Sorry, you need to enable JavaScript to visit this website.

ഹിന്ദുവാണോ, താന്‍ രക്ഷപ്പെട്ടു, സ്ഥലംവിട്ടോ... ദല്‍ഹിയിലെ അനുഭവം കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍

ന്യൂദല്‍ഹി- ഹിന്ദുവാണെന്ന് പ്രഖ്യാപിക്കാത്ത ആര്‍ക്കും രക്ഷയില്ലാത്ത ദിനങ്ങളാണ് ദല്‍ഹിയില്‍. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍പോലും ഇതില്‍നിന്ന് വിമുക്തമായില്ല. എന്‍.ഡി.ടി.വി അടക്കമുള്ള ചാനലുകളുടെ ജീവനക്കാര്‍ ആക്രമിക്കപ്പെട്ടു. ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫറെ മുസ്‌ലിം അല്ലെന്ന് ഉറപ്പിക്കാന്‍ പാന്റ് അഴിപ്പിക്കാന്‍ നോക്കി. രുദ്രാക്ഷമാല കാണിച്ചാണ് മറ്റൊരാള്‍ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടത്.
ഇന്ത്യന്‍ എക്‌സ്പ്രസ് മാധ്യമപ്രവര്‍ത്തകന്‍ ശിവ്‌നാരായണ്‍ രാജ്പുരോഹിതിനുമുണ്ടായി സമാന അനുഭവം. അദ്ദേഹം പത്രത്തിലെഴുതിയ കുറിപ്പ് ദല്‍ഹിയിലെ ഭീകരത വ്യക്തമാക്കുന്നതാണ്:

'ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അത്. വടക്കുകിഴക്കന്‍ ദല്‍ഹിയിലെ പടിഞ്ഞാറന്‍ കാരവാല്‍ നഗറിലെ ഒരു റോഡിന് നടുവില്‍ മിഠായികളും ഫര്‍ണിച്ചറുകളും തീയില്‍ എരിയുന്ന ഒരു ബേക്കറി ഷോപ്പിന് മുന്നില്‍ അതിന്റെ ഫോണ്‍ നമ്പര്‍ കുറിച്ചെടുക്കാനായി ഞാന്‍ നിന്നു.
നാല്‍പ്പതോ അതിന് മുകളിലോ പ്രായമുള്ള ഒരാള്‍ ഒരാള്‍ എന്റെ അടുത്തേക്ക് വന്ന് ചോദിച്ചു: നിങ്ങള്‍ ആരാണ്? ഇവിടെ എന്തു ചെയ്യുന്നു?ഒരു പത്രപ്രവര്‍ത്തകനാണെന്ന് ഞാന്‍ സ്വയം പരിചയപ്പെടുത്തി. നിങ്ങളുടെ നോട്ട്ബുക്ക് തരൂ. നിരവധി ഫോണ്‍ നമ്പറുകളും പ്രദേശത്തെക്കുറിച്ചുള്ള എന്റെ നിരീക്ഷണവും ഒഴികെ അയാള്‍ക്ക് സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. നിങ്ങള്‍ക്ക് ഇവിടെനിന്ന് റിപ്പോര്‍ട്ടുചെയ്യാന്‍ കഴിയില്ല, അദ്ദേഹം ഭീഷണിപ്പെടുത്തി ബേക്കറി ഇനങ്ങളുടെ കത്തുന്ന കൂമ്പാരത്തിലേക്ക് എന്റെ നോട്ട്ബുക്ക് എടുത്തെറിഞ്ഞു.

ഇതിനിടയില്‍, അമ്പതോളം ആളുകളുടെ ഒരു സംഘം എന്നെ വളഞ്ഞു, എന്റെ ഫോണ്‍ പരിശോധിക്കണമെന്ന് അവര്‍ അലറി. കാരണം ഞാന്‍ അക്രമത്തിന്റെ ഫോട്ടോകള്‍ പകര്‍ത്തുന്നുണ്ടെന്ന് അവര്‍ സംശയിച്ചു. എന്റെ ഫോണിലെ സമീപകാല ചിത്രങ്ങളെല്ലാം അവര്‍ നോക്കി. അക്രമത്തിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ അവര്‍ക്കതില്‍ കണ്ടെത്താനായില്ല. എന്നാല്‍ ഫോണ്‍ എനിക്ക് തിരികെ നല്‍കുന്നതിനുമുമ്പ് അവര്‍ അതിലെ എല്ലാ ചിത്രങ്ങളും വീഡിയോകളും നീക്കം ചെയ്തു. നിങ്ങള്‍ എന്തിനാണ് ഇവിടെ വന്നത്?നിങ്ങള്‍ ജെ.എന്‍.യുവില്‍ നിന്നാണോ? ജീവനില്‍ കൊതിയുണ്ടെങ്കില്‍ അവിടെനിന്ന് പോകാന്‍ എന്നോട് ആവശ്യപ്പെടുന്നതിന് മുമ്പായി അവര്‍ എന്നോട് ഈ ചോദ്യങ്ങള്‍ ചോദിച്ചു. ഞാന്‍ നേരിടാന്‍ പോകുന്നതിന്റെ മുന്നോടിയായുള്ള ചിലത് മാത്രമായിരുന്നു അത്.

സ്ഥലത്ത്‌നിന്ന് 200 മീറ്റര്‍ അകലെയുള്ള ഒരു തെരുവില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന എന്റെ ബൈക്കിനടുത്തേക്ക് ഞാന്‍ പോവുകയായിരുന്നു.
എന്റെ ബൈക്ക് പാര്‍ക്ക് ചെയ്തിരുന്ന ഇടവഴിയിലേക്ക് പ്രവേശിക്കുമ്പോള്‍, ലാത്തികളും വടികളും ഇരുമ്പ് ദണ്ഡുകളുമായി വന്ന മറ്റൊരു സംഘം എന്നെ തടഞ്ഞു. വീണ്ടും ഞാന്‍ അക്രമങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയതായി അവര്‍ പറഞ്ഞു. മുഖം മൂടിയ ഒരു യുവാവ് എന്നോട് എന്റെ ഫോണ്‍ തരാന്‍ പറഞ്ഞു. എന്നാല്‍ അത് നല്‍കാന്‍ വിമുഖത കാട്ടിയ ഞാന്‍, എല്ലാ ഫോട്ടോകളും നീക്കം ചെയ്തതായി അവനോട് പറഞ്ഞു. അവന്‍ വീണ്ടും അലറി: ഫോണ്‍ തരൂ. അയാള്‍ എന്റെ പുറകിലേക്ക് വന്ന് തുടയില്‍ ഒരു വടിവച്ച് തട്ടി. ഇത് ഒരു നിമിഷം എന്നെ അസ്ഥിരനാക്കി. ചില വിവേകത്തിന്റെ ശബ്ദങ്ങള്‍ എന്റെ തലയില്‍ മുഴങ്ങി: നിങ്ങള്‍ക്ക് കൂടുതല്‍ വിലയേറിയത് എന്താണ്: നിങ്ങളുടെ ഫോണോ ജീവനോ?ഞാന്‍ അവര്‍ക്ക് ഫോണ്‍ നല്‍കി. അവര്‍ ആഹ്ലാദിക്കുകയും യുവാക്കള്‍ ജനക്കൂട്ടത്തിലേക്ക് അപ്രത്യക്ഷമാവുകയും ചെയ്തു.

മറ്റൊരു ജനക്കൂട്ടം എന്നെ പിന്തുടരുന്നതുവരെ ഞാന്‍ രക്ഷപ്പെട്ടു. അമ്പത് വയസിന് മുകളില്‍ പ്രായമുള്ള ഒരു മനുഷ്യന്‍ എന്റെ കണ്ണട മുഖത്ത് നിന്നെടുക്കുകയും അത് താഴെയിട്ട് ചവിട്ടിപ്പൊട്ടിക്കുകയും ചെയ്തു. ഒരു ഹിന്ദു ആധിപത്യമുള്ള പ്രദേശത്ത്‌നിന്ന് റിപ്പോര്‍ട്ട് ചെയ്തതിന് എന്നെ രണ്ടു തവണ അടിക്കുകയും ചെയ്തു. അവര്‍ എന്റെ പ്രസ് കാര്‍ഡ് പരിശോധിച്ചു. ശിവ്‌നാരായണ്‍ രാജ്പുരോഹിത്, ഉം. ഹിന്ദുവാണോ? രക്ഷപ്പെട്ടു. പക്ഷെ അവര്‍ക്ക് അത് പോരായിരുന്നു. ഞാന്‍ ഒരു യഥാര്‍ത്ഥ ഹിന്ദുവാണോ എന്നതിന് കൂടുതല്‍ തെളിവ് അവര്‍ ആഗ്രഹിച്ചു. ബോലോ ജയ് ശ്രീ റാം. ഞാന്‍ നിശബ്ദനായി.
ജീവന്‍ വേണമെങ്കില്‍ ഓടിപ്പോകാന്‍ അവര്‍ എന്നോട് ആജ്ഞാപിച്ചു. മറ്റൊരു കൂട്ടം ആളുകള്‍കൂടി നിന്നെ തേടി വരുന്നുണ്ട്, അവരില്‍ ഒരാള്‍ പറഞ്ഞു. വിറച്ചുകൊണ്ട് ഞാനെന്റെ ബൈക്ക് എടുത്തു. താക്കോലിനായി ഞാന്‍ വെപ്രാളത്തോടെ എന്റെ ബാഗില്‍ തിരഞ്ഞു. പെട്ടെന്നാകട്ടെ. അവരുടെ കൈയില്‍ കിട്ടിയാല്‍ വെറുതെ വിടില്ല, കൂട്ടത്തില്‍ ഒരാള്‍ എന്നോട് പറഞ്ഞു. ഒടുവില്‍ ഞാന്‍ ബൈക്കിന്റെ താക്കോല്‍ കണ്ടെത്തി. അതിവേഗത്തില്‍ യാതൊരു പരിചയവുമില്ലാത്ത ഇടവഴികളിലൂടെ വണ്ടിയോടിച്ച് സുരക്ഷിതമായി പുഷ്ത റോഡിലെത്തി.'

 

 

Latest News