ഭര്‍തൃവീട്ടില്‍ കക്കൂസില്ല; കോടതി യുവതിക്ക് വിവാഹമോചനം അനുവദിച്ചു

ജയ്പൂര്‍- ഭര്‍തൃവീട്ടില്‍ മുറിയും കക്കൂസുമില്ലെന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച യുവതിക്ക് വിവാഹ മോചനം അനുവദിച്ചു. രാജസ്ഥാനിലെ ഭില്‍വാര ജില്ലാ കുടുംബ കോടതിയുടേതാണ് വിധി. ദമ്പതികള്‍ക്ക് സ്വന്തമായി മുറിയില്ലാത്തതും കക്കൂസില്ലാത്തതും 20-കാരിയായ പരാതിക്കാരിയോടുള്ള ക്രൂരതയാണെന്ന് കോടതി വിലയിരുത്തി. ഒരു കുടുംബത്തിന് കക്കൂസ് അത്യാവശ്യമാണെന്നും സ്ത്രീകള്‍ തുറന്ന സ്ഥലങ്ങളില്‍ മലവിസര്‍ജനം നടത്തുന്നത് സമൂഹത്തിന് അപമാനകരവും സ്ത്രീകള്‍ക്ക് പീഡനമാണെന്നും കേസില്‍ വിധി പറഞ്ഞ കുടുംബ കോടതി ജഡ്ജി രാജേന്ദ്ര കുമാര്‍ ശര്‍മ പറഞ്ഞു.

ഭര്‍ത്താവിന്റെ പീഡനങ്ങള്‍ക്കും യുവതി ഇരയായിട്ടുണ്ടെന്ന് കോടതി കണ്ടെത്തി. 2011-ല്‍ വിവാഹിതയായ യുവതി 2015-ലാണ് വിവാഹ മോചനം തേടി കോടതിയെ സമീപിച്ചത്. ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് മലവിസര്‍ജനം നടത്താന്‍ രാത്രിയാകും വരെ കാത്തിരിക്കേണ്ടി വരുന്നു. ഇതുമൂലം അവര്‍ക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നുംകോടതി പറഞ്ഞു.  

Latest News