Sorry, you need to enable JavaScript to visit this website.

വാർത്താ മുറികളിലെ അവതാരങ്ങൾ

നമ്മുടെ ടെലിവിഷൻ ചാനലുകളിലെ വാർത്താ സംവാദ പരിപാടികൾ, എതിരാളിയെ അധിക്ഷേപിക്കാനും അസഭ്യം പറയാനുമുള്ള വേദികളായി മാറിയിരിക്കുന്നു. ന്യൂസ് മുറികളിൽ ഒരു പെരുമാറ്റച്ചട്ടം അനിവാര്യമായി മാറിയിട്ടുണ്ട്. പുതിയ കാലത്തിന്റെ സാമൂഹിക, രാഷ്ട്രീയാവസ്ഥകൾ മനസ്സിലാക്കി, ജനങ്ങളെ ശരിയായ നിലപാടുകളിലേക്കെത്തിക്കാൻ മാധ്യമങ്ങൾക്കുള്ള വലിയ പങ്കിനെ കെടുത്തിക്കളയുകയാണ് പല ന്യൂസ് റൂം ചർച്ചകളും. മാധ്യമ പ്രവർത്തകർ ജാഗ്രത പാലിക്കുമോ?

സമകാലീന മലയാള മാധ്യമ പ്രവർത്തനത്തിലെ മാറ്റങ്ങളെ നിരൂപണം ചെയ്യവേ പ്രമുഖ മാധ്യമ പ്രവർത്തകനായ ബി.ആർ.പി. ഭാസ്‌കർ ഒരിക്കൽ എഴുതി: ടെലിവിഷന്റെ വരവിന് മുമ്പ് തന്നെ, വിദേശ സഹായത്തോടെ ആരംഭിച്ച പരിശീലന പരിപാടികളിലൂടെ മലയാള പത്രങ്ങൾ ചില പാശ്ചാത്യ രീതികൾ സ്വീകരിച്ചിരുന്നു. വിനോദം ക്രമേണ വിവരത്തിനു മുകളിൽ സ്ഥാനം പിടിച്ചു. വർധിച്ച പ്രാദേശികവൽക്കരണത്തിന്റെ ഭാഗമായി വായനക്കാർക്ക് സ്വന്തം താലൂക്കിന് വെളിയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയാനുള്ള അവസരം കുറഞ്ഞു. വലിയ പത്രങ്ങൾ ടാബ്ലോയിഡുകളുടെ പല രീതികളും സ്വീകരിച്ചു.
ഈ നിരീക്ഷണം പങ്കുവെച്ച് ഏതാനും വർഷങ്ങൾ കഴിയുമ്പോൾ ടെലിവിഷൻ മാധ്യമങ്ങൾ, വാർത്തയെ തന്നെ വിനോദമാക്കി മാറ്റിയ രസകരമായ കാഴ്ചയാണ് കാണുന്നത്. വിനോദത്തിന് മാത്രമായി സമയം നീക്കിവെച്ചിരിക്കുന്ന ചാനലുകളെക്കുറിച്ചല്ല പറയുന്നത്, വാർത്താ ചാനലുകളെക്കുറിച്ചാണ്. ന്യൂസ് മുറികൾ റിയാലിറ്റി ഷോകളുടെ വേദിക്ക് സമാനമായി മാറുന്ന അവസ്ഥ മിക്കപ്പോഴും കാണുന്നു. സന്ധ്യാവേളകളിലെ ന്യൂസ് റൂം ചർച്ചകൾ, വാർത്തയുടെ വിപണന സാധ്യതയുടെ മാത്രം പരീക്ഷണ ശാലയായി മാറുന്നുണ്ടിപ്പോൾ. അതിനാൽ, ഒരു വിനോദ പരിപാടി പോലെ അതിനെ മാറ്റിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് മാധ്യമ ഉടമകൾ.
ഇതിന് സഹായകമായ മട്ടിലാണ് ന്യൂസ് റൂം അവതാരകരുടെ മനോഭാവവും. വിശിഷ്യാ, പുതിയ തലമുറയിൽപെട്ട വാർത്താവതാരകർക്ക്, ന്യൂസ് ബിസിനസിനെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. വാർത്താവതരണത്തിലെ ധാർമികതയോ സത്യസന്ധതയോ കൃത്യതയോ ഒന്നും അവരിൽ പ്രധാന ഘടകമായി കാണുന്നില്ല. 
മലയാളത്തിലെ ചാനലുകൾ ഈ പൊതുപ്രവണതയിൽനിന്ന് ഒട്ടും മാറിനിൽക്കുന്നില്ല. ഇന്ത്യൻ മാധ്യമ രംഗത്തിന് എന്നും മാതൃകാപരമായ സംഭാവനകൾ നൽകാൻ മലയാള മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അത് ആധുനികവൽക്കരണത്തിന്റെയോ പുതിയ സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളുന്നതിന്റെയോ മാത്രം പേരിലല്ല. അനന്യമായ ഒരു വാർത്താ പ്രസിദ്ധീകരണ സംസ്‌കാരം കൂടി നാം സൃഷ്ടിച്ചിരുന്നു. എന്നാൽ പുതിയ കാലത്തിന്റെ കുഴമറിച്ചിലുകൾ ഈ സംസ്‌കാരത്തെയും, മറ്റു പലതിനെയുമെന്ന പോലെ ചുഴറ്റിയെറിഞ്ഞു. മാറ്റങ്ങൾക്കു മുഖം തിരിച്ചുനിൽക്കണമെന്നോ, കണ്ടില്ലെന്ന് നടിക്കണമെന്നോ അല്ല പറയുന്നത്. മറിച്ച് വാർത്തയെ വിനോദമായി മാത്രം കാണുന്ന പ്രവണത ആശാസ്യമല്ലെന്നാണ്.
ദീർഘമായ പാരമ്പര്യമുള്ള മലയാള പത്രങ്ങൾ പോലും, അടുത്തിടെ മാത്രം കടന്നുവന്ന ടെലിവിഷൻ മാധ്യമങ്ങളുടെ മേൽക്കോയ്മ അംഗീകരിക്കുന്ന സ്ഥിതിയാണ് വന്നുചേർന്നത്. പാശ്ചാത്യ മാധ്യമങ്ങളെ പോലെ അച്ചടി മാധ്യമത്തിന്റെ ശക്തി പ്രയോജനപ്പെടുത്തുന്നതിന് പകരം ടി.വിയോട് സാദൃശ്യം സൃഷ്ടിക്കാനായിരുന്നു അവയുടെ ശ്രമം. താളുകളുടെ വർണപ്പൊലിമയിലും ദൃശ്യവൽക്കരണത്തിന്റെ പുതിയ രൂപഭാവങ്ങളാർജിച്ചുമായിരുന്നു ഈ പരീക്ഷണങ്ങൾ. ടെലിവിഷന്റെ കടന്നുകയറ്റത്തെ പ്രതിരോധിക്കാൻ പക്ഷേ അതിനൊന്നുമായില്ല. ഇന്നാകട്ടെ, ഇന്റർനെറ്റിന്റെ വ്യാപനത്തോടെ ടെലിവിഷൻ മാധ്യമങ്ങളും മാറ്റത്തിന്റെ പാതയിലാണ്. ടെലിവിഷൻ കാണാൻ ഒരു ടെലിവിഷൻ സെറ്റിന്റെ മുന്നിലിരിക്കണമെന്ന് ഇന്ന് നിർബന്ധമില്ല. സോഷ്യൽ മീഡിയയുടെ വ്യാപനത്തിലൂടെ ആർക്ക് വേണമെങ്കിലും ഇന്ന് ഒരു വാർത്താവതാരകനാവാൻ സാധിക്കും. യൂ ട്യൂബിലൂടെയും മറ്റും പ്രചരിക്കുന്ന അനേകം വീഡിയോ ചാനലുകളും ഇന്ന് സുലഭം. സ്വാഭാവികമായും റേറ്റിംഗ് കൂട്ടാൻ, വാർത്താവതരണത്തിൽ പുത്തൻ മാർഗങ്ങൾ കണ്ടുപിടിക്കുക എന്നത് ടെലിവിഷൻ മാധ്യമങ്ങൾക്ക് ഒരു നിർബന്ധിതാവസ്ഥയായി.
അതാണ് വാർത്താ വിശകലന പരിപാടികളെയും വാർത്താ സംവാദങ്ങളെയും റിയാലിറ്റി ഷോകളുടെ നിലവാരത്തിലേക്ക് മാറ്റാൻ അവരെ പ്രേരിപ്പിക്കുന്നത്. ചടുലമായ അവതരണ രീതി മാത്രമല്ല, പ്രേക്ഷകൻ റിമോട്ട് കൈയിലെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യാൻ അവസരം നൽകാതിരിക്കുക എന്ന ലക്ഷ്യവുമായാണ് ഇത്തരം സംവാദ പരിപാടികൾ അവതരിപ്പിക്കപ്പെടുന്നത്. അതിനാൽ തന്നെ ഇത്തരം പരിപാടികൾ വാർത്താശണ്ഠകളായി പലപ്പോഴും മാറുന്നു. ശണ്ഠകളിൽ എപ്പോഴും അഭിരമിക്കുന്ന മലയാളിയെ ആകർഷിക്കാൻ ഇതിൽപരം നല്ലൊരു മാർഗം വേറെയില്ല. 
പൊതുനിരത്തിൽ ഉച്ചഭാഷിണിയിലൂടെ പ്രസംഗിച്ചാലോ പത്രത്തിൽ എഴുതിയാലോ നോട്ടീസ് അച്ചടിച്ചിറക്കിയാലോ, സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടാലോ ഒക്കെ മാനനഷ്ടത്തിനു കേസെടുക്കാവുന്ന, അല്ലെങ്കിൽ കേസ് കൊടുക്കാവുന്ന കാര്യങ്ങൾ സുരക്ഷിതമായി വിളിച്ചുപറയാൻ പറ്റുന്ന ഇടമായി ടെലിവിഷൻ ന്യൂസ് മുറികൾ മാറിയിരിക്കുന്നു. അവിടെ ആർക്കും ആരെയും അസഭ്യം പറയാം, വ്യാജവും തെളിവില്ലാത്തതുമായ ആരോപണങ്ങൾ ഉന്നയിക്കാം, കുടുംബത്തെ അവഹേളിക്കാം, ഭൂതകാലത്തെ വലിച്ചിട്ട് അധിക്ഷേപിക്കാം. ഒരു മണിക്കൂർ സംവാദം കഴിയുമ്പോൾ ഇമയനക്കാതെ എല്ലാം കേട്ട പ്രേക്ഷകന് സംതൃപ്തിയോടെ കിടക്കറയിലേക്ക് പോകാം. ഇതിനിടയിൽ കൊല്ലപ്പെടുന്നത് വാർത്തയുടെ ചൈതന്യവും സത്യസന്ധതയും നിജസ്ഥിതിയുമായിരിക്കും. 
അവതാരകർ പലപ്പോഴും നിസ്സഹായരായി മാറുന്ന കാഴ്ചയാണ് അവിടെ കാണുന്നത്. ആർക്കും നിയന്ത്രിക്കാനാവാത്ത വിധത്തിൽ വായിൽ വരുന്നതൊക്കെ വിളിച്ചുപറയുന്നവരെയാണ് ചർച്ചകൾക്കും സംവാദത്തിനുമൊക്കെ ഇവർ ക്ഷണിച്ചുവരുത്തുന്നത്. ഇത്തരം ആളുകളെ വിളിക്കാൻ ചാനലുകൾക്ക് പ്രത്യേക താൽപര്യമുണ്ടെന്നത് വസ്തുതയാണ്. കാരണം, എരിവും പുളിയുമുണ്ടെങ്കിലേ ചർച്ച കൊഴുക്കൂ.. പ്രേക്ഷകരെ പിടിച്ചിരുത്താവുന്ന അന്തരീക്ഷം സൃഷ്ടിക്കൽ പ്രധാനമാണ്. വാർത്താവതാരകന്റെ വിജയവും ഇതാണ്. മലയാളത്തിൽ മാത്രമാണ് ഈ പ്രവണത എന്ന് സാമാന്യവൽക്കരിക്കാൻ കഴിയില്ലെങ്കിലും മലയാളത്തിൽ ഇത് കുറച്ചധികമാണ് എന്ന് തീർച്ചയായും പറയാൻ കഴിയും.
രാഷ്ട്രീയ വിഷയങ്ങളാണ് നാം കൂടുതൽ ചർച്ചക്ക് എടുക്കുന്നതെന്നതിനാലും എരിവും പുളിയും പകരാൻ രാഷ്ട്രീയക്കാരാണ് നല്ലത് എന്നതിനാലും എല്ലാ ദിവസവും വൈകുന്നേരങ്ങൾ ഇത്തരം അസഭ്യ വർഷങ്ങളുടെ വേദിയായി മാറുകയാണ്. ഈ ചർച്ചകളുടെ സാധ്യത മുതലെടുക്കാൻ രാഷ്ട്രീയ പാർട്ടികളും അവരുടേതായ മാർഗങ്ങൾ തേടുന്നു. ഓരോ ദിവസത്തെയും ഓരോ ചാനലുകളുടെയും ചർച്ചകൾക്ക് ആളുകളെ വിഭജിച്ചുകൊടുക്കുന്നതു മുതൽ, ഇത്തരം ചാർച്ചികൻമാർക്കായി പരിശീലന പരിപാടികൾ വരെ ഒരുക്കുന്നുണ്ട് രാഷ്ട്രീയ പാർട്ടികൾ. മാത്രമല്ല ഉരുളക്കുപ്പേരി പോലെ മറുപടി നൽകാൻ പ്രത്യേക റിസർച്ച് വിംഗുകളും  പല പാർട്ടികൾക്കുമുണ്ട്. ചർച്ച ലൈവായി പുരോഗമിക്കുമ്പോൾ തന്നെ, ചോദ്യങ്ങൾക്ക് നൽകേണ്ട മറുപടികളെക്കുറിച്ചും ഉന്നയിക്കേണ്ട വിഷയങ്ങളെക്കുറിച്ചും അപ്പപ്പോൾ വാട്‌സാപ്പിലൂടെയും മറ്റും ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് പാർട്ടി ഓഫീസിലിരുന്ന് തന്നെ ഫീഡ് ബാക്ക് നൽകിക്കൊണ്ടിരിക്കാൻ ഇന്ന് പാർട്ടികൾക്ക് സംവിധാനമായിക്കഴിഞ്ഞു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഇതിലും നല്ലൊരു മാർഗമില്ലെന്ന് അവർ കണ്ടെത്തിക്കഴിഞ്ഞു. പാർട്ടി പത്രത്തിൽ നൂറ് ലേഖനം എഴുതിയാലും നൂറ് പൊതുയോഗങ്ങൾ സംഘടിപ്പിച്ച് പ്രസംഗിച്ചാലും കിട്ടാത്ത മൈലേജാണ് ഇത്തരം ഒരു മണിക്കൂർ പരിപാടി കൊണ്ട് കിട്ടുന്നത്.
പുതിയ രാഷ്ട്രീയ നേതാക്കളെ സൃഷ്ടിക്കാനും ഇത്തരം ചർച്ചാവേദികൾ ഉതകുന്നു എന്നത് വാസ്തവമാണ്. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും അവർക്കായി ശബ്ദമുയർത്തുകയും ചെയ്തുകൊണ്ട് നേതാവാകുന്ന കാലത്തിന്് ടെലിവിഷൻ ചാനലുകൾ ഏതാണ്ട് അന്ത്യം കുറിച്ചുകഴിഞ്ഞു. 
വാർത്താ സംവാദങ്ങളിൽ എതിരാളിയേയും ചിലപ്പോഴൊക്കെ അവതാരകരേയും മലർത്തിയടിക്കുന്നതാണ് രാഷ്ട്രീയക്കാരന്റെ ഏറ്റവും നല്ല ക്വാളിറ്റി എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. അത് പലപ്പോഴും പരിധിവിട്ട നിലയിലേക്ക് കാര്യങ്ങൾ എത്തിക്കാറുമുണ്ട്. പല രാഷ്ട്രീയ പാർട്ടികളിലും ഇന്ന് നേതാക്കളായി മാറുന്നത് ഇത്തരം ടി.വി ചർച്ചകൡ പ്രാഗത്ഭ്യം കാണിക്കുന്നവരാണ്. തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാനും പാർട്ടി പദവികളിലേക്ക് തെരഞ്ഞെടുക്കപ്പെടാനും ഇതവരെ സഹായിക്കുന്നു. ഇതുമൂലം, ജനങ്ങളിൽ പാർട്ടി നിലപാട് എത്തിക്കുക എന്നതിലുപരി, സ്വന്തം നേതാക്കളുടെയും അണികളുടെയും ശ്രദ്ധ പിടിച്ചുപറ്റുക എന്ന അഭ്യാസത്തിലേക്ക് ഇവരുടെ വായാടിത്തം ചുരുങ്ങുകയും ചെയ്യും. ഇത് ഇത്തരം ചർച്ചകളെ നിരർഥകമാക്കി മാറ്റും. ചർച്ച ചെയ്യുന്ന വിഷയത്തെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം സ്വരൂപിക്കാനോ നിലപാടുകളിലെത്തിച്ചേരാനോ ഇത് പ്രേക്ഷകരെ സഹായിക്കുകയുമില്ല.
ഇത്തരം വാർത്താ സംവാദങ്ങൾക്ക് ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കേണ്ടത് അനിവാര്യമായിരിക്കുന്നു എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോയിരിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് കരിമണൽ ഖനനം സംബന്ധിച്ച  ചർച്ചയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും വി.എം. സുധീരനും എറ്റുമുട്ടിയതു മുതൽ, കഴിഞ്ഞ ദിവസം ഒരു ചാനലിൽ ഡോ. ഫസൽ ഗഫൂറും ബി. ഗോപാലകൃഷ്ണനും തമ്മിൽ നടന്ന തെറിവിളി വരെയുള്ള കാര്യങ്ങൾ ഒരു പെരുമാറ്റച്ചട്ടത്തിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചർച്ചകളെ ഫലപ്രദമായി നിയന്ത്രിക്കാനും ശരിയായ പോയന്റുകളിലേക്ക് കൊണ്ടുവരാനും അവതാരകർക്കുള്ള കഴിവും പ്രധാനമാണ്. അതിന് വഴങ്ങാതെ, തന്നിഷ്ടപ്രകാരം എന്തും വിളിച്ചുപറയുന്നവരെ ഇത്തരം ചർച്ചകളിൽനിന്ന് ഒഴിവാക്കി നിർത്തണം. രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് പകരം രാഷ്ട്രീയ കാര്യങ്ങൾ വിശകലനം ചെയ്യാൻ കഴിവുള്ളവരെ കൂടുതലായി പങ്കെടുപ്പിക്കുന്നത് ഇത്തരം വാർത്താസംവാദങ്ങളുടെ ലക്ഷ്യം നേടാൻ കൂടുതൽ സഹായകമാകും. നേതാക്കളിൽ തന്നെ പക്വമായും സമർഥമായും ബുദ്ധിപൂർവകമായും തങ്ങളുടെ നിലപാട് വിശദീകരിക്കാൻ കഴിയുന്നവർക്ക് അവസരം കൊടുക്കണം. അങ്ങനെ ചെയ്യുന്നതുകൊണ്ട്് പരിപാടിയുടെ ജനപ്രീതിയും അതുവഴി റേറ്റിംഗും കൂടുകയാണ് യഥാർഥത്തിൽ ചെയ്യുക. 
സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങൾ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, ജനങ്ങളെ ഒരുമിച്ചു നിർത്താനും വർഗീയവും വിഭാഗീയവുമായ ചിന്തകളെ തടുത്തുനിർത്താനും മാധ്യമങ്ങൾക്കുള്ള വലിയ പങ്കിനെക്കുറിച്ച് മറക്കാതെയാവരുത് നമ്മുടെ വാർത്താവതരണ വേദികൾ എന്നു മാത്രം പറയട്ടെ.

Latest News