ജിദ്ദ- ഹജ് തീർഥാടകർ അടക്കമുള്ള ഖത്തരികൾക്ക് ആവശ്യമായ സേവനങ്ങളും സഹായങ്ങളും നൽകുന്നതിന് സൗദിയിൽ കൺട്രോൾ റൂം തുറക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുമതി നൽകി. ഖത്തറിൽനിന്നുള്ള ഹജ് തീർഥാടകർക്ക് പ്രത്യേക ഇളവുകൾ നേടിയെടുക്കുന്നതിന് മധ്യസ്ഥശ്രമം നടത്തിയ ഖത്തർ രാജകുടുംബാംഗം ശൈഖ് അബ്ദുല്ല ബിൻ അലി അൽഥാനിയുടെ മേൽനോട്ടത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുക. ശൈഖ് അബ്ദുല്ല ബിൻ അലി അൽഥാനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൺട്രോൾ റൂമിലെ മുഴുവൻ ജീവനക്കാരും സൗദികളായിരിക്കും. ഹജ് തീർഥാടകർ, സന്ദർശകർ, സൗദിയിൽ കുടുംബബന്ധങ്ങളുള്ളവർ തുടങ്ങി മുഴുവൻ ഖത്തരികൾക്കും ആവശ്യമായ സഹായങ്ങൾക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെടുന്നതിന് സാധിക്കും.
തന്നെ മാന്യമായി സ്വീകരിക്കുകയും ആദരിക്കുകയും തന്റെ മധ്യസ്ഥത അംഗീകരിക്കുകയും ചെയ്ത തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ശൈഖ് അബ്ദുല്ല അൽഥാനി നന്ദി പറഞ്ഞു. ഖത്തർ ജനതയോടുള്ള സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും പ്രത്യേക താൽപര്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഖത്തരികളുടെ കാര്യങ്ങൾക്ക് സൗദിയിൽ കൺട്രോൾ റൂമും ആശയ വിനിമയത്തിന് ഫോൺ നമ്പറും ഏർപ്പെടുത്തണമെന്ന അപേക്ഷ ഉന്നയിക്കുന്നതിന് പ്രേരകമായത്. സൗദിയിലെ ബന്ധുക്കളെ സന്ദർശിക്കുന്നതിന് ആഗ്രഹിക്കുന്ന ഖത്തരികളുടെ യാത്ര എളുപ്പമാക്കുന്നതിനും കൺട്രോൾ റൂം തുറന്നതിലൂടെ ലക്ഷ്യമിടുന്നു. ഖത്തരികൾക്ക് ഖത്തർ റിയാൽ മാറ്റിനൽകുന്നത് നിർത്തിവെച്ചതായുള്ള റിപ്പോർട്ടുകൾ തീർത്തും വാസ്തവവിരുദ്ധമാണെന്ന് സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി ഏജൻസി ഗവർണർ തന്നെ അറിയിച്ചിട്ടുണ്ട്. സൗദി സന്ദർശനത്തിന് സഹായം ആവശ്യമുള്ളവരും സൗദിയിൽ സഹായങ്ങൾ ആവശ്യമുള്ളവരും 00966122367999 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ശൈഖ് അബ്ദുല്ല അൽഥാനി വ്യക്തമാക്കി.
തീർഥാടകരെ സ്വീകരിക്കാൻ കമ്മിറ്റികൾ
അൽഹസ- സൽവ അതിർത്തി പോസ്റ്റ് വഴി എത്തുന്ന ഖത്തരി തീർഥാടകരെ സ്വീകരിക്കുന്നതിന് പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചതായി അൽഹസ ഗവർണറേറ്റ് അണ്ടർ സെക്രട്ടറി മുആദ് അൽജഅ്ഫരി. കിഴക്കൻ പ്രവിശ്യാ ഗവർണർ സൗദ് ബിൻ നായിഫ് രാജകുമാരന്റെ നിർദേശാനുസരണമാണ് ഇത്തരം കമ്മിറ്റികൾ രൂപീകരിച്ചത്. ഖത്തർ തീർഥാടകർക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കുന്നതിന് അവസരമൊരുക്കിയത് ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സാഹോദര്യബന്ധത്തിന്റെ ആഴമാണ് സൂചിപ്പിക്കുന്നതെന്നും മുആദ് അൽജഅ്ഫരി പറഞ്ഞു.
സൽവ അതിർത്തി പോസ്റ്റ് വഴി 158 ഖത്തരി തീർഥാടകർ ഇതിനകം സൗദിയിൽ പ്രവേശിച്ചിട്ടുണ്ട്. ഖത്തരി തീർഥാടകരെ അൽഹസ എയർപോർട്ടു വഴി സൗദിയ വിമാനങ്ങളിൽ സൗജന്യമായി ജിദ്ദയിലെത്തിക്കുന്നുണ്ട്. അൽഹസയിൽനിന്ന് ദിവസേന ജിദ്ദയിലേക്ക് സർവീസുണ്ട്. പതിവു സർവീസുകൾ മതിയാകാതെ വരുന്ന പക്ഷം ഖത്തരി തീർഥാടകർക്കു വേണ്ടി സ്‌പെഷ്യൽ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ഖഹ്‌വയും ഈത്തപ്പഴവും നൽകി
ഖത്തരികൾക്ക് സ്വീകരണം
ദമാം- സൽവ അതിർത്തി പോസ്റ്റ് വഴി സൗദിയിൽ പ്രവേശിക്കുന്ന ഖത്തരി തീർഥാടകരെ ഹാർദ്ദമായി സ്വീകരിക്കുന്നതിന് സൗദി പൗരൻ അലി അൽഖഹ്ത്താനിയും. അതിർത്തി പോസ്റ്റിലെത്തുന്ന ഖത്തരി തീർഥാടകരെ ഏറ്റവും മുന്തിയ ചോക്കലേറ്റ് വിതരണം ചെയ്താണ് ജവാസാത്ത് ഡയറക്ടറേറ്റ് സ്വീകരിക്കുന്നത്.
യാത്രാ നടപടികൾ പൂർത്തിയാക്കി സൗദിയിൽ പ്രവേശിക്കുന്ന ഇവരെ പരമ്പരാഗത അറബ് രീതിയിൽ സ്വീകരിക്കാൻ അൽഹസ നിവാസിയായ അലി അൽഖഹ്ത്താനി പുറത്ത് കാത്തു നിൽപ്പുണ്ടാവും. അറബി കാപ്പിയായ ഖഹ്‌വയും ഈത്തപ്പഴവും ജ്യൂസുമൊക്കെ നൽകിയാണ് അദ്ദേഹം ഖത്തറിൽനിന്നുള്ള അതിഥികളെ സ്വീകരിക്കുന്നത്. ഖത്തരി ഹാജിമാർക്ക് സ്വാഗതമോതുന്ന വലിയ ബാനർ തൂക്കിയ കാറിനു സമീപം മേശയിട്ടാണ് അലി അൽഖഹ്ത്താനി ഫഌസ്‌കുകളിൽ നിറച്ച ചൂടുള്ള കാപ്പിയും മറ്റും വിതരണം ചെയ്യുന്നത്.
അതിഥികളെ മാനിക്കുകയും ആദരിക്കുകയും ചെയ്യണമെന്ന് അനുശാസിക്കുന്ന ഇസ്‌ലാമികാധ്യാപനങ്ങളും ഗോത്രപാരമ്പര്യവും പാലിച്ചാണ് ഖത്തരി തീർഥാടകരെ താൻ സ്വീകരിക്കുന്നതെന്ന് അലി അൽഖഹ്ത്താനി പറഞ്ഞു. സൽവ അതിർത്തി പോസ്റ്റ് വഴി ഖത്തരി തീർഥാടകർ സൗദിയിൽ പ്രവേശിക്കുന്ന എല്ലാ ദിവസങ്ങളിലും താൻ തീർഥാടകരെ സ്വീകരിക്കുന്നതിന് ഇവിടെയുണ്ടാകും. ഹജ് പൂർത്തിയാക്കി ഖത്തരി തീർഥാടകർ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്ന ദിവസങ്ങളിലും താൻ കാപ്പിയും ഈത്തപ്പഴവും ജ്യൂസുകളും വിതരണം ചെയ്ത് തീർഥാടകരെ യാത്രയാക്കും. ഖത്തർ മാധ്യമങ്ങളിൽ സൗദി അറേബ്യയെയും സൗദികളെയും കുറിച്ച് വരുന്ന അപകീർത്തിപ്പെടുത്തലുകളും വ്യാജ വാർത്തകളും ഗൗനിക്കുന്നില്ല. ഖത്തർ മാധ്യമങ്ങളുടെ വിഷലിപ്തമായ ഇത്തരം പ്രചാരണങ്ങൾക്ക് സൗദി ജനതയെ തോൽപിക്കാൻ സാധിക്കില്ല. സൗദി അതിർത്തിയിലും രാജ്യത്തിനകത്തും ഖത്തരികൾക്ക് ഹാർദ്ദമായ സ്വീകരണം ലഭിക്കുമെന്നും അലി അൽഖഹ്ത്താനി പറഞ്ഞു.






