Sorry, you need to enable JavaScript to visit this website.

സൗദിവല്‍ക്കരണം ഫലപ്രദമാക്കാന്‍ മന്ത്രാലയങ്ങള്‍ ലയിപ്പിച്ചു; നിക്ഷേപത്തിനു പ്രത്യേക മന്ത്രാലയം

സ്‌പോര്‍ട്‌സ് മന്ത്രി അബ്ദുല്‍അസീസ് ബന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍.

റിയാദ് - സ്‌പോർട്‌സ്, ടൂറിസം, നിക്ഷേപ കാര്യങ്ങൾക്ക് പുതിയ മന്ത്രാലയങ്ങൾ രൂപീകരിച്ചും രണ്ടു സുപ്രധാന മന്ത്രാലയങ്ങളെ പരസ്പരം ലയിപ്പിച്ചും മന്ത്രിസഭ പുനഃസംഘടിപ്പിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവുകളിറക്കി. സിവിൽ സർവീസ് മന്ത്രാലയത്തെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ ലയിപ്പിക്കുകയും പുതിയ മന്ത്രാലയത്തിന്റെ പേര് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. 
സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജിനെ മന്ത്രാലയമാക്കി മാറ്റി. ടൂറിസം മന്ത്രാലയം എന്ന പേരിലാണ് പുതിയ മന്ത്രാലയം അറിയപ്പെടുക. ജനറൽ സ്‌പോർട്‌സ് അതോറിറ്റിയും മന്ത്രാലയമാക്കി മാറ്റിയിട്ടുണ്ട്. സ്‌പോർട്‌സ് മന്ത്രാലയം എന്നാണ് മന്ത്രാലയത്തിന്റെ പേര്. വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിൽ നിന്ന് നിക്ഷേപ കാര്യങ്ങളുടെ ചുമതല നീക്കം ചെയ്ത് വാണിജ്യ കാര്യങ്ങൾക്കു മാത്രമുള്ള മന്ത്രാലയമാക്കി മാറ്റി. സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയെ നിക്ഷേപ മന്ത്രാലയമാക്കി മാറ്റി. 
അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ ആലുസൗദ് രാജകുമാരനാണ് സ്‌പോർട്‌സ് മന്ത്രി. പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈലിന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയത്തിന്റെ ആക്ടിംഗ് ചുമതല നൽകിയിട്ടുണ്ട്. ഇതുവരെ വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബിയാണ് ആക്ടിംഗ് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നത്. മീഡിയാ മന്ത്രി തുർക്കി അൽശബാനയെ പദവിയിൽ നിന്നു നീക്കം ചെയ്ത് പകരം വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖബസിയെ ആക്ടിംഗ് മീഡിയ മന്ത്രിയായും നിയമിച്ചു. നിക്ഷേപ മന്ത്രിയായി ഖാലിദ് അൽഫാലിഹിനെയും ടൂറിസം മന്ത്രിയായി അഹ്മദ് അൽഖത്തീബിനെയും സൽമാൻ രാജാവ് നിയമിച്ചു.
ടെലികോം, ഐ.ടി സഹമന്ത്രിയായി ഡോ. മുനീർ ബിൻ മഹ്മൂദ് അൽദസൂഖിയെയും വ്യവസായ സഹമന്ത്രിയായി ഡോ. സാമി ബിൻ മുഹമ്മദ് അൽഹമൂദിനെയും നിയമിച്ചിട്ടുണ്ട്. മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ പദവിയിൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽഅമീലിനെ നിയമിച്ചു. സിവിൽ സർവീസ് മന്ത്രി സുലൈമാൻ അൽഹംദാനെയും സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ഗവർണർ ഇബ്രാഹിം അൽഉമറിനെയും പദവികളിൽ നിന്ന് നീക്കം ചെയ്തു. 
സർക്കാർ, സ്വകാര്യ മേഖലകളിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനും കൂടുതൽ ശക്തമായും ഫലപ്രദമായും സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനും സിവിൽ സർവീസ്, തൊഴിൽ-സാമൂഹിക വികസന മന്ത്രാലയങ്ങളെ പരസ്പരം ലയിപ്പിച്ചതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിദേശ ടൂറിസ്റ്റുകൾക്കു മുന്നിൽ രാജ്യത്തിന്റെ വാതായനങ്ങൾ തുറന്നിട്ട പശ്ചാത്തലത്തിൽ സ്വദേശികൾക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സഹായിക്കുന്ന പ്രധാന വരുമാന മേഖലയായി വിനോദ സഞ്ചാര വ്യവസായ മേഖലയെ പരിവർത്തിപ്പിക്കുന്നതിനും പുതിയ മന്ത്രാലയ രൂപീകരണം സഹായിക്കും. സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയെ മന്ത്രാലയമാക്കി ഉയർത്തിയത് രാജ്യത്തേക്ക് വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് കരുത്തു പകരും. സ്‌പോർട്‌സ് മേഖലക്ക് പ്രത്യേക മന്ത്രാലയം സ്ഥാപിച്ചത് രാജ്യത്ത് കായിക വിനോദ മേഖലയുടെ വളർച്ചക്കും യുവജനങ്ങളുടെ മോഹങ്ങൾ സാക്ഷാൽക്കരിക്കുന്നതിനും സഹായകമാകുമെന്നും വിലയിരുത്തപ്പെടുന്നു. 

Latest News