Sorry, you need to enable JavaScript to visit this website.
Thursday , April   02, 2020
Thursday , April   02, 2020

'നമസ്‌തെ ട്രംപ്': ഒരു നയതന്ത്ര അസംബന്ധം

ഒബാമയിൽ നിന്ന് ട്രംപിലേക്കും നെഹ്‌റുവിൽ നിന്ന് മോഡിയിലേക്കുമുള്ള ദൂരം ഏറെക്കുറെ സമാനമാണ്. നെഹ്‌റു എന്തിന്റെയെല്ലാം പ്രതീകമായിരുന്നോ അതിന്റെയെല്ലാം നേർവിപരീതമാണ് മോഡിയെന്ന പോലെ തന്നെയാണ് ഒബാമ എന്തിന്റെയെല്ലാം പ്രതീകമാണോ അതിന്റെയെല്ലാം വിപരീതമാണ് ട്രംപ് എന്നതും. അതുകൊണ്ടാണല്ലോ ട്രംപിനെ വിജയിപ്പിക്കാൻ അമേരിക്കൻ ജനതയോട് മോഡി ആഹ്വാനം ചെയ്യുന്നതും മോഡി ഇന്ത്യയുടെ ചാമ്പ്യനാണെന്ന് ട്രംപ് പറയുന്നതും. 

രാഷ്ട്രത്തലവന്മാർ പരസ്പരം കാണുന്നതും ചർച്ചകൾ നടത്തുന്നതും കരാറുകൾ ഒപ്പുവെക്കുന്നതുമൊക്കെ അടുത്തകാലം വരെ സാധാരണ സംഭവങ്ങൾ മാത്രമായിരുന്നു. തികച്ചും ശത്രുരാജ്യങ്ങളുടെ തലവന്മാരാകുമ്പോൾ മാത്രമാണ് അക്കാര്യം ലോകം കൂടുതൽ ശ്രദ്ധിക്കുക. അത് സ്വാഭാവികം മാത്രം. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി മോഡിയും പരസ്പരമുള്ള സന്ദർശനം ആഗോള സംഭവമാക്കി മാറ്റാൻ ഇരുകൂട്ടരും ഏറെ പാടുപെട്ട കാഴ്ചയാണ് കണ്ടത്. 
മോഡിയുടെ കഴിഞ്ഞ വർഷത്തെ അമേരിക്കൻ സന്ദർശനം ഹൗഡി മോഡി എന്ന പേരിൽ വൻ കെട്ടുകാഴ്ചയാക്കിയപ്പോൾ തിരിച്ചുള്ള ട്രംപിന്റെ സന്ദർശനം നമസ്‌തെ ട്രംപ് എന്ന പേരിൽ അതിനേക്കാൾ വലിയ സംഭവമാക്കി മാറ്റിയ കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. അതിനായി ചെലവഴിച്ച കോടികളുടെയും കെട്ടിപ്പൊക്കിയ മതിലുകളുടെയും വാർത്തകൾക്കു നേരെ തൽക്കാലം കണ്ണടക്കുക.
ലോക രാഷ്ട്രീയം ശ്രദ്ധിക്കുന്നവർക്ക് ഇക്കാര്യത്തിൽ യാതൊരു അദ്ഭുതവും തോന്നാനിടയില്ല. ഏറെക്കുറെ ഒരേ ചിന്താഗതിക്കാരാണ് ഇരുവരുമെന്നത് പ്രകടം. തങ്ങളുടെ മുൻഗാമികളേക്കാൾ എത്രയോ പിറകിലാണ് തങ്ങളെന്ന് എത്രയോ തവണ ഇരുവരും വ്യക്തമാക്കിയിട്ടുള്ളതാണ്. ബരാക് ഒബാമ രാജ്ഘട്ടിലും ട്രംപ് സബർമതിയിലും എഴുതിവെച്ച കുറിപ്പുകൾ അതിന്റെ പ്രകടമായ തെളിവുകളാണല്ലോ. ഒബാമയിൽ നിന്ന് ട്രംപിലേക്കും നെഹ്‌റുവിൽ നിന്ന് മോഡിയിലേക്കുമുള്ള ദൂരം ഏറെക്കുറെ സമാനമാണ്. നെഹ്‌റു എന്തിന്റെയെല്ലാം പ്രതീകമായിരുന്നോ അതിന്റെയെല്ലാം നേർവിപരീതമാണ് മോഡിയെന്ന പോലെ തന്നെയാണ് ഒബാമ എന്തിന്റെയെല്ലാം പ്രതീകമാണോ അതിന്റെയെല്ലാം വിപരീതമാണ് ട്രംപ് എന്നതും. അതുകൊണ്ടാണല്ലോ ട്രംപിനെ വിജയിപ്പിക്കാൻ അമേരിക്കൻ ജനതയോട് മോഡി ആഹ്വാനം ചെയ്യുന്നതും മോഡി ഇന്ത്യയുടെ ചാമ്പ്യനാണെന്ന് ട്രംപ് പറയുന്നതും. പരസ്പരമുള്ള സ്തുതിഗീതങ്ങളാലായിരിക്കും ഹൗഡി മോഡിയും നമസ്‌തെ ട്രംപും ചരിത്രത്തിൽ സ്ഥാനം പിടിക്കുക എന്നതിൽ സംശയം വേണ്ട.
വംശീയതയും വിദ്വേഷ രാഷ്ട്രീയവും  തന്നെയാണ് മോഡിയേയും ട്രംപിനേയും ഐക്യപ്പെടുത്തുന്ന പ്രധാന ഘടകം. ഏറെ അഭ്യൂഹങ്ങൾ ഉണ്ടായിട്ടും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരക്ഷരം ഉരിയാടാൻ ട്രംപ് തയാറായില്ല എന്നതു നൽകുന്ന സൂചന തന്നെ എന്താണ്? അദ്ദേഹം ദൽഹിയിലുള്ളപ്പോൾ മുസ്‌ലിം വംശീയഹത്യ നടന്നപ്പോഴും ഒരക്ഷരം ആ നാവിൽ നിന്നു പുറത്തുവന്നോ? ഇല്ല. 
ആഗോളവൽക്കരണത്തിന്റെ വക്താക്കളാണ് ഇരുവരുമെന്നതും ഇതുമായി കൂട്ടിവായിക്കണം. അമേരിക്ക ഭരിക്കുന്നത് അമേരിക്കക്കാർ തന്നെയാണെന്നും തങ്ങൾ ആഗോള സിദ്ധാന്തങ്ങളെ നിരാകരിച്ച് ദേശാഭിമാനത്തിന്റെ പ്രമാണങ്ങൾ സ്വീകരിക്കുന്നുവെന്നും പരസ്യമായി പ്രഖ്യാപിച്ച ട്രംപിൽ നിന്ന് ഹിന്ദുരാഷ്ട്രം ലക്ഷ്യമാക്കിയവരെ കുറിച്ച് എന്തെങ്കിലും വിമർശനം പ്രതീക്ഷിച്ചവരാണ് വിഡ്ഢികൾ.
ഇനി സന്ദർശനത്തിന്റെ സാമ്പത്തിക വശത്തിലേക്കു വരാം. ഇത്രയും കൊട്ടിഘോഷിക്കപ്പെട്ട വരവിൽ കാര്യമായ കരാറുകളൊന്നുമുണ്ടായില്ല എന്നതാണ് വസ്തുത. പ്രതിരോധ, മാനസികാരോഗ്യ, വൈദ്യശാസ്ത്ര ഉപകരണ മേഖലകളിലെ ധാരണാപത്രത്തിൽ ഇരുനേതാക്കളും ഒപ്പുവെച്ചു. 
ഇന്ത്യൻ ഓയിൽ കോർപറേഷനും എക്സോൺ മൊബൈൽ കമ്പനിയും തമ്മിലുള്ള സഹകരണത്തിലും കരാർ ഒപ്പുവെച്ചു കഴിഞ്ഞു. പിന്നെയുള്ളത് കുറെ പൊതുവായ പ്രഖ്യാപനങ്ങൾ മാത്രമാണ്.  വ്യാപാര മേഖലയിൽ  ചർച്ചകൾ ആരംഭിച്ച് വിപുലമായ കരാറിലെത്താനാണ് ധാരണയിലെത്തിയത്. 
വാസ്തവത്തിൽ  ട്രംപ് ഇന്ത്യയിലേക്ക് വന്നത്  സാമ്പത്തിക കുഴപ്പത്തിൽ പെട്ട് നട്ടംതിരിയുന്ന അമേരിക്കൻ സമ്പദ്ഘടനക്കാവശ്യമായ വിപണി ഉറപ്പിക്കാനാണ്. ഇന്ത്യയുമായി വലിയ വ്യാപാര കരാറിലെത്താനുള്ള നീക്കം അതിന്റെ ഭാഗമാണ്. എന്നാൽ അത്രയും വിപുലമായ കരാർ ഉണ്ടായാൽ അത് ഇന്ത്യൻ താൽപര്യങ്ങൾക്ക് എതിരായിരിക്കുമെന്നുറപ്പ്. ഇന്ത്യ ചുമത്തുന്ന ഇറക്കുമതി തീരുവ വെട്ടിക്കുറക്കലായിരിക്കും അതിലെ പ്രധാന ഭാഗം. കൂടാതെ ഇന്നത്തെ സാർവദേശീയ സാഹചര്യത്തിൽ ഇന്ത്യയെ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയായി മാറ്റാനുള്ള സമ്മർദവും ശക്തമാണ്. ആയുധക്കച്ചവടവും അതിന്റെ ഭാഗമാണ്. 21,000 കോടിയിലേറെ രൂപയുടെ പ്രതിരോധ കരാറിൽ ഒപ്പിടുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന്റെ അർത്ഥം അത്രയും പണം കൊടുത്ത് നമ്മൾ അത്രയും ആയുധങ്ങൾ വാങ്ങുക എന്നതു തന്നെയാണ്. 
ആയുധ വ്യാപാരത്തിൽ ഇന്ത്യക്ക് നാറ്റോ സഖ്യകക്ഷികൾക്ക് നൽകുന്ന പരിഗണന നൽകാൻ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. കോംകാസ കരാറോടെ അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് നമ്മുടെ സൈനിക താവളങ്ങളും വിമാനത്താവളങ്ങളും തുറമുഖങ്ങളും വിട്ടുകൊടുക്കാൻ നാം ബാധ്യസ്ഥരാകും. ഇസ്‌ലാമിക തീവ്രവാദത്തിനെതിരെ ഒന്നിച്ചുപോരാടാമെന്ന ഭംഗിവാക്കും ട്രംപ് പറഞ്ഞിട്ടുണ്ട്. 
വാസ്തവത്തിൽ ലോക വ്യാപാര സംഘടനയുടെ ഉറുഗ്വേ ചർച്ചകൾ മുതൽ ഇന്ത്യ മറ്റു മൂന്നാം ലോക രാജ്യങ്ങളുമായി ചേർന്ന് അമേരിക്കൻ ആധിപത്യത്തിനെതിരെ ശക്തമായ നിലപാടെടുത്തിരുന്നു. ആഗോളവൽക്കരണത്തിന്റെ പ്രധാന വക്താവായിരുന്ന മൻമോഹൻ സിംഗ് പോലും അമേരിക്കക്കു മുന്നിൽ പൂർണമായും അടിയറ പറഞ്ഞിരുന്നില്ല. എന്നാൽ അത്തരമൊരു അടിയറക്കാണ് മോഡി കോപ്പു കൂട്ടുന്നത്. 
അതിന്റെ ആദ്യഘട്ടമാണ് കഴിഞ്ഞ രണ്ടു ദിവസമായി ഇരു രാഷ്ട്ര നേതാക്കളും ചേർന്ന് തയാറാക്കിയത് എന്നതാണ് പ്രധാനം. അതിനാൽ തന്നെ ട്രംപിന്റെ ആർഭാടപൂർവമായ പര്യടനം അടിസ്ഥാനപരമായി ഇന്ത്യക്ക് ഒരു ഗുണവും ഉണ്ടാക്കാൻ പോകുന്നില്ല എന്നുറപ്പ്.

Latest News