Sorry, you need to enable JavaScript to visit this website.

കേരളത്തിൽ ഇ-ചാർജിങ് സ്റ്റേഷനുകൾ വരുന്നു 

കേന്ദ്ര സഹായത്തോടെയുള്ള പദ്ധതി കെ.എസ്.ഇ.ബി നടപ്പാക്കും

വൈദ്യുത വാഹനങ്ങൾക്കായി സംസ്ഥാനത്ത് ഇ-ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു. ഇതിനായി വൈദ്യുതി ബോർഡാണ് മുൻകൈയെടുക്കുന്നത്. കേന്ദ്ര സഹായത്തോടെയാണ് പദ്ധതി. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഇപ്പോൾ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ സ്വീകരിക്കുന്നത്. സംസ്ഥാനത്ത് 70 ഓളം ചാർജിംഗ് സ്റ്റേഷനുകളാണ് ബോർഡ് ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ ആറു സ്റ്റേഷനുകൾ സ്ഥാപിക്കും. ഇത് ബോർഡിന്റെ സ്വന്തമായിരിക്കും. എന്നാൽ രണ്ടാം ഘട്ടത്തിൽ സ്വകാര്യ ഏജൻസികളുമായി സഹകരിച്ചാവും പദ്ധതി. ഇങ്ങനെ 64 ചാർജിങ് സ്റ്റേഷനുകളാണ് സ്ഥാപിക്കുക. വൈദ്യുതി ബോർഡാണ് പദ്ധതിയുടെ നോഡൽ ഏജൻസി. 
20 കിലോവാട്ടിന്റെ ബാറ്ററി ഒരു മണിക്കൂർ ചാർജ് ചെയ്യാൻ 20 യൂനിറ്റ് ആകുമെന്നും യൂനിറ്റിന് അഞ്ചു രൂപ വെച്ച് കണക്കാക്കിയാൽ ഒരു സാധാരണ കാറിന്റെ ബാറ്ററി മുഴുവൻ ചാർജ് ചെയ്യാൻ 100 രൂപയോളം ചെലവു വരുമെന്നാണ് കണക്ക്. ഒരു രൂപക്ക് ചാർജ് ചെയ്താൽ ഒന്നര കിലോമീറ്റർ വാഹനം ഓടിക്കാനാകും. ഇപ്പോൾ നിരത്തിലുള്ള വൈദ്യുത കാറിന്റെ ബാറ്ററി ശേഷി 14 കിലോവാട്ട് അവർ ആണ്. ഒരു തവണ ഫുൾ ചാർജ് ചെയ്താൽ 150 കിലോമീറ്റർ വരെ ഓടിക്കാം.
ആദ്യ ഘട്ടത്തിൽ ഇലക്ട്രിക്കൽ സെക്്ഷൻ, നേമം (തിരുവനന്തപുരം), ഇലക്ട്രിക്കൽ സെക്്ഷൻ ഓലൈ (കൊല്ലം), 110 കെ.വി സബ് സ്റ്റേഷൻ, കലൂർ (എറണാകുളം), 110 കെ.വി സബ് സ്റ്റേഷൻ വിയ്യൂർ (തൃശ്ശൂർ), 220 കെ.വി സബ് സ്റ്റേഷൻ നല്ലളം (കോഴിക്കോട്), 110 കെ.വി സബ് സ്റ്റേഷൻ ചൊവ്വ (കണ്ണൂർ) എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ തുടങ്ങുക. 
1.68 കോടി രൂപയാണ് ഇതിനുള്ള ചെലവ്. സ്വകാര്യ ഏജൻസികളുമായി സഹകരിച്ച് തുടങ്ങുന്ന ചാർജിങ് സ്റ്റേഷനുകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ദേശീയ-സംസ്ഥാന പാതയോരത്തുള്ള കെ.എസ്.ഇ.ബിയുടെ സബ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചായിരിക്കും ഇവ. ഇതിന് താൽപര്യപത്രം ക്ഷണിച്ചതിൽ 17 കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. ഒരു ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളിൽ വൈദ്യുത വാഹനങ്ങൾക്ക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് കേന്ദ്ര നിർദേശം. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
 

Latest News