Sorry, you need to enable JavaScript to visit this website.
Monday , March   30, 2020
Monday , March   30, 2020

കോപ്പിയടി വിവാദത്തിൽ ആടിയുലയുന്ന പി.എസ്.സി

നിലവിലുള്ള പി.എസ്.സി പൂർണമായും  ഭരണകക്ഷിയുടെ ആളുകളുടെ കൈയിലാണ്. പുറത്തുള്ള ആരുമില്ല. അതുകൊണ്ട് തന്നെ തൊട്ടാൽ പൊള്ളുന്ന പി.എസ്.സി പരീക്ഷയിലെ  ഗൈഡ്  ‘കോപ്പിയടി ‘ വിഷയം എത്ര കാര്യക്ഷമമായി കൈകാര്യം ചെയ്യാനാകും എന്നാകണം രാഷ്ട്രീയ-ഭരണ  നേതൃത്വം ആലോചിക്കേണ്ടത്. 

പി.എസ്.സി എന്ന ഭരണഘടനാ സ്ഥാപനം വീണ്ടും ഗുരുതരമായ ആരോപണങ്ങളുടെ പേരിൽ സംശയ നിഴലിലാവുകയാണ്. സർക്കാർ ആഘോഷപൂർവം നടപ്പാക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്കുള്ള (കെ.എ.എസ്) ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാനുള്ള പരീക്ഷയിലാണ് ഏറ്റവും അവസാനം വിവാദം ഉയർന്നിരിക്കുന്നത്. 1536 കേന്ദ്രങ്ങളിലായി നാല് ലക്ഷം പേർ കെ.എ.എസ്  പരീക്ഷയെഴുതി. കടുകട്ടിയുള്ള ചോദ്യങ്ങളായിരുന്നുവെന്നാണ് ഉദ്യോഗാർഥികൾ സങ്കടപ്പെട്ടത്. അങ്ങനെയൊരു പരീക്ഷയെക്കുറിച്ചാണിപ്പോൾ ആരോപണം വന്നിരിക്കുന്നതെന്നതാണ് ഗൗരവമുള്ള കാര്യം. 
സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള തിരുവനന്തപുരത്തെ പി.എസ്.സി കോച്ചിങ് സെന്ററുകളിലാണിപ്പോൾ വിവാദത്തിന്റെ പേരിൽ പരിശോധനയും ബഹളവുമൊക്കെ നടക്കുന്നത്.  തമ്പാനൂരിലെ വീറ്റോ, ലക്ഷ്യ എന്നീ സ്ഥാപനങ്ങളിലാണ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡ് നടത്തിയത്. ഇവയിൽ ലക്ഷ്യയുടെ ഉടമസ്ഥൻ സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പ് ഉദ്യോഗസ്ഥനായ ഷിബു കെ. നായരും വീറ്റോയുടെ ഉടമ അതേ വകുപ്പിലെ രഞ്ജൻ രാജുമാണെന്നാണ് പ്രാഥമിക വിവരം. റാങ്ക് ലഭിക്കാൻ പരിശീലന സ്ഥാപനങ്ങൾ തമ്മിൽ വലിയ മത്സരം നടക്കുന്ന സാഹചര്യത്തിൽ ചോദ്യപേപ്പർ ചോർച്ച തള്ളിക്കളയാൻ കഴിയാത്ത സാധ്യതയാണെന്ന് വിജിലൻസ് സംവിധാനം വിശ്വസിക്കുന്നു.  ശനിയാഴ്ച നടന്ന രണ്ടാം  കെ.എ.എസ് പരീക്ഷയിൽ തിരുവനന്തപുരത്തെ ഐ.എ.എസ്  പരിശീലന കേന്ദ്രം പുറത്തിറക്കിയ ഗൈഡിലെ ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. തിരുവനന്തപുരം വെള്ളയമ്പലം അമ്പലത്തറ നഗറിലെ എൻലൈവൻ എന്ന ഐ.എ.എസ് പരിശീലന കേന്ദ്രം പുറത്തിറക്കിയ ‘ഹാന്റ് ബുക്ക് ഓൺ ഇക്കണോമിക്‌സ് ആന്റ് കേരള ഹിസ്റ്ററി ഫോർ കെ.എ.എസ് ‘ എന്ന പുസ്തകത്തിൽ നിന്നാണ് രണ്ടാം പേപ്പറിലെ മിക്ക ചോദ്യങ്ങളും എന്നതാണ് ആക്ഷേപമായി ഉയർന്നിരിക്കുന്നത്. ഇക്കാര്യം കാണിച്ച് ഉദ്യോഗാർഥികൾ പി.എസ്.സി ചെയർമാനും വിജിലൻസിനും ഒരേ സമയം പരാതി കൊടുക്കുന്നുണ്ട്. മറ്റു ചില പുസ്തകങ്ങളും വിശദമായ  പരിശോധനയിലാണ്. പി.എസ്.സിയുടെ നിയമമനുസരിച്ച് ഗൈഡുകളിൽ നിന്ന് ചോദ്യമുണ്ടാക്കാൻ പാടില്ല. ഇതൊന്നും പക്ഷേ കാലാകാലങ്ങളിൽ നിലവിൽ വരുന്ന സംവിധാനങ്ങൾ പാലിക്കാറില്ല. ചെയർമാന്റെ ഓഫീസ് നിയോഗിക്കുന്ന പാനലിൽ നിന്നുള്ളവർക്കാണ് ചോദ്യ പേപ്പർ തയാറാക്കാനുള്ള ചുമതല. അവർക്ക് പരീക്ഷാ നടത്തിപ്പ് ചുമതലയുള്ളയാൾ  നിർദേശം കൊടുക്കും. എവിടെ നിന്നാണ് ചോദ്യങ്ങൾ വരുന്നതെന്നറിയുന്നത് ഇപ്പറഞ്ഞ വ്യക്തികൾക്ക് മാത്രം. 
2012 ലും 2018 ലും കഴിഞ്ഞ വർഷവും ചില പരീക്ഷകളിൽ സമാന ആരോപണം ഉയർന്നിരുന്നു. ആരോപണങ്ങൾ പലതും ശരിയാണെന്നും പിന്നീട് ബോധ്യപ്പെട്ടു. ചില പ്രത്യേക ഗൈഡുകളിൽ നിന്ന് ചോദ്യങ്ങൾ വന്നു എന്നതായിരുന്നു അന്നത്തെയും ആക്ഷേപം. 
ചോദ്യങ്ങളെക്കുറിച്ച എന്തെങ്കിലും സൂചനകൾ കോച്ചിങ് സെന്റർ നടത്തിപ്പുകാർക്ക് ലഭിച്ചിരുന്നോ എന്നതാണ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ പ്രധാനമായും അന്വേഷിക്കേണ്ടി വരിക.  കോച്ചിങ് സെന്ററുകളിലെ അധ്യാപകരും ചോദ്യം തയാറാക്കുന്ന വ്യക്തികളും തമ്മിൽ ഏത് തരിത്തിലെല്ലാം ബന്ധപ്പെട്ടിരുന്നു എന്ന് കണ്ടെത്താതെ പോലീസിന് കീഴിലെ വിജിലൻസ് സംവിധാനത്തിന് കഴിയില്ല. ഇതിനായി അവർക്ക് വിവിധ പരീക്ഷാ വിഷയങ്ങളിൽ കൂടുതൽ അറിവുള്ളവരുടെ  സഹായവും തേടേണ്ടി വരും. 
ആദ്യം നടത്തിയ പരിശോധനയിൽ വീറ്റോ എന്ന  സെന്ററിൽ ക്ലാസെടുത്തുകൊണ്ടിരുന്ന ഉദ്യോഗസ്ഥൻ പിടിയിലായത് അന്വേഷണത്തിലെ നല്ല ലക്ഷണമാണ്. വെഞ്ഞാറമൂട് അഗ്നിരക്ഷ സേനാ യൂനിറ്റിലെ ഫയർമാൻ (ഡ്രൈവർ) യു.കെ. സുമേഷാണ്  കൈയോടെ പിടിക്കപ്പെട്ടത്. സെക്രട്ടറിയേറ്റിലെ പല ഉദ്യോഗസ്ഥരും ഇതുപോലെ വിവിധ സെന്ററുകളിൽ പരിശീലകരായി സാമ്പത്തിക നേട്ടമുണ്ടാക്കുന്നുണ്ടാകും  എന്നാണ് വിജിലൻസ് കരുതുന്നത്. 
സെക്രട്ടറിയേറ്റ് ഉദ്യേഗസ്ഥർക്ക് ഇപ്രകാരം പുറത്ത് പോയി ക്ലാസെടുക്കുന്നതിൽ നിയമ തടസ്സമൊന്നുമില്ലെന്നാണ് കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ പങ്കെടുത്ത സെക്രട്ടറിയേറ്റ് എംപ്ലോയീസ് യൂനിയൻ വനിതാ നേതാവ്  പറഞ്ഞത്. ജോലി സമയത്താണോ ഇവർ ക്ലാസെടുത്തത് എന്ന നിയമ സാങ്കേതികത്വം വെച്ച് ഇത്തരക്കാരെ പിടികൂടാനാണ് വിജിലൻസ് ആലോചിക്കുന്നത്. ഇതിനായി പരിശീലകർ കൈപ്പറ്റിയ പ്രതിഫലത്തിന്റെ വൗച്ചറും മറ്റും വിജിലൻസിന്റെ കൈയിലെത്തിക്കഴിഞ്ഞു. സംശയ നിഴലിലുള്ള സ്ഥാപനങ്ങളിൽ പഠിച്ച വിദ്യാർഥികളുടെ വിലാസവും രേഖകളുമൊക്കെ പെട്ടെന്ന് നടത്തിയ പരിശോധനയിൽ വിജിലൻസിന്റെ കൈവശമെത്തിയ തെളിവുകളിൽ പെടുന്നു. ഇവരിൽ നിന്നെല്ലാം കേസിന്  ആവശ്യമായ വിവരങ്ങൾ ലഭിക്കുമെന്ന്  വിജിലൻസ് കരുതുന്നു. 
തൊഴിലന്വേഷകരുടെ ആധിക്യമുള്ള നാടാണ് കേരളം. അത് ഇന്ത്യൻ ശരാശരിയേക്കാൾ എത്രയോ കൂടുതലാണ്.  അതുകൊണ്ട് തന്നെ നാട്ടിൻപുറത്തും നഗരത്തിലും പി.എസ്.സി കോച്ചിങ് സെന്ററുകൾ വ്യാപകം.  ആയിരങ്ങൾ ജോലിക്കായി ആശയോടെ ഉറ്റുനോക്കുന്ന പി.എസ്.സിയുടെ വിശ്വാസ്യത നിലനിർത്തുക എന്നത് സർക്കാറിന് മുന്നിലെ വലിയ വെല്ലുവിളിയായിത്തീർന്നിട്ടുണ്ട്.
പി.എസ്.സി റാങ്കുകാർ കോച്ചിങ് സെന്റർ പരസ്യത്തിൽ മോഡലുകളാകുന്നത് തടയുമെന്ന് പി.എസ്.സി ചെയർമാൻ എം.കെ. സക്കീറിന്റേതായി വന്ന പ്രഖ്യാപനത്തിന് പിന്നിലും ഭരണ സംവിധാനം  ഇക്കാര്യത്തിൽ വെച്ചു പുലർത്തുന്ന ആഴത്തിലുള്ള ആശങ്കയാണെന്ന് വേണം കരുതാൻ. വിജിലൻസ് കണ്ടെത്തൽ അതീവ ഗൗരവമുള്ളതെണെന്നാണ് ചെയർമാൻ പറഞ്ഞത്. സർക്കാർ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട ചെയർമാൻ, കോച്ചിങ് സെന്ററുകളുമായി പി.എസ്.സിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഉറപ്പിച്ചു പറയുന്നുണ്ട്. 
പി.എസ്.സിയിലെ അംഗങ്ങളെയും ചെയർമാനെയുമെല്ലാം കാലാകാലം മാറിവരുന്ന സർക്കാറുകളാണ് നിയമിക്കുന്നത്. ഇപ്പോൾ നിലവിലുള്ള പി.എസ്.സി പൂർണമായും  ഭരണകക്ഷിയുടെ ആളുകളുടെ കൈയിലാണ്. പുറത്തുള്ള ആരുമില്ല.  അതുകൊണ്ട് തന്നെ തൊട്ടാൽ പൊള്ളുന്ന, പി.എസ്.സി പരീക്ഷയിലെ  ഗൈഡ്  ‘കോപ്പിയടി ‘ വിഷയം എത്ര കാര്യക്ഷമമായി കൈകാര്യം ചെയ്യാനാകും എന്നാകണം  രാഷ്ട്രീയ-ഭരണ  നേതൃത്വം ആലോചിക്കേണ്ടത്. 
അല്ലെങ്കിൽ വന്നുഭവിക്കുന്ന പരിക്കിൽ നിന്ന് രക്ഷപ്പെടുകയെന്നത് എത്രയോ പ്രയാസകരമായിരിക്കും.  ഹോ, അതൊന്നും സാരമില്ല എന്ന ലളിത മട്ടൊന്നും പി.എസ്.സി പരീക്ഷാ കോപ്പിയടിയുടെ കാര്യത്തിൽ നടക്കില്ലെന്നതിന് ഒന്നാന്തരം തെളിവ് കേരളീയരുടെ മനസ്സിലുണ്ട്. വർഷങ്ങൾക്ക് മുമ്പ് നടന്ന പി.എസ്.സി നിയമന തട്ടിപ്പിൽ സി.പി.ഐയുടെ ചില സർവീസ് സംഘടനാ നേതാക്കളുടെ പേര് പുറത്ത് വന്നത് കേരള രാഷ്ട്രീയത്തിൽ മാതൃപാർട്ടിയെ എത്ര മാത്രം പിടിച്ചുലച്ചെന്ന് ഞെട്ടലോടെയായിരിക്കും അവരെല്ലാം  ഇന്നും ഓർക്കുന്നുണ്ടാവുക.
 

Latest News