Sorry, you need to enable JavaScript to visit this website.

ട്രംപിന്റെ വരവും പോക്കും

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് അഹമ്മദാബാദിലെ മൊട്ടേറ. ഒരു ലക്ഷത്തി പതിനായിരം പേർക്ക് കളി കാണാം. സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടില്ല. അതിനിടക്കാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇന്ത്യ കാണാൻ ആദ്യമായി വന്നത്. അദ്ദേഹത്തെ സ്വീകരിച്ചത് ഈ സ്‌റ്റേഡിയത്തിലാണ്. ഏതാനും ലക്ഷങ്ങൾ അവിടെ വന്നു, കണ്ടു, കീഴടക്കി. ഈ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഭാരതീയരായ നാമോരോരുത്തരും ചിന്തിക്കേണ്ട ചിലതുണ്ട്; ദൗർഭാഗ്യവശാൽ അങ്ങനെയൊരു ഭാവം തന്നെ നമുക്കില്ലാതെയായിപ്പോയിരിക്കുന്നു.
സുഹൃത്തുക്കളെ സ്വീകരിക്കണം, സൽക്കരിക്കണം, സന്തോഷിപ്പിക്കണം. അത് മര്യാദയുടെ ഭാഗമാണ്. ട്രംപ്, നരേന്ദ്ര മോഡി, ബ്രസീൽ പ്രസിഡന്റ് ജൈർ ബോൾസെനാരോ എന്നിവർ കൂട്ടുകാരാണ്. ഒരേ ദിശയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വലതുപക്ഷക്കാർ. ഒരു മാസം മുമ്പ് നടന്ന ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥി ബോൾസെനാരോയായിരുന്നു. അപ്പോൾ, നമ്മൾ സ്വീകരിക്കുന്ന അതിഥികൾ ആരൊക്കെ? ഇന്ത്യയുടെ പാരമ്പര്യത്തിനും ഭരണഘടനാ തത്വങ്ങൾക്കും ഇന്ത്യയെന്ന ആശയത്തിനും ഉന്മുഖമാണോ ഈ അതിഥികളും സ്വീകരണ സ്വഭാവങ്ങളും എന്ന് പരിശോധിക്കേണ്ടതില്ലേ നമ്മൾ?
രണ്ട് വലതുപക്ഷ നേതാക്കളുടെ ഒത്തുകൂടൽ എന്നതിനപ്പുറത്തൊരു പ്രാധാന്യം ട്രംപിന്റെ സന്ദർശനത്തിന് ഉണ്ടാവണമെന്നില്ല. എട്ട് മാസങ്ങൾക്ക് മുമ്പ് ഹൂസ്റ്റണിൽ ഹൗഡി മോഡി എന്ന പേരിലൊരു പരിപാടി ഇതുപോലെ സംഘടിപ്പിക്കപ്പെടുകയും ഇരുവരും പരസ്പരം അപക്വമാം വിധം പുകഴ്ത്തി പ്രസംഗിച്ചതുമാണ്. അന്ന് മോഡിയെ കേൾക്കാൻ വന്നത് കേവലം നാൽപതിനായിരം പേരായിരുന്നെങ്കിൽ അതിലുമധികം പേർ അമേരിക്കയുടെ വിവിധ പ്രദേശങ്ങളിൽ മോഡിക്ക് ഗോ ബാക്ക് വിളിക്കുകയുമുണ്ടായി. എങ്കിലും മുഖ്യ വിഷയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ തെറ്റിക്കാനുമൊക്കെ അത്തരം ഇവന്റുകൾക്ക് കഴിയുമെന്നത് രണ്ടുപേർക്കും നന്നായറിയാം. നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജരായ വോട്ടർമാരുടെ പിന്തുണ നേടിയെടുക്കുകയെന്ന വ്യക്തിഗത ലക്ഷ്യമാണ് ട്രംപിനുള്ളത്. ഈ യാത്ര അതിനുപകരിച്ചേക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വോട്ടർമാരിൽ 84% പേരും വോട്ട് ചെയ്തത് ഹിലരിക്കായിരുന്നു. മൂന്ന് മില്യണടുത്ത് ഇന്ത്യൻ വംശജരുണ്ട് അമേരിക്കയിൽ. 
ട്രംപിനെ കൂടാതെ ആറ് അമേരിക്കൻ പ്രസിഡന്റുമാർ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. എയ്‌സനേവർ (1959), നിക്‌സൺ (1969), ജിമ്മി കാർട്ടർ (1978), ക്ലിന്റൺ (2000), ബുഷ് (2006), ഒബാമ (2010, 2015). 
എന്നാൽ ട്രംപിന്റെ സന്ദർശനം വ്യത്യസ്തമാകുന്നത് സമീപനങ്ങളുടെ വ്യത്യസ്തത കൊണ്ടാണ്. അനാവശ്യമായ പുറംപൂച്ചുകൾ കാണിക്കാൻ വേണ്ടി രാജ്യത്തിന്റെ അന്തസ്സും ദരിദ്രരുടെ ആത്മാഭിമാനവും ചായക്കാശിന്റെ വിലയില്ലാതെയാക്കിയിരിക്കുകയാണ് മോഡി. 
അഹമ്മദാബാദ് എയർപോർട്ട് മുതൽ സ്‌റ്റേഡിയം വരെയുള്ള ഇരുപത്തിരണ്ട് കിലോമീറ്റർ റോഡ് നന്നാക്കുവാനും പച്ചപുതപ്പിക്കുവാനും ചെലവഴിച്ചത് മുപ്പത്തഞ്ച് കോടി രൂപയാണ്. അത്ര തന്നെ പണമെറിഞ്ഞിട്ടാകും 28 സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ കലാരൂപങ്ങൾ റോഡിന് വശങ്ങളിൽ അണിയിച്ചൊരുക്കിയത്, പ്രസിഡന്റിനും ഫസ്റ്റ് ലേഡിക്കും മകൾക്കും ഒരു നോക്കു കാണാൻ! ഈ ധൂർത്ത് സഹിക്കാമെന്ന് വെച്ചാലും നാൽപത് കോടി ചെലവിൽ കോളനികൾ കണ്ണിൽനിന്ന് മറയ്ക്കാൻ മതിൽ കെട്ടിയത് ഇന്ത്യയുടെ ആത്മാവിന് നേരെയുള്ള വെല്ലുവിളി തന്നെയാണ്. അതും പോരാഞ്ഞിട്ടാവും വേദിയുടെ ഒന്നര കിലോമീറ്റർ ചുറ്റളവിലുള്ള ചേരികൾ മുഴുവൻ പൊളിച്ചുനീക്കിയത്.
ഗാന്ധിജിയുടെ ആദ്യത്തെ ആശ്രമമായ സബർമതിയിൽ  ട്രംപ് പോയെങ്കിലും ചർക്കയിൽ ഒന്ന് വിരലോടിച്ചെങ്കിലും ഗാന്ധിജിയുടെ പേരു പോലും വിസിറ്റേഴ്‌സ് ബുക്കിൽ രേഖപ്പെടുത്താൻ ട്രംപ് തയാറായില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ അതാകുമായിരുന്നു യഥാർത്ഥത്തിൽ വൈരുധ്യം. മോഡിയുടെയും ട്രംപിന്റെയും നേതൃത്വത്തിൽ ഇന്ത്യയും അമേരിക്കയും ഇരു രാഷ്ട്രങ്ങളുടെയും സ്വത്വ മസ്‌കരണത്തിൽ ബഹുദൂരം മുന്നേറിയിരിക്കയാണല്ലോ. ഇസ്‌ലാമോഫോബിയ പ്രകടമാക്കുന്ന തരത്തിലായിരുന്നു ട്രംപിന്റെ പ്രസംഗവും. 
ഗുജറാത്തിൽ എഴുപത് ലക്ഷം മുസ്‌ലിംകളുണ്ടെങ്കിലും അവരെല്ലാം ഇന്ന് സമൂഹത്തിന്റെ പുറമ്പോക്കിലാണ്. ഹിന്ദുക്കൾക്ക് അവരുമായി സദാ ഇടപഴകാൻ പോലും സാധ്യമല്ലാത്തവിധം ധ്രുവങ്ങളിലാണ് ഇരു കൂട്ടരും ജീവിക്കുന്നത്. 2002, 2007, 2012 തെരഞ്ഞെടുപ്പുകളിൽ മോഡി ജയിച്ചുകയറുന്നത് 2002 ഫെബ്രുവരി മാർച്ചിൽ നടന്ന മുസ്‌ലിം വംശഹത്യയുടെ മേൽവിലാസത്തിലാണ്. ട്രംപാവട്ടെ, ഇതേ ഇസ്‌ലാമോഫോബിയ കാണിച്ചാണ് 2016 ൽ പ്രസിഡന്റ് പദവിയിലെത്തുന്നത്. എല്ലാ സർവേകളിലും മുന്നിട്ടുനിന്ന ഹിലരി ക്ലിന്റൺ വോട്ടെണ്ണിയപ്പോൾ തോറ്റുപോയി. അതിന് കാരണമായതാവട്ടെ, ട്രംപിന്റെ മുസ്‌ലിം വിരുദ്ധതയും.
ഗാന്ധി വധത്തിൽ പ്രതി ചേർക്കപ്പെട്ട, മതരാഷ്ട്ര സിദ്ധാന്തത്തിന്റെ ശിൽപിയായ സവർക്കർക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന  നൽകാനൊരുമ്പെടുന്ന വേളയിൽ മുസ്‌ലിമും ദളിതനും ദരിദ്രനും ചേരിയിലകപ്പെട്ടവനും അനഭിമതരാക്കപ്പെടുന്ന, മതിൽ കെട്ടി കാണാമറയത്തേക്ക് മാറ്റപ്പെടുന്ന, പൗരത്വം നിഷേധിക്കപ്പെടുന്ന ഈ ഇന്ത്യ ആരുടേതാണ്? ഗ്രാമങ്ങളിനിന്നു വന്ന കർഷകരുടെ പ്രശ്‌നം കേട്ടുകൊണ്ട് ഏറെസമയം ചെലവഴിച്ചപ്പോൾ മുഷിപ്പ് പ്രകടിപ്പിച്ച ഇന്ത്യയുടെ വൈസ്രോയി ഗാന്ധിജിയോട് പരിഭവിച്ചുകൊണ്ട് പറഞ്ഞു: 'മഹാത്മാവേ ഞാൻ ഇന്ത്യയുടെ വൈസ്രോയിയാണ്'. അതിന് ഗാന്ധിജി കൊടുത്ത മറുപടി: താങ്കൾ ഇന്ത്യയുടെ വൈസ്രോയി ആയിരിക്കാം; പക്ഷേ, ഇന്ത്യ അവരുടേതാണ്. 
മോഡിയുടെ ഇന്ത്യയിലും ട്രംപിന്റെ അമേരിക്കയിലും ജീവിക്കുന്ന ആത്മാഭിമാനമുള്ള ജനം ഗാന്ധിജിയുടെ ഓർമകളിൽനിന്ന്, ചാരത്തിൽനിന്ന് ഫീനിക്‌സ് പക്ഷിയെന്ന പോൽ രണ്ടാം സ്വാതന്ത്ര്യ പോരാട്ടത്തിലേക്ക് കുതിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം, തങ്ങളുടെ ക്ഷിപ്രസാധ്യങ്ങൾക്ക് മാത്രമായി രാഷ്ട്ര ബന്ധങ്ങൾ ഉപയോഗപ്പെടുത്തുന്ന ഭോഗസംസ്‌കാരമായി ജനാധിപത്യം അധഃപതിക്കും. രാഷ്ട്രം അതിർത്തിയല്ല; നിലപാടുകളാണ്. ആ നിലപാടുകൾ സമത്വത്തിൽ അധിഷ്ഠിതവുതുമാണ്. സർവാധിപത്യ ചിന്തകളാവട്ടെ, രാഷ്ട്രങ്ങളുടെ അസ്ഥിവാരം തകർത്ത് സമൂല നാശം വിതക്കുന്നതുമാണ്. 

Latest News