Sorry, you need to enable JavaScript to visit this website.

ഏജന്റ് ചതിച്ചു; പ്ലീസ് ഇന്ത്യയുടെ സഹായത്താൽ വിൻസെന്റ് നാട്ടിലെത്തി

റിയാദ്- ഇഖാമയും ലൈസൻസുമില്ലാതെ റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന തിരുവനന്തപുരം സ്വദേശി പ്ലീസ് ഇന്ത്യയുടെ സഹായത്തോടെ നാട്ടിലെത്തി. പൂക്കാളി തേക്കിൻകര പുത്തൻവീട് വിൻസെന്റാണ് ഇഖാമയോ ലൈസൻസോ ഇല്ലാതെ പ്രയാസത്തിലാവുകയും തുടർന്ന് പ്ലീസ് ഇന്ത്യയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തത്.
ഇഖാമയും ലൈസൻസുമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിപ്പിക്കപ്പെട്ടപ്പോഴാണ് ഇദ്ദേഹം പ്ലീസ് ഇന്ത്യയെ സമീപിച്ചത്. അവരുടെ നിർദേശപ്രകാരം കേന്ദ്രസർക്കാറിന്റെ മദാദ് പോർട്ടറിൽ പരാതി രജിസ്റ്റർ ചെയ്യുകയും ശേഷം ഇന്ത്യൻ എംബസി സാമൂഹിക ക്ഷേമ വിഭാഗം മേധാവിയുടെ ശ്രദ്ധയിൽ പെടുത്തുകയും കേസിൽ ഇടപെടാനുള്ള അനുമതി പത്രം പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചിയുടെ പേരിൽ നേടിയെടുക്കുകയും ചെയ്തു. രണ്ടു മാസത്തേക്ക് വിൻസെന്റിനു ഒരു ഇസ്തിറാഹയിൽ ജോലി ശരിയാക്കി നൽകി. സ്‌പോൺസറുമായി ബന്ധപ്പെടുന്നതിന് വേണ്ടി വിസ ഏജന്റുമായി സംസാരിച്ചെങ്കിലും വിസക്ക് വേണ്ടി എൺപതിനായിരം രൂപ കൈപ്പറ്റിയ ഏജന്റ് സ്‌പോൺസറെ കാണാൻ അനുവദിച്ചില്ല. ലേബർ കോടതിയിൽ കേസുമായി മുന്നോട്ടു പോയാൽ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം സ്‌പോൺസർഷിപ് മാറ്റാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ എംബസിയുടെ സഹായത്തോടെ ഫൈനൽ എക്‌സിറ്റ് നേടിയെടുക്കുകയും പ്ലീസ് ഇന്ത്യ നൽകിയ ടിക്കറ്റിൽ നാട്ടിലേക് തിരിക്കുകയുമായിരുന്നു. വിൻസെന്റിനെ സഹായിക്കാൻ ലത്തീഫ് തെച്ചിക്കൊപ്പം  എൻജിനിയർ ശ്രീകുമാർ, റഹീസ് വാളാഞ്ചേരി, അൻസിൽ ആറ്റിങ്ങൽ, റോയ് വയനാട്, തോമസ് ശുമൈസി, ഇർഷാദ് കണ്ണൂർ, പ്രജിത്ത് കൊല്ലം, റബീഷ് കോക്കല്ലൂർ, ഷറഫു മണ്ണാർക്കാട് എന്നിവരും ഉണ്ടായിരുന്നു.
 

Tags

Latest News