സൗദിയിൽ വനിതാ ഫുട്‌ബോൾ ലീഗ് വരുന്നു

സൗദി സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ പ്രസിഡന്റ് ഖാലിദ് ബിൻ അൽവലീദ് രാജകുമാരൻ 
ഫെഡറേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശൈമാ അൽഹുസൈനി

റിയാദ് - വലിയ തോതിലുള്ള സാമൂഹിക പരിഷ്‌കരണങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി വനിതാ ഫുട്‌ബോൾ ലീഗ് സംഘടിപ്പിക്കുന്നതിന് സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ തീരുമാനം. 
സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ പ്രസിഡന്റ് ഖാലിദ് ബിൻ അൽവലീദ് രാജകുമാരന്റെയും സൗദിക്കകത്തുനിന്നും വിദേശത്തു നിന്നുമുള്ള കായിക പ്രതിഭകളുടെയും സ്‌പോർട്‌സ് പ്രേമികളുടെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തിലാണ് വനിതാ ഫുട്‌ബോൾ ലീഗ് സംഘാടന തീരുമാനം പ്രഖ്യാപിച്ചത്. 
17 ഉം അതിൽ കൂടുതലും പ്രായമുള്ള യുവതികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന വനിതാ ഫുട്‌ബോൾ ലീഗ് ആദ്യ സീസണിൽ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. 
ടീമുകൾ രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ നഗരങ്ങളിലും പ്രാഥമിക റൗണ്ട് മത്സരങ്ങൾ സംഘടിപ്പിക്കും. ഇതിനു ശേഷമാണ് ഫൈനലിനു മുമ്പായുള്ള സെമി ഫൈനലുകൾ നടക്കുക. വനിതാ ഫുട്‌ബോൾ ലീഗ് വിജയികൾക്ക് അഞ്ചു ലക്ഷം റിയാൽ സമ്മാനം ലഭിക്കും. അടുത്ത മാസം ലീഗ് മത്സരങ്ങൾ തുടങ്ങാനാണ് തീരുമാനം. മത്സരത്തിൽ പങ്കെടുക്കുന്നതിന് ആഗ്രഹിക്കുന്ന ടീമുകളുടെയും കളിക്കാരുടെയും ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. 


 

Tags

Latest News