Sorry, you need to enable JavaScript to visit this website.

ഇടതു സംഘടനാ സമ്മേളനത്തിൽ പങ്കെടുക്കാൻ  എം.ജി സർവകലാശാലാ ജീവനക്കാർക്ക് ഹാജരോടെ അവധി

എം.ജി സർവകലാശാലാ ഉത്തരവിന്റെ പകർപ്പ്.

കോട്ടയം - ഇടതു സംഘടനയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ സർവകലാശാല ജീവനക്കാർക്ക് ഹാജരോടെ അവധി. ജോലി ഒഴിവാക്കി ഇടതു സംഘടനാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് സർവകലാശാല ഉത്തരവിട്ടത്. ഇതോടെ സർവകലാശാലാ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയവർ വലഞ്ഞു.


ഫെബ്രുവരി 18 ന് അസോസിയേഷൻ ജനറൽ സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. അസോസിയേഷൻ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ അസോസിയേഷന്റെ എല്ലാ അംഗങ്ങൾക്കും അനുവാദം നൽകി രജിസ്ട്രാർ ഉത്തരവായിരിക്കുന്നു എന്നാണ് ഉത്തരവിന്റെ തുടക്കത്തിൽ പറയുന്നത്. സമ്മേളനത്തിൽ പങ്കെടുക്കുന്നവർ പതിവു പോലെ രാവിലെയും വൈകുന്നേരവും ഹാജർ രേഖപ്പെടുത്തേണ്ടതാണെന്ന നിർദേശത്തോടെയാണ് ഉത്തരവ് സമാപിക്കുന്നത്. 


ഭരണ വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാർ പ്രേംകുമാർ ആർ ആണ് ഉത്തരവ് ഇറക്കിയത്. വൈസ് ചാൻസലർ, പ്രോ-വൈസ് ചാൻസലർ എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിമാർ, രജിസ്ട്രാർ, പരീക്ഷ കൺട്രോളർമാരുടെ പി.എമാർ തുടങ്ങിയവർക്കും ഉത്തരവിന്റെ പകർപ്പു നൽകിയിട്ടുണ്ട്.
മന്ത്രി കെ.ടി. ജലീലാണ് എം.ജി സർവകലാശാല എംപ്ലോയീസ് അസോസിയേഷൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തത്. എം.ജി സർവകലാശാല മാർക്ക് ദാന വിവാദത്തിലെ അദാലത്തുമായി ബന്ധപ്പെട്ടും ജലീലിന്റെ ഓഫീസിന് നേരെ വിവാദം ഉയർന്നിരുന്നു. 


ഫയൽ നീക്കത്തിലെ കാലതാമസം ഒഴിവാക്കണമെന്നാണ് കെ.ടി. ജലീൽ ഉദ്ഘാടന സമ്മേളനത്തിൽ ആവശ്യപ്പെട്ടത്. സർവകലാശാല വിവാദ ഉത്തരവ് ഇറക്കിയതിന്റെ പശ്ചാത്തലത്തിലുളള ഈ നിർദേശം ഏറെ ചർച്ചയായി. ഡ്യൂട്ടി സമയത്ത് ഉദ്യോഗസ്ഥർ സംഘടനാ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നത് നിയന്ത്രിക്കണമെന്ന നിർദേശങ്ങൾക്കിടെയാണ് സർവകലാശാലയുടെ ഉത്തരവ്. ഇന്ന് സമാപിക്കുന്ന സമ്മേളന പരിപാടിയിൽ പങ്കെടുക്കാൻ രണ്ടു ദിവസവും അനുമതി നൽകുന്ന ഉത്തരവിൽ, ഹാജർ രേഖപ്പെടുത്താനും നിർദ്ദേശമുണ്ട്. വിവാദമായതോടെ അസിസ്റ്റന്റ് രജിസ്ട്രാർ പ്രേംകുമാർ ഇറക്കിയ ഉത്തരവിനെ കുറിച്ച് അറിവില്ലെന്ന് വൈസ് ചാൻസലർ സാബു തോമസ് പ്രതികരിച്ചു.


സമ്മേളനത്തിൽ സർവ്വകലാശാലയിലെ ഭൂരിഭാഗം ജീവനക്കാരും പങ്കെടുത്തു. ഇതോടെ വിവിധ ആവശ്യങ്ങൾക്കായി എത്തിയ വിദ്യാർത്ഥികളാണ് ബുദ്ധിമുട്ടിലായത്. എം.കോം ഉത്തരക്കടലാസുകൾ രഹസ്യ നമ്പർ ഉൾപ്പെടെ സിൻഡിക്കേറ്റ് അംഗത്തിന് കൈമാറാൻ വൈസ് ചാൻസിലർ നിർദേശം നൽകിയത് മുമ്പ് വിവാദമായിരുന്നു. 

 

 

Latest News