Sorry, you need to enable JavaScript to visit this website.

അയളെ പൂട്ടിയിരുന്നെങ്കില്‍ ഇത്ര വലിയ വിലനല്‍കേണ്ടി വരില്ലായിരുന്നു

പൗരത്വ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവരെ ലക്ഷ്യമിട്ട് ദല്‍ഹിയില്‍ ആരംഭിച്ച കലാപത്തിനു തുടക്കമിട്ടത് ബി.ജെ.പിയുടെ പ്രാദേശിക നേതാവും മുന്‍ എം.എല്‍.എയുമായ കപില്‍ മിശ്രയാണെന്ന് അറിയാത്തവരില്ല. അത്രയും പ്രകോപനപരമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗവും അദ്ദേഹം തന്നെ നടത്തിയ ട്വീറ്റുകളും. മറ്റൊരു ഷഹീന്‍ബാഗ് ഇല്ലാതിരിക്കാന്‍ തെരവിലിറങ്ങാനാണ് കപില്‍ മിശ്ര ആഹ്വാനം ചെയ്തിരുന്നത്.
സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതും ഇക്കാര്യമായിരുന്നു. പ്രകോപന പ്രസംഗങ്ങള്‍ നടത്തി കലാപത്തിനു പ്രേരിപ്പിച്ചവരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നാണ് സുപ്രീം കോടതി ജസ്റ്റിസ് കെ.എം. ജോസഫ് കേന്ദ്ര സര്‍ക്കാരിന്റെ സോളിസ്റ്റര്‍ ജനറലിനോട് പറഞ്ഞത്.
നരേന്ദ്ര മോഡി മുഖ്യമന്ത്രി പദവിയിലിരിക്കെ ഗുജറാത്തില്‍ നടന്ന ആസൂത്രിത വംശഹത്യയുടെ രണ്ടാം പതിപ്പാണ് മൂന്ന് ദിവസമായി ദല്‍ഹിയില്‍ അരങ്ങേറിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വടക്കുകിഴക്കന്‍ ദല്‍ഹിയിലെ ജാഫറാബാദില്‍ ഷഹീന്‍ബാഗ് മാതൃകയില്‍ പൗരത്വനിയമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ പ്രക്ഷോഭത്തിനിറങ്ങിയപ്പോള്‍ കപില്‍ മിശ്ര ആക്രമണാഹ്വാനം മുഴക്കിയപ്പോള്‍ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവര്‍ എന്ന ബാനറില്‍ സംഘ്പരിവാര്‍ സംഘം രംഗത്തുവന്ന് പ്രക്ഷോഭകരുടെ നേരെ കല്ലേറ് ആരംഭിക്കുകയായിരുന്നു.
ട്രക്കുകളില്‍ കല്ലുകള്‍ കൊണ്ടുവന്നിറക്കിയതു കാണിക്കുന്ന വീഡിയോകള്‍ ആക്രമണം നേരത്തെ തന്നെ ആസൂത്രണം ചെയ്തതാണെന്നതിനു തെളിവാണ്.  ദല്‍ഹി പോലീസ് കേവലം കാഴ്ചക്കാരായി മാറിനില്‍ക്കെ അക്രമിസംഘങ്ങള്‍ കല്ലേറും കൊള്ളയും കൊള്ളിവെപ്പും നിര്‍ബാധം തുടരുകയായിരുന്നു.
പോലീസിന്റെ കണ്‍മുന്നില്‍ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അതു വ്യാജവാര്‍ത്തകളാണെന്ന പ്രസ്താവനകളിറക്കുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്തത്. ആരധാനാലയത്തില്‍ അതിക്രമിച്ച് കടന്ന് ഹനുമാന്‍ പതാക ഉയര്‍ത്തിയെന്ന വീഡിയോ പുറത്തുവിട്ടത് പ്രശസ്ത മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബായിരുന്നു. പോലീസ് എതിര്‍ പ്രസ്താവനയുമായി രംഗത്തുവന്നപ്പോള്‍ അവര്‍ ഒന്നു കൂടി വസ്തുതകള്‍ സ്ഥിരീകരിച്ച് വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തു.   

പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ പട്ടിക പുതുക്കല്‍ നടപടികള്‍ക്കുമെതിരെ പരിഭ്രാന്തരായ ജനങ്ങള്‍ പൊതുവെയും ന്യൂനപക്ഷ,ദളിത് വിഭാഗങ്ങള്‍ വിശേഷിച്ചും  സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കും രണോത്സുകരായ സംഘ്പരിവാര്‍ അടങ്ങിയിരിക്കുമെന്ന് പ്രതീക്ഷിച്ചതല്ല.
മതനിരപേക്ഷ ജനാധിപത്യ പാര്‍ട്ടികള്‍ എന്നവകാശപ്പെടുന്നവര്‍ ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ പലതും കേന്ദ്രവുമായുള്ള ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നുമില്ല. ഏറ്റവുമൊടുവില്‍ ദല്‍ഹി സംസ്ഥാന ഭരണം വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും പിടിച്ചെടുത്ത ആം ആദ്മി പാര്‍ട്ടി അരവിന്ദ് കെജ്‌രിവാള്‍  കീഴടങ്ങല്‍ മനസ്ഥിതിയിലാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
തലസ്ഥാന നഗരി വര്‍ഗീയാഗ്‌നിയില്‍ നിശ്ശേഷം കത്തിച്ചാമ്പലാവുന്നതിനു മുമ്പ് നീതിപീഠങ്ങള്‍ ഉണര്‍ന്നിരിക്കുന്നുവെന്നത് പ്രതീക്ഷക്ക് വകനല്‍കുന്നു. വലിയ ഫലങ്ങള്‍ ഉണ്ടായില്ലെങ്കിലും കലാപത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ഇടപെടണമെന്ന ഹരജിയില്‍ അര്‍ധ രാത്രിയും വാദം കേള്‍ക്കാന്‍ ദല്‍ഹി ഹൈക്കോടതി തയാറായി. സുപ്രീം കോടതി ജഡ്ജി കേന്ദ്ര സര്‍ക്കാരിനും ദല്‍ഹി പോലീസിനും കനത്ത അടിയാണ് നല്‍കിയത്.

 

Latest News