ന്യൂദല്‍ഹി- ദല്‍ഹിയില്‍ തുടരുന്ന കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ പോലീസിനെതിരെ ഒന്നും പറയരുതെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറല്‍ സുപീം കോടതിയില്‍ ആവശ്യപ്പെട്ടു. പോലീസ് സേനയുടെ ആത്മവീര്യം തകർക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സോളിസിറ്റർ ജനറലിന്‍റെ വാദം.
പോലീസിന്‍റെ ഭാഗത്ത് പ്രൊഫഷണലിസത്തിന്‍റെ അഭാവമുണ്ടായെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് ചൂണ്ടിക്കാട്ടി. വിമർശനം പോലീസിനെതിരാണോ എന്നതല്ല, ക്രമസമാധാനപാലനമാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.
അനിഷ്ട സംഭവങ്ങളുണ്ടായാല് പോലീസ് സേന പ്രവർത്തിക്കേണ്ട രീതി അമേരിക്കയിലേയും യു.കെയിലേയും പോലീസ് സേനകളെ ചൂണ്ടിക്കാട്ടി ജഡ്ജി പറഞ്ഞു.
സുപ്രീം കോടതി ദല്‍ഹി പോലീസിനെതിരല്ലെന്നും വിശാലമായ താല്‍പര്യങ്ങള്‍ മുന്‍നിർത്തിയാണ് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്നും കോടതിയുടെ നിലപാടുകളെ കുറിച്ച് സോളിസിറ്റർ ജനറലിന് തെറ്റിദ്ധാരണയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. കലാപത്തിന് പ്രേരിപ്പിച്ചവരെ രക്ഷപ്പെടാന്‍ അനുവദിച്ചിരുന്നില്ലെങ്കില്‍ കാര്യങ്ങള്‍ ഈ പതനത്തിലെത്തുമായിരുന്നില്ലെന്നും ജസ്റ്റിസ് കെ.എം. ജോസഫ് ചൂണ്ടിക്കാട്ടി.






