പിടിയിലായ യു.പി സംഘം എത്തിയത് വന്‍ കവര്‍ച്ചക്ക്, കൂട്ടാളികള്‍ക്കായി തിരച്ചില്‍

കൊച്ചി-തോക്കുകളും ഗ്ലാസ് മുറിക്കുന്ന യന്ത്രവുമായി ഉത്തര്‍പ്രദേശ് കവര്‍ച്ചാ സംഘമെത്തിയത് സംസ്ഥാനത്ത് വന്‍ മോഷണ പരമ്പര ലക്ഷ്യമിട്ടെന്ന് സൂചന. നഗരത്തില്‍ പകല്‍ വയോധികയെ കെട്ടിയിട്ട് കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഘം കോവളം, ആലപ്പുഴ എന്നിവിടങ്ങളിലും സന്ദര്‍ശിച്ചിരുന്നു. കേസില്‍ പിടിയിലായ യു.പി അലിഗര്‍ കോയില്‍ സ്വദേശി അര്‍ബാസ് ഖാന്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് രണ്ട് എയര്‍ പിസ്റ്റളും കവര്‍ച്ചക്ക് ഉപയോഗിക്കുന്ന സ്‌ക്രൂ ഡ്രൈവറുകള്‍, താക്കോല്‍ കൂട്ടം എന്നിവയും എറണാകുളം നോര്‍ത്ത് പൊലീസ് കണ്ടെടുത്തത്.
അര്‍ബാസ് ഖാനെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് നോര്‍ത്ത് പോലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളി ഇമ്രാന്‍ ഖാന്‍ (28) മഹാരാഷ്ട്രയിലേക്ക് കടന്നു. ഇയാളെ പിടികൂടുന്നതിനായി പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് തിരിക്കും. ഇയാളുടെ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
അയ്യപ്പന്‍കാവ് വെസ്റ്റ് റോഡില്‍ വെള്ളിയാഴ്ച ഉച്ചക്ക് 12നാണ് വയോധികയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു കവര്‍ച്ച. വയോധിക അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ രണ്ടുപേര്‍ വീടിനുള്ളില്‍ കയറി വാതില്‍ കുറ്റിയിട്ട ശേഷം വയോധികയെ അടുക്കളയില്‍നിന്ന് വലിച്ചിഴച്ച് മുറിയിലെത്തിച്ചു. തുണികൊണ്ട് കൈകാലുകള്‍ കെട്ടുകയും വായില്‍ തുണി തിരുകുകയും ചെയ്തു. അഞ്ചുപവന്റെ സ്വര്‍ണമാല പറിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയതോടെ മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. നാട്ടുകാരുടെ സഹായത്തോടെയാണ് അര്‍ബാസ് ഖാന്‍ പിടികൂടിയത്. പ്രതിയുമായി നടത്തിയ തെളിവെടുപ്പിലാണ് ഉപേക്ഷിച്ച തോക്ക് കണ്ടെടുത്തത്. തോക്ക് വയോധിക തിരിച്ചറിഞ്ഞിട്ടുണ്ട്.

 

Latest News