Sorry, you need to enable JavaScript to visit this website.

ലൊക്കേഷനിലെ സുരക്ഷ ഉറപ്പുവരുത്തിയാൽ മാത്രം ഇന്ത്യൻ-2 ഷൂട്ടിംഗ് -കമൽഹാസൻ

ചെന്നൈ- ലൊക്കേഷനിൽ സുരക്ഷ ഉറപ്പു വരുത്തിയാൽ ഷൂട്ടിംഗ് പുനരാരംഭിക്കാമെന്ന് കമൽ ഹാസൻ. ലൈക്ക പ്രൊഡക്ഷൻസ് സ്ഥാപകനും ചെയർമാനുമായ സുഭാസ്‌കരൻ ആലിരാജക്ക് അയച്ച കത്തിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.
അപകടത്തിൽനിന്ന് തലനാരിഴക്കാണ് താൻ രക്ഷപ്പെട്ടതെന്ന് കമൽ കത്തിൽ പറയുന്നു. അപകടമുണ്ടാക്കിയ ക്രെയിൻ തകർന്നുവീഴുന്നതിന് ഏതാനും മീറ്റർ അകലെയാണ് താൻ നിന്നിരുന്നത്. അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. എനിക്കുണ്ടായ മാനസികാഘാതവും വിഷമവും പറയാൻ വാക്കുകളില്ലെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ ആവശ്യങ്ങൾ അംഗീകരിക്കാതെ ഇന്ത്യൻ 2- ന്റെ സെറ്റിലേക്ക് തിരിച്ചെത്തുകയില്ലെന്ന് കമൽ പറഞ്ഞു. ഷൂട്ടിംഗ് നടക്കുന്ന സ്ഥലങ്ങളിൽ സുരക്ഷാ ഓഡിറ്റ് നടത്തുകയും സംഘത്തിലെ എല്ലാ അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏതൊരു ഷൂട്ടിംഗും ആരംഭിക്കുന്നതിന് മുമ്പ് എല്ലാ സുരക്ഷാ ചട്ടങ്ങളും ഉറപ്പുവരുത്തണം. അത്തരം നടപടികളിലൂടെ മാത്രമേ പ്രൊഡക്ഷൻ സംഘത്തിന് സുരക്ഷാ ആവശ്യങ്ങൾ പാലിക്കുന്നുവെന്ന് കാണിക്കാനും ഷൂട്ടിംഗിന് തിരിച്ചെത്താൻ താനടക്കമുള്ള താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരാനും കഴിയൂവെന്നും അദ്ദേഹം കത്തിൽ പറയുന്നു.
ഫെബ്രുവരി 19 ന് നടന്ന അപകടത്തിൽ മൂന്ന് പേർ മരിച്ചിരുന്നു. കോടികളുടെ ബജറ്റിൽ സിനിമ ഒരുക്കുകയും വലിയ ബോക്‌സ് ഓഫീസ് കളക്ഷൻ ലഭിക്കുകയും ചെയ്യുന്ന സിനിമകൾ നിർമിക്കുന്ന വ്യവസായത്തിൽ അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്താൻ കഴിയാത്തതിനെ കമൽഹാസൻ വിമർശിച്ചിരുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം ഒരു കോടി രൂപ നൽകി.

Tags

Latest News