സൗദിയില്‍ ഉംറ, ടൂറിസ്റ്റ് വിസക്കാർക്ക് താല്‍ക്കാലിക വിലക്ക്; നടപടി കൊറോണ വ്യാപനം തടയാന്‍

റിയാദ്-കൊറോണ വൈറസ് ജാഗ്രതയുടെ ഭാഗമായി വിദേശ രാജ്യങ്ങളില്‍നിന്നുള്ള ഉംറ തീർഥാടകർക്ക് സൗദി അറേബ്യ താല്‍ക്കാലിക വിലക്കേർപ്പെടുത്തി. കൊറോണ വൈറസ് പടരാനുളള സാധ്യത തടഞ്ഞ് പൊതുസുരക്ഷ ഉറപ്പാക്കാനാണ് താല്‍ക്കാലിക നടപടിയെന്ന് വിദേശ കാര്യ വകുപ്പിനെ ഉദ്ധരിച്ച്  സൗദി വാർത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോർട്ട് ചെയ്തു.

മക്കയിലെ ഉംറ ചടങ്ങുകള്‍ക്ക് മുമ്പോ പിമ്പോ മദീനയില്‍ പ്രവാചകന്‍റെ പള്ളി സന്ദർശിക്കുന്നതും നിർത്തിവെച്ചിട്ടുണ്ട്.

കൊറോണ വൈറസ്ബാധ വ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആരോഗ്യ മന്ത്രാലയ അധികൃതർ സ്വീകരിക്കുന്ന വിവിധ മുന്‍കരുതലുകളുടെ ഭാഗമായി വ്യാഴാഴ്ച പുലർച്ചെയാണ് ഉംറ തീർഥാടനം താല്‍ക്കാലകിമായി നിർത്തിവെക്കുന്നതായി അറിയിച്ചത്.


സൗദി വാർത്തകൾക്കായി ഇവിടെ ക്ലിക് ചെയത് ജോയിൻ ചെയ്യുക


കൊറോണ വൈറസ് പരക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്ന രാജ്യക്കാരെ ടൂറിസ്റ്റ് വിസയിലും സൗദിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. സൗദി പൗരന്മാർക്കും ജിസസി രാഷ്ട്രങ്ങളിലെ പൗരന്മാർക്കും തങ്ങളുടെ തിരിച്ചറിയല്‍ കാർഡ് ഉപയോഗിച്ച് രാജ്യത്തിനു പുറത്തേക്ക് പോകാനോ രാജ്യത്തേക്ക് വരാനോ തല്‍ക്കാലം കഴിയില്ല. ഇപ്പോള്‍ രാജ്യത്തുള്ള ജിസിസി പൗരന്മാരെ സ്വദേശങ്ങളിലേക്ക് മടങ്ങാനും വിദേശങ്ങളിലുള്ള സ്വദേശികളെ രാജ്യത്തേക്ക് മടങ്ങാനും അനുവദിക്കും.

പ്രവേശനകവാടങ്ങളിലും എയർപോർട്ടുകളിലും ഏതൊക്കെ രാജ്യങ്ങള്‍ സൗദിയില്‍ എത്തുന്നതിനു മുമ്പ് സന്ദർശിച്ചിട്ടുണ്ടെന്ന് പരിശോധിച്ച് ആവശ്യമായ നടപടികള്‍ ആരോഗ്യ വകുപ്പ് അധികൃതർ സ്വീകരിക്കും. ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ താല്‍ക്കാലികമാണെന്നും സ്ഥിതിഗതികള്‍ ആരോഗ്യ വകുപ്പ് സൂക്ഷ്മമയാ വിലയിരുത്തുമെന്നും അധികൃതർ അറിയിച്ചു.

കൊറോണ വൈറസ് വ്യാപനം തടയാനുള്ള അന്തരാഷ്ട്ര ശ്രമങ്ങളുമായി സൗദി അറേബ്യ എല്ലാ നിലക്കും സഹകരിക്കുകയും സഹായിക്കുകയും ചെയ്യും. കൊറോണ വൈറസ് പടർന്നിരിക്കുന്ന രാജ്യങ്ങള്‍ തല്‍ക്കാലം സന്ദർശിക്കരുതെന്ന് വിദേശ മന്ത്രാലയം അഭ്യർഥിച്ചു.

വർഷം 70 ലക്ഷം ഉംറ തീർഥാടകരമാണ് ജിദ്ദ, മദീന എയർപോർട്ടുകള്‍ വഴി സൗദിയില്‍ എത്തുന്നത്. ബഹ്റൈനിലും കുവൈത്തിലുമായി കഴിഞ്ഞ ദിവസങ്ങളില്‍ ഏഴ് സൗദി പൗരന്മാർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു.

 

 

Latest News