ബീജിംഗ്- പാക്കിസ്ഥാനില്‍ രൂക്ഷമായ വെട്ടുകിളി ശല്യം നേരിടാന്‍ ഒരുലക്ഷത്തോളം താറാവുകളെ അയക്കാന്‍ ഒരുങ്ങി ചൈന. 20 വര്‍ഷത്തിനിടെ ഏറ്റവും രൂക്ഷമായ വെട്ടുകിളി ശല്യമാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ നേരിടുന്നത്.
വെട്ടുകിളികളെ നേരിടുന്നതിന് പാക്കിസ്ഥാനെ സഹായിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ വിദഗ്ധരെ അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് താറാവ് പട്ടാളത്തെ അയക്കുന്നതെന്ന് നിങ്‌ബോ ഈവനിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
20 വര്‍ഷം മുമ്പ് സിന്‍ജിയാങ് പ്രവിശ്യയില്‍ ഇതേ പ്രശ്‌നം അഭിമുഖീകരിച്ചപ്പോള്‍ താറാവുകളെ വിന്യസിച്ചാണ് ചൈന നേരിട്ടിരുന്നത്. മരുഭൂ വെട്ടുകിളികളെ ഫലപ്രദമായി നേരിടാന്‍ ഇതുവഴി സാധിച്ചിരുന്നു. കീടനാശിനികള്‍ ഉപയോഗിച്ച് പരിസ്ഥിതി നശിപ്പിക്കുന്നതിനേക്കാള്‍ എത്രയോ ഫലപ്രദവും ചെലവു കുറഞ്ഞതുമാണ് താറാവ് പട്ടാളമെന്ന് സിന്‍ജിയാങ് പ്രവിശ്യയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഗ്രിക്കള്‍ചറല്‍ ടെക്‌നോളജി ഗവേഷകന്‍ ലു ലിസ്ഹിയെ ഉദ്ധരിച്ച് പത്രം പറയുന്നു.
കോഴികളേക്കാള്‍ വെട്ടുകിളികളെ തിന്നുതീര്‍ക്കാന്‍ താറാവുകളാണ് ഫലപ്രദമെന്ന് ലു പറഞ്ഞു. കൂട്ടത്തോടെ നിലകൊള്ളുന്ന താറാവുകള്‍ക്ക് കോഴികളേക്കാള്‍ എളുപ്പം കൂട്ടത്തോടെ എത്തുന്ന വെട്ടുകിളികളെ നേരിടാന്‍ കഴിയും. ഒരു ദിവസം ഒരു താറാവിന് 200 വെട്ടുകിളികളെ തിന്നാന്‍ കഴിയും. എന്നാല്‍ കോഴിക്ക് ദിവസം ഭക്ഷിക്കാന്‍ കഴിയുന്ന വെട്ടുകിളികളുടെ എണ്ണം 70 മാത്രമാണ്. കഴിഞ്ഞ വര്‍ഷം വെട്ടുകിളികള്‍ പാക്കിസ്ഥാനില്‍ പരുത്തി, ഗോതമ്പ് വിളകള്‍ക്ക് കനത്ത നാശമാണ് വരുത്തിയിരുന്നത്.






