Sorry, you need to enable JavaScript to visit this website.

'ഭാരത് മാതാ കീ ജയ്' വിളിക്കുന്നവര്‍ ഇന്ത്യയില്‍  തുടരും- ബി.ജെപി മുഖ്യമന്ത്രി 

ന്യൂദല്‍ഹി- ദല്‍ഹിയില്‍ സംഘര്‍ഷാവസ്ഥ നില നില്‍ക്കേ വിവാദ പ്രസ്താവനയുമായി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍ രംഗത്ത്.'ഭാരത് മാതാ കീ ജയ്' വിളിക്കുന്നവര്‍ ഇന്ത്യയില്‍ തുടരുമെന്നാണ് ഡല്‍ഹിയില്‍ നടക്കുന്ന അക്രമസംഭവങ്ങളോട് പ്രതികരിക്കവേ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍ അഭിപ്രായപ്പെട്ടത്.'ഭാരത് മാത കീ ജയ്' വിളിക്കുന്നവര്‍ ഇന്ത്യയില്‍ തുടരും. അങ്ങനെ വിളിക്കാത്തവര്‍ ഇന്ത്യയെ എതിര്‍ക്കുന്നവരാണ്. അവര്‍ ഭരണഘടനയെ ബഹുമാനിക്കാത്തവരാണ്. അവരെക്കുറിച്ച് തീര്‍ച്ചയായും ചിന്തിക്കേണ്ടതുണ്ട്', ഠാക്കൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബജറ്റ് സമ്മേളത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.
രാജ്യത്ത് നല്ലതൊന്നും നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആളുകള്‍ ചില പ്രത്യേക മന:സ്ഥിതിയോടെയാണ് പ്രവര്‍ത്തിക്കുന്നത്. അത്തരം ആളുകളെ എതിര്‍ക്കാന്‍ സമയം വരും എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെടുമ്പോഴും നേതാക്കള്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കുന്നില്ല എന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്. ബി.ജെ.പി നേതാവ് കപില്‍ മിശ്ര നടത്തിയ പ്രസ്താവന കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹിയെ അശാന്തിയിലേയ്ക്ക് നയിച്ചിരിക്കുകയാണ്.

Latest News