പ്രളയം ബാധിക്കാത്ത സിപിഎം നേതാവിന്  സഹായമായി കിട്ടിയത് പത്തര ലക്ഷം

കൊച്ചി- പ്രളയ ബാധിതര്‍ക്കുള്ള സഹായ ധനമായ പത്തരലക്ഷം രൂപ പ്രളയം ബാധിക്കാത്ത സിപിഎം ലേക്കല്‍ കമ്മിറ്റിയംഗത്തിന്റെ അക്കൗണ്ടിലേക്കെത്തിയ സംഭവത്തില്‍ അന്വേഷണം ഒഴിവാക്കിയതായി ആരോപണം. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം എം അന്‍വറിന്റെ അക്കൗണ്ടിലേക്കാണ് പത്തര ലക്ഷം രൂപ എത്തിയത്. സംഭവം വാര്‍ത്തയായതോടെ ജില്ലാ കളക്ടര്‍ പണം തിരിച്ചുപിടിച്ചെങ്കിലും അന്വേഷണം ഉണ്ടായില്ല.എറണാകുളം കാക്കനാട് നിലംപതിഞ്ഞ മുകളില്‍ താമസിക്കുന്ന അന്‍വറിന് പ്രളയ ധനസഹായമായി പത്ത് ലക്ഷത്തിയമ്പതിനായിരം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. ജനുവരി 24നാണ് അയ്യനാട് സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് ഒന്നേ മുക്കാല്‍ ലക്ഷം രൂപയുടെ അവസാന ഗഡു എത്തിയത്. ആകെ കിട്ടിയത് 10, 54,000 രൂപയില്‍ നിന്ന് അന്‍വര്‍ അഞ്ച് ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്തു.
ബാങ്ക് മാനേജരുടെ സംശയമാണ് ഇതുസംബന്ധിച്ച വെട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഇതുമായി ബന്ധപ്പെട്ട് സഹകരണ ബാങ്ക് ജില്ലാ കളക്ടറെ കണ്ട് കാര്യം ബോധിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പത്ത് ലക്ഷത്തിയമ്പതിനായിരം രൂപയും അനധികൃതമായി കൈപ്പറ്റിയതാണെന്ന് കണ്ടെത്തി. ഇതോടെ കളക്ടര്‍ പണം അടിയന്തരമായി തിരിച്ചുപിടിക്കാന്‍ ബാങ്കിനും നിദ്ദേശം നല്‍കി. അതേസമയം പ്രളയ സഹായത്തിന് താന്‍ അപേക്ഷിച്ചിട്ടില്ലെന്നും എങ്ങനെയാണ് പണം എത്തിയതെന്ന് അറിയില്ലെന്നുമാണ് അന്‍വര്‍ പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം.എന്നാല്‍ ഒന്നുമറിയാത്ത അന്‍വര്‍ എങ്ങനെ അഞ്ച് ലക്ഷം രൂപ പിന്‍വലിച്ചെന്നത് ദുരൂഹമാണ്. പ്രളയത്തില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്നവര്‍ക്ക് പോലും 4 ലക്ഷം രൂപ പരമാവധി അനുവദിക്കാന്‍ മാത്രം നിര്‍ദ്ദേശമുള്ളപ്പോഴാണ് പത്തര ലക്ഷം രൂപ സിപിഎം നേതാവിന്റെ അക്കൗണ്ടില്‍ എത്തിയത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനെയും മുഖ്യമന്ത്രിയെയും സമീപിച്ചെങ്കിലും അന്വേഷണം നീണ്ടുപോവുകയാണ്.

Latest News