Sorry, you need to enable JavaScript to visit this website.

ആഭ്യന്തര സർവീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനങ്ങളിൽ സ്വർണക്കടത്ത് വർധിച്ചു

  • സ്വർണം ഒളിപ്പിക്കാൻ വിമാന ജോലിക്കാരുടെ സഹായം

നെടുമ്പാശ്ശേരി- ആഭ്യന്തര സർവീസുകളാകുന്ന അന്താരാഷ്ട്ര വിമാനങ്ങളിൽ സ്വർണ കള്ളക്കടത്ത് എളുപ്പമാകുന്നു. വൻതോതിൽ സ്വർണം കൊണ്ടുവരുന്നത് ഇത്തരം വിമാനങ്ങളിലാണ്. പ്രതിയെ പിടിക്കുവാൻ എളുപ്പമല്ലെന്നതാണ് ഇത്തരം കള്ളക്കടത്തിന്റെ സവിശേഷത. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2019 ഡിസംബർ 12 മുതൽ 2020 ഫെബ്രുവരി 22 വരെയുള്ള കാലയളവിൽ മാത്രം ഈ വിധത്തിൽ കൊണ്ടുവന്ന 7.5 കിലോ സ്വർണം പിടിച്ചു. 

ദുബായിൽനിന്ന് കൊച്ചി വരെ അന്താരാഷ്ട്ര ഫ്‌ളൈറ്റായി വന്ന് കൊച്ചിയിൽനിന്ന് ആഭ്യന്തര സർവീസായി ചെന്നൈയിലേയ്ക്ക് പോകുന്ന സ്‌പൈസ്‌ജെറ്റ് എയർലൈൻസ് വിമാനത്തിനകത്തുനിന്ന്  ഉടമസ്ഥനില്ലാത്ത നിലയിലാണ് സ്വർണം കണ്ടെടുത്തത്. കൊച്ചിയിലെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗം രഹസ്യ സന്ദേശം ലഭിച്ചതനുസരിച്ച് ഇവിടെ വന്ന് വന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം പിടിക്കാൻ കഴിഞ്ഞത്.

ഡിസംബർ 12ന് കൊച്ചിയിലേയ്ക്കുള്ള അന്താരാഷ്ട്ര യാത്രക്കാർ ഇറങ്ങിക്കഴിഞ്ഞപ്പോൾ നടത്തിയ പരിശോധനയിൽ വിമാനത്തിലെ  ലൈഫ് ജാക്കറ്റിനകത്ത് 20 സ്വർണ ബിസ്‌ക്കറ്റുകൾ ഡിആർഐ വിഭാഗം കണ്ടെത്തി . 2.8 കിലോഗ്രാം തൂക്കമുള്ള ഇതിന് 90 ലക്ഷം രൂപ വിലയുണ്ട്. കൊച്ചിയിൽനിന്ന് ചെന്നൈയിലേക്ക് പോകുവാൻ കയറുന്ന ആഭ്യന്തര യാത്രക്കാരന് ഈ സ്വർണം യാതൊരു പരിശോധനയും കൂടാതെ ചെന്നൈ വിമാനത്താവളം വഴി പുറത്തേക്ക് കൊണ്ടു പോകുവാൻ കഴിയും. ഈ രീതിയിൽ വൻതോതിൽ സ്വർണകള്ളക്കടത്ത് നടക്കുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ ഒത്താശ ഇല്ലാതെ ഇത്തരം കള്ളക്കടത്ത് നടക്കില്ലെന്നാണ് നിഗമനം. ഡിസംബർ 18 ന് 1.972 കിലോഗ്രാം സ്വർണം ഈ വിധത്തിൽ വിമാനത്തിന്റെ ടോയ്‌ലെറ്റിനകത്ത് ഒളിപ്പിച്ചിരുന്നു. 


നെടുമ്പാശ്ശേരിയിൽ നിന്നും കയറിയ ആഭ്യന്തര യാത്രക്കാരിയായ മുംബൈ സ്വദേശിനി  സ്വാനം ലക്ഷ്മണൻ ഈ സ്വർണം എടുത്ത് ടോയ്‌ലെറ്റിൽ വെച്ച് തന്നെ അരയിൽ കെട്ടി ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ സി ഐ എസ് എഫ് ഉദ്യോഗസ്ഥർ നൽകിയ സന്ദേശം അനുസരിച്ചാണ് ഡിആർഐ  പിടികൂടിയത്. ഫെബ്രുവരി 22 ന് 1.15 കോടി വിലവരുന്ന 2.75 കിലോഗ്രാം സ്വർണമാണ് ടോയ്‌ലെറ്റിൽ ഉപേക്ഷിച്ച നിലയിൽ ഡിആർഐ പിടിച്ചത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു വരുന്നു.
സ്വർണക്കടത്ത് ലോബികൾ വളരെ ആസൂത്രിതമായി നടത്തുന്ന നീക്കങ്ങളാണ് ഇതിന്റെ പിന്നിലുള്ളത്. 


ഗൾഫിൽ നിന്നും കൊണ്ടുവരുന്ന സ്വർണം വിമാനത്തിൽ ഒളിപ്പിക്കുന്ന സ്ഥലം  സംബന്ധിച്ച് കൊച്ചിയിൽനിന്ന് കയറുന്ന യാത്രക്കാരന് മുൻകൂട്ടി വിവരം ലഭിച്ചിരിക്കും. കൊച്ചിയിൽ നിന്നും കയറുന്നതും ഇറങ്ങുന്നതും ആഭ്യന്തര യത്രക്കാരനായതു കൊണ്ട് കസ്റ്റംസ് , എമിഗ്രേഷൻ പരിശോധനകൾക്ക് വിധേയമാകേണ്ടതില്ല. വൻതോതിലുള്ള സ്വർണ ക്കടത്താണ് ഈ വിധത്തിൽ നടക്കുന്നത്. വിമാനത്തിൽ സ്വർണം വെച്ച് യാത്രക്കാരൻ ഇറങ്ങിപ്പോകുന്നതിലും പുതിയതായി കയറുന്ന മറ്റൊരു യാത്രക്കാരൻ എടുത്തു കൊണ്ടു പോകുന്നതിലും വിമാന ജീവനക്കാരുടെ പങ്കില്ലെന്ന് വിശ്വസിക്കാനാവില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു.  

Latest News