുകളും വഴി ഇതിനകം ടൂറിസ്റ്റ് വിസകള്‍ നേടിയിട്ടുണ്ടെങ്കില്‍ ഈ വിസകളില്‍ നിലവില്‍ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ കഴിയുമോയെന്ന കാര്യം സൗദി അറേബ്യക്കകത്തു നിന്ന് 930 എന്ന നമ്പറിലും വിദേശങ്ങളില്‍ നിന്ന് 00966920000890 എന്ന നമ്പറിലും ബന്ധപ്പെട്ട് അന്വേഷിച്ച് മുന്‍കൂട്ടി ഉറപ്പുവരുത്തണം. അമേരിക്ക, ബ്രിട്ടന്‍, ഷെന്‍ഗന്‍ വിസകളുള്ള മറ്റു രാജ്യക്കാര്‍ തങ്ങള്‍ക്ക് എയര്‍പോര്‍ട്ടുകള്‍ അടക്കമുള്ള അതിര്‍ത്തി പ്രവേശന കവാടങ്ങളില്‍ വെച്ച് ഓണ്‍അറൈവല്‍ വിസ ലഭിക്കുമോയെന്ന കാര്യവും ഇതേപോലെ മുന്‍കൂട്ടി അന്വേഷിച്ച് ഉറപ്പുവരുത്തണമെന്ന് ടൂറിസം മന്ത്രാലയം ആവശ്യപ്പെട്ടു.

ഉംറ വിസ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനത്തെ ലോകാരോഗ്യ സംഘടന പ്രശംസിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള അധിക നടപടികളുടെ ഭാഗമായാണ് സൗദി അറേബ്യ ഈ തീരുമാനം കൈക്കൊണ്ടത്. കൊറോണ വ്യാപനം തടയുന്നതിനും തീര്‍ഥാടകര്‍ക്ക് സംരക്ഷണം നല്‍കുന്നതിനും ഇതിലൂടെ സൗദി അറേബ്യക്ക് സാധിക്കുമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

 

Latest News