Sorry, you need to enable JavaScript to visit this website.

ദല്‍ഹിയിലേത് വര്‍ഗീയ കലാപമല്ല, മാനസികവിഭ്രാന്തി മൂലമുള്ള സംഘര്‍ഷം:ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍

ബംഗളുരു-ദല്‍ഹിയില്‍ നടക്കുന്ന കലാപം വര്‍ഗീയതയല്ല മാനസിക വിഭ്രാന്തിയാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ എച്ച് എല്‍ ദത്ത്. ആളുകള്‍ പരസ്പരം വെറുത്ത് ഉണ്ടായ പ്രശ്‌നമാണെന്ന് പറയാന്‍ സാധിക്കില്ല. ജനാധിപത്യരാജ്യത്ത് ചില വ്യതിയാനങ്ങളൊക്കെ സംഭവിക്കും. വിയോജിപ്പികളും ഉണ്ടാകാം. ഇതൊരു മാനസിക വിഭ്രാന്തിയാണെന്ന് അദേഹം പറഞ്ഞു.അതേസമയം പോലിസിന്റെയോ സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്ന് മനുഷ്യാവകാശ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഇടപെടുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

കഴിഞ്ഞ നാലു ദിവസമായി വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ അനുകൂലികളുടെ നേതൃത്വത്തില്‍ നടക്കുന്ന അക്രമപരമ്പരകളില്‍ ഇരുപത് പേരാണ് കൊല്ലപ്പെട്ടത്. കലാപങ്ങളില്‍ മുസ്ലിംങ്ങളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ക്കുകയും മുസ്ലിംങ്ങളെ തെരഞ്ഞ് പിടിച്ച് അക്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ദല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്നത് വര്‍ഗീയ കലാപമാണെന്ന് പല കോണില്‍ നിന്നും വിമര്‍ശനം ഉയരുന്നതിനിടെയാണ് സംഭവം വെറും മാനസിക വിഭ്രാന്തിമൂലം ചിലര്‍ ചെയ്യുന്ന അതിക്രമമാണെന്ന് ദേശീയമനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പറയുന്നത്.

Latest News