ന്യൂദല്‍ഹി- പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹരജികളില്‍ തീരുമാനമെടുക്കാതെ സുപ്രിംകോടതി. ഹര്‍ജികളെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണത്തിന് അനുവദിച്ച സമയം അവസാനിച്ചിട്ടും സുപ്രിംകോടതി വീണ്ടും പരിഗണിക്കുകയോ നിലപാടെടുക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആരോപണം. ജനുവരി 22ന് കേസ് പരിഗണിച്ചകോടതി നാലാഴ്ചയാണ് കേന്ദ്രസര്‍ക്കാരിന് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം നല്‍കിയത്. ഈ സമയത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ച കോടതി സിഎഎ കേസുകള്‍ ഹൈക്കോടതികള്‍ പരിഗണിക്കേണ്ടതില്ലെന്നും നിര്‍ദേശിച്ചിരുന്നു.
ഹരജികളില്‍ താത്കാലിക ഉത്തരവുകള്‍ക്കും കോടതിയുടെ മൂന്നംഗബെഞ്ച് വിസമ്മതിച്ചിരുന്നു.ഫെബ്രുവരി 22ന് ശേഷമുള്ള മിസലേനിയസ് അല്ലാത്ത ദിനത്തില്‍ കേസ് പരിഗണിക്കുമെന്നായിരുന്നു കോടതി അറിയിച്ചത്. എന്നാല്‍ ഇന്നും കേസ് പരിഗണനയിലില്ലെന്നാണ് ആരോപണം. സുപ്രിംകോടതിയുടെ പരിഗണനക്ക് വന്ന 140 ല്‍ അറുപത് ഹരജികളിലാണ് കേന്ദ്രസര്‍ക്കാര്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്. ബാക്കിയുള്ളവയില്‍ ഹരജി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു സര്‍ക്കാരിന് വേണ്ടി എജി ആവശ്യപ്പെട്ടിരുന്നത്.






