ദമാം - ഭക്ഷ്യവസ്തുക്കളുടെ ഉപയോഗ കാലാവധിയിൽ കൃത്രിമം നടത്തിയതിന് വ്യാപാര സ്ഥാപനത്തിനും രണ്ടു വിദേശ തൊഴിലാളികൾക്കും ദമാം ക്രിമിനൽ കോടതി 60,000 റിയാൽ പിഴ ചുമത്തി. കാലാവധി തീർന്ന ഉൽപന്നങ്ങൾ വീണ്ടും പാക്ക് ചെയ്യുകയും ഉപയോഗ കാലാവധിയിൽ കൃത്രിമം നടത്തുകയും ചെയ്ത കേസിലാണ് ദമാമിൽ ഭക്ഷ്യവസ്തുക്കളുടെയും ശീതളപാനീയങ്ങളുടെയും ചില്ലറ, മൊത്ത വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന അർദുൽമീറാ ട്രേഡിംഗ് കമ്പനിക്കും സ്ഥാപനത്തിലെ ജീവനക്കാരായ രണ്ടു സിറിയക്കാർക്കും കോടതി പിഴ ചുമത്തിയത്. മുഹമ്മദ് മുഹ്‌യുദ്ദീൻ നൂറുദ്ദീൻ ശുകൂർ, മുഹമ്മദ് അബ്ദുൽഹാദി ഖുസൈസ് എന്നിവർക്കാണ് ശിക്ഷ.
സ്ഥാപനം അടപ്പിക്കുന്നതിനും സ്ഥാപനത്തിൽ കണ്ടെത്തിയ, ഉപയോഗ കാലാവധിയിൽ കൃത്രിമം കാണിച്ച ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിനും വിധിയുണ്ട്. സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ ചെലവിൽ രണ്ടു പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു.
ഭക്ഷ്യവസ്തുക്കളുടെ ഉപയോഗ കാലാവധിയിൽ കൃത്രിമം കാണിച്ചതിലൂടെ വാണിജ്യ വഞ്ചനാ വിരുദ്ധ നിയമവും വാണിജ്യ വിവര നിയമവും സ്ഥാപനവും തൊഴിലാളികളും ലംഘിക്കുകയായിരുന്നു. ദമാമിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ സംഘം നടത്തിയ റെയ്ഡിൽ ഉപയോഗ കാലാവധി അവസാനിച്ച 117 ടിൻ ഒലീവ് ഓയിലും 52 കാർട്ടൺ മക്‌റോണിയും 53 ബക്കറ്റ് സോസും കണ്ടെത്തകയായിരുന്നു. ഇവയിലെ ഉപയോഗ കാലാവധിയിൽ തിരുത്തൽ വരുത്തിയും പുതിയ പാക്കറ്റുകളിലും ബോട്ടിലുകളിലും നിറച്ചും വിൽപന നടത്തുന്നതിന് തൊഴിലാളികൾ ശ്രമിക്കുകയായിരുന്നു.
സംഭവത്തിൽ പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ വാണിജ്യ, നിക്ഷേപ മന്ത്രാലയം നിയമ നടപടികൾക്ക് കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. സൗദിയിൽ വാണിജ്യ വഞ്ചനാ കേസ് പ്രതികൾക്ക് മൂന്നു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. കുറ്റക്കാരായ വിദേശികളെ സൗദിയിൽ നിന്ന് നാടുകടത്തുന്നതിനും വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം അനുവദിക്കുന്നുണ്ട്.