കോഴിക്കോട്- മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ അഡ്വ. പി. ശങ്കരൻ (73) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു.
കോഴിക്കോട് മലാപ്പറമ്പിലെ രാജീവം വീട്ടിലായിരുന്നു താമസം. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന പേരാമ്പ്ര കടിയങ്ങാട് പുതിയോട്ടിൽ കേളുനായരുടെയും മാക്കം അമ്മയുടെയും മകനായി 1947 ഡിസംബർ രണ്ടിനാണ് ജനനം
കെ.പി.സി.സി. ജനറൽ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം, യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാൻ എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.യു.ഡി.എഫ്. ജില്ലാചെയർമാനും കോ-ഓപ്പറേറ്റീവ് ഇൻഷുറൻസ് സൊസൈറ്റി (കോയിൻസ്) പ്രസിഡന്റുമാണ്.
2001-ൽ എ.കെ.ആന്റണി മന്ത്രിസഭയിൽ ടൂറിസം-ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു . 1998-ൽ കോഴിക്കോട്ടുനിന്ന് ലോക്സഭാംഗമായി.
ഭാര്യ: വി. സുധ (റിട്ട. പ്രിൻസിപ്പൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, കോഴിക്കോട്). മക്കൾ: ഇന്ദു, പ്രിയ (ഇരുവരും അമേരിക്ക), രാജീവ് (എൻജിനിയർ, ദുബായ്). മരുമക്കൾ: രാജീവ്, ദീപക് (ഇരുവരും അമേരിക്ക), ദീപ്തി. സഹോദരങ്ങൾ: പരേതനായ ഗോപാലൻ നായർ, പരേതനായ കെ. രാഘവൻ (കോൺഗ്രസ് മുൻ പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ്), കല്യാണിയമ്മ (പൊക്കിയമ്മ, കടിയങ്ങാട്), ദേവകി(മൊകേരി)






