Sorry, you need to enable JavaScript to visit this website.

സിനിമയെ വെല്ലുന്ന തിരക്കഥയിൽ കവർച്ച;  പരാതിക്കാരനും സഹായികളും കുടുങ്ങി

തലശ്ശേരി - നിർത്തിയിട്ട കാറിന്റെ ചില്ല് തകർത്ത് പണം കവർന്ന കേസിൽ പരാതിക്കാരനും സഹായികളും അറസ്റ്റിൽ. നാദാപുരം തൂണേരിയിലെ എടാടി വീട്ടിൽ ഫസൽ (28), തൂണേരി മുടവന്തേരിയിലെ വരക്കണ്ടി താഴെക്കുനിയിൽ വീട്ടിൽ അർജുൻ (23), തൂണേരി സ്വദേശി താഴെക്കുനിയിൽ വീട്ടിൽ രജിത്ത് (25) എന്നിവരെയാണ് തലശ്ശേരി ഡിവൈ.എസ്.പി കെ.വി വേണുഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച 3 മണിയോടെ നഗരത്തിലെ പാലിശ്ശേരിയിൽ വെച്ചാണ് കാറിൽ സൂക്ഷിച്ച പണം ചില്ല് തകർത്ത് ആസൂത്രിതമായി അടിച്ചുമാറ്റിയത്. 
 സിനിമയെ വെല്ലുന്ന തിരക്കഥയാണ് കവർച്ചയുടെ മുഖ്യ സൂത്രധാരനായ ഫസൽ ഒരുക്കിയത്. ഇത് മണിക്കൂറുകൾക്കകം പോലീസ് പൊളിച്ചടുക്കി. കാറിൽ സൂക്ഷിച്ച 22 ലക്ഷം രൂപ കാറിന്റെ ചില്ല് തകർത്ത് കവർന്നു എന്ന പരാതിയുമായി ഫസൽ പോലീസിനെ സമീപിച്ചു. പരാതി ലഭിച്ച് നിമിഷങ്ങൾക്കകം ഡിവൈ.എസ്.പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. 


നിരീക്ഷണ ക്യാമറകൾ ഇല്ലാത്ത ഈ ഭാഗം കവർച്ചക്കായി തെരഞ്ഞെടുത്തതാണ് പോലീസിന് സംശയം തോന്നിയത്. തുടർന്ന് ഡിവൈ.എസ്.പിയുടെ കൺട്രോൾ റൂമിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ അവ്യക്തമായ ദൃശ്യത്തിന്റെ ചുവട് പിടിച്ച് നടത്തിയ സമർഥമായ അന്വേഷണമാണ് ദിവസങ്ങൾക്കുള്ളിൽ പ്രതികളെ പിടികൂടാൻ സാധിച്ചത്. നിരീക്ഷണ ക്യാമറയിലെ ദൃശ്യം ഭൂതക്കണ്ണാടി വെച്ച് പരിശോധിച്ചപ്പോൾ ഒരാൾ ധൃതിയിൽ എത്തി ബൈക്കോടിച്ച് പോകുന്നത് കണ്ടു. ഈ ബജാജ് പൾസർ ബൈക്കിൽ 'വിനായക' എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധയിൽപെട്ട അന്വേഷണ സംഘം ഈ തുമ്പ് പിടിച്ച് നൂറുകണക്കിന് നിരീക്ഷണ ക്യാമറകൾ പരിശോധിക്കുകയും പ്രതികളെ തിരിച്ചറിയുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.


വടകര സ്വദേശിയായ സൽമാൻ എന്നയാളുടെ വിശ്വസ്തനായിരുന്നു സൂത്രധാരനായ ഫസൽ. കാർഗോ ഉൾപ്പെടെ നിരവധി ബിസിനസുകൾ ഉള്ള സൽമാൻ 19 ലക്ഷം രൂപ മട്ടന്നൂരിലെ ഒരാൾക്ക് നൽകാൻ ദിവസങ്ങൾക്ക് മുമ്പ് തന്നെ ഫസലിനെ ഏൽപിച്ചിരുന്നു. കവർച്ച നടന്ന ദിവസം ഫസൽ ഈ പണത്തിൽ നിന്നും ഒന്നര ലക്ഷം രൂപ കവറിലാക്കി കാറിന്റെ സീറ്റിനടിയിൽ സൂക്ഷിക്കുകയും 10 ലക്ഷം രൂപ കയ്യിൽ കരുതുകയും ചെയ്തു. ബാക്കി പണം വീട്ടിൽ സൂക്ഷിക്കുകയും ചെയ്തു. 


തുടർന്ന് നേരത്തെ തയാറാക്കിയ പദ്ധതി പ്രകാരം കൂട്ടുപ്രതികൾക്ക് വിവരം കൈമാറി ഡ്രൈവറെയും കൂട്ടി മട്ടന്നൂരിലേക്ക് വരികയായിരുന്നു. ഇതിനിടയിൽ ഫോണിൽ ബന്ധപ്പെടരുതെന്ന് കൂട്ടുപ്രതികളോട് നേരത്തെ പറഞ്ഞ് ഉറപ്പിച്ചിരുന്നു. കൃത്യമായ പദ്ധതിയോടെ ഹോട്ടലിനു മുന്നിൽ കാർ നിർത്തുകയും ഫസലും ഡ്രൈവറും ഹോട്ടലിലേക്ക് കയറിയപ്പോൾ നേരത്തെ സ്ഥലത്ത് എത്തിയിരുന്ന രജിത്ത് കാറിന്റെ ചില്ല് തകർത്ത് പണം കവർന്ന് ബൈക്കിൽ അർജുനോടൊപ്പം രക്ഷപ്പെടുകയായിരുന്നു. പിന്നീട് കാറിനടുത്തെത്തിയ ഫസൽ  കാറിന്റെ ചില്ല് തകർത്തത് കണ്ട് മുതലാളിയായ സൽമാനെ ഫോണിൽ വിളിച്ച് കാറിന്റെ ചില്ല് തകർത്ത് പണം കവർന്നിട്ടുണ്ടെന്നും എന്നാൽ രണ്ട് കെട്ടുകളാക്കിയാണ് പണം സൂക്ഷിച്ചത് എന്ന് പറഞ്ഞ് നേരത്തെ കയ്യിൽ കരുതിയിരുന്ന 10 ലക്ഷം രൂപ ഡ്രൈവറുടെ കൈവശം നൽകി മുതലാളിക്ക് കൊടുത്തയക്കുകയുമായിരുന്നു. വിശ്വസ്തനും സത്യസന്ധനുമെന്ന് കാണിക്കാൻ ഫസൽ നടത്തിയ നാടകമായിരുന്നു ഇത്. എന്നാൽ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ എല്ലാം തുറന്ന് പറയുകയായിരുന്നു. 


 

Latest News