Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ സംഘര്‍ഷത്തിന് ശമനമില്ല, മരണം 13

ന്യൂദല്‍ഹി- പൗരത്വ നിയമ ഭേദഗതി സമരക്കാര്‍ക്കെതിരെ ദല്‍ഹിയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ മരണം 13 ആയി. മൂന്നുദിവസമായി തുടരുന്ന അക്രമം അവസാനിക്കുന്ന മട്ടില്ല. നഗരം സംഘര്‍ഷഭരിതമാണ്. ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ 13 പേരാണ് ഇതിനകം മരിച്ചത്. നൂറ്റമ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
70 ല്‍ അധികം പേര്‍ക്ക് പരിക്കു പറ്റിയത് വെടിയേറ്റതുമൂലമാണ്. നിരവധി വാഹനങ്ങള്‍ക്കും കടകള്‍ക്കും അക്രമികള്‍ തീവെച്ചു. സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണമുണ്ടായി.
സംഘര്‍ഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ അക്രമികളെ കണ്ടാല്‍ ഉടന്‍ വെടിവെക്കാനുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ജാഫറാബാദ്, ചാന്ദ്ബാഗ്, ഖജൂരിഖാസ്, കര്‍വാള്‍ നഗര്‍, വിജയ് പാര്‍ക്ക്, മൗജ്പുര്‍, കര്‍ദംപുരി, ഗോകുല്‍പുരി, ബ്രഹ്മപുരി എന്നിവിടങ്ങളിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പ്രദേശത്ത് ആറായിരത്തോളം അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.
വടക്കു കിഴക്കന്‍ ദല്‍ഹിയില്‍നിന്ന് ഗാസിയാബാദിലേക്കുള്ള എല്ലാ വഴികളിലും പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ദല്‍ഹിയുടെ ക്രമസമാധാന ചുമതലയുള്ള സ്‌പെഷല്‍ കമ്മീഷണറായി എസ്.എന്‍. ശ്രീവാസ്തവ ഐ.പി.എസിനെ അടിയന്തരപ്രാധാന്യത്തോടെ നിയമിച്ചു. വടക്കു കിഴക്കന്‍ ദല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ചയും അവധിയായിരിക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. എല്ലാ ബോര്‍ഡ് പരീക്ഷകളും മാറ്റിവെച്ചതായും അദ്ദേഹം വ്യക്തമാക്കി.

 

Latest News