Sorry, you need to enable JavaScript to visit this website.

ഉപയോക്താക്കൾക്ക് ശല്യമായ 600 ആപ്പുകൾ ഗൂഗിൾ നീക്കി 

പരസ്യങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചതിന്റെ പേരിൽ പ്ലേ സ്‌റ്റോറിൽനിന്ന് 600 ആപ്ലിക്കേഷനുകൾ ഗൂഗിൾ നീക്കം ചെയ്തു. ഉപയോക്താക്കൾക്ക് തടസ്സം സൃഷ്ടിക്കും വിധം പരസ്യങ്ങൾ നൽകിയതിനെ തുടർന്നാണ് നടപടി. 
അപ്രതീക്ഷിതമായി ഉപയോക്താക്കൾക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെടുന്ന പരസ്യങ്ങളെയാണ് തടസ്സങ്ങളായി കണക്കാക്കുന്നത്. ഫോൺ ഉപയോഗത്തിനിടെ നുഴഞ്ഞുകയറുകയും ഇടക്ക് കയറിവരികയും ചെയ്യുന്നവയായിരിക്കും ഇത്തരം പരസ്യങ്ങൾ. ഉപയോക്താവ് ഫോൺ ചെയ്യാൻ ശ്രമിക്കുമ്പോഴും ഫോൺ അൺലോക്ക് ചെയ്യുമ്പോഴുമെല്ലാം ഈ ആപ്ലിക്കേഷനുകളിൽ പലതും പരസ്യങ്ങൾ കാണിച്ചിരുന്നുവെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. 
മെഷീൻ ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത്തരം പരസ്യങ്ങൾ പ്രദർശിപ്പിക്കുന്ന ആപ്പുകൾ കണ്ടെത്തിയത്. നീക്കം ചെയ്തവയിൽ ഭൂരിഭാഗവും ചൈന, ഹോങ്കോങ്, സിംഗപ്പൂർ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള ആപ്ലിക്കേഷനുകളാണ്. ഇവക്കെല്ലാം കൂടി 450 കോടിയിലധികം ഡൗൺലോഡുകളാണുള്ളത്. 
നീക്കം ചെയ്ത ആപ്പുകളെ 45 എണ്ണം ചൈനയിൽ നിന്നുള്ള ചീറ്റാ മൊബൈൽ എന്ന ഡെവലപ്പർ സ്ഥാപനത്തിന്റേതാണ്. മുമ്പും ചീറ്റാ മൊബൈലിന്റെ ആപ്ലിക്കേഷനുകൾ ഗൂഗിൾ നീക്കം ചെയ്തിരുന്നു.
 

Latest News