Sorry, you need to enable JavaScript to visit this website.

വഡോദര, സൂറത്ത് വഴി ജോധ്പുരിലേക്ക് 

മുംബൈയിൽ നിന്നും പുലർച്ചെ നാലു മണിക്ക് തന്നെ എണീറ്റ് പ്രഭാത കൃത്യങ്ങൾ നിർവഹിച്ചു യാത്ര തുടർന്നു. നേരം പുലർന്നപ്പോഴേക്കും 290 കിലോമീറ്റർ താണ്ടി ഗുജറാത്തിലെ സൂറത്തിൽ എത്തി. പ്രഭാത ഭക്ഷണത്തിന് ശേഷം വഡോദരയിലേക്ക്. 
ഇടക്ക് ബറൂച്ച് എന്ന സ്ഥലത്ത് ഇവരുടെ മറ്റൊരു ബന്ധുവിനെ കൂടി കാണണം. അവിടെവെച്ച് അദ്ദേഹത്തോടൊപ്പം രാജസ്ഥാനി വെജിറ്റേറിയൻ റസ്‌റ്റോറന്റിൽ കയറി. പരമ്പരാഗതമായ രീതിയിൽ തന്നെയായിരുന്നു അവിടെയും ഭക്ഷണം കഴിച്ചത്. വൈകിട്ട് 5 മണിയോടെ വഡോദരയിൽ എത്തി. 


വഡോദരയിൽ എത്തിയപ്പോഴേക്കും കൂടെയുള്ള പൂനംജിക്ക് ശരീരത്തിന് എന്തൊക്കെയോ അസ്വാസ്ഥ്യം തോന്നിയിരുന്നു. അവിടെയുള്ള ബന്ധുക്കളെയും കൂട്ടി അടുത്തുള്ള ഒരു ഡോക്ടറെ കണ്ടു. ഡോക്ടർ നൽകിയ മരുന്ന് കുടിച്ച് അൽപം വിശ്രമിക്കാൻ നിർദേശിച്ചു. രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞിട്ടും യാതൊരു ശമനവുമില്ല. ശക്തമായ നെഞ്ചെരിച്ചിലാണ്. മറ്റൊരു ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ അവിടെ അഡ്മിറ്റ് ചെയ്യണം, രാവിലെ പരിശോധന കഴിഞ്ഞതിനു ശേഷം മാത്രമേ യാത്ര തുടരാൻ പറ്റുള്ളൂ എന്ന് പറഞ്ഞു. 


ഗജേന്ദ്രയുടെ നിർദേശമനുസരിച്ച് ഞാൻ രാത്രി 10 മണിക്ക് വഡോദരയിൽ നിന്നും പുറപ്പെടുന്ന ജോധ്പുർ ബസിൽ കയറി. പിറ്റേ ദിവസം രാവിലെ 8 മണിയോടു കൂടി ബസ് ജോധ്പുരിൽ എത്തും. അവിടെ ജയ്‌സാൽമീറിൽ ഉള്ള ഗജേന്ദ്രയുടെ അനുജൻ ഹേമന്ദും സുഹൃത്തുക്കളും എന്നെ സ്വീകരിക്കാൻ വരും. അന്നേ ദിവസം ജോധ്പുരിലെ കാഴ്ചകളൊക്കെ കാണുകയും രാത്രിയോടു കൂടി വഡോദരയിൽ നിന്നും തിരിക്കുന്ന സ്‌കോർപിയോയിൽ കയറി ജയ്‌സാൽമീറിലേക്ക് പോകുകയും ചെയ്യാം. സ്ലീപ്പർ ബസാണ്. അപ്പർ ബർത്തിൽ ആണ് ഇടം കിട്ടിയത്. കയറിയ പാടെ നല്ല ഉറക്കം പിടിച്ചു. 


ഇന്ത്യയിലെ ബ്ലൂ സിറ്റി എന്നറിയപ്പെടുന്ന ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങൾ കൊണ്ട് പ്രശസ്തമാണ് ജോധ്പുർ. പതിനഞ്ചാം നൂറ്റാണ്ടിൽ മാൻഡോറിലെ രാജാവായിരുന്ന റാവോ ജോധാ റാത്തോർ ആണ് ഈ പട്ടണം സ്ഥാപിച്ചത്. രാജസ്ഥാനിൽ പിങ്ക് സിറ്റിയായ ജയ്പുർ കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ സിറ്റിയാണ് ജോധ്പുർ. 
ഹോട്ടലിൽ റൂം എടുത്ത് ഫ്രെഷായി ഹേമന്ദിന്റെയും കൂട്ടുകാരന്റെയും കൂടെ കാറിൽ ചുറ്റിക്കറങ്ങാൻ ഇറങ്ങി. ജോധ്പുരിലെ പ്രശസ്തമായ കച്ചോരിയും മിർച് വടയും കഴിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള മാൻഡോർ ഗാർഡനിൽ എത്തി. ഇന്ത്യയിലെ മറ്റു പുരാതന ഉദ്യാനങ്ങളമായി താരതമ്യം ചെയ്യുമ്പോൾ എടുത്തു പറയത്തക്ക വിശേഷങ്ങൾ ഒന്നും ഇല്ലാത്ത ഉദ്യാനം. 


അവിടെ ചുറ്റിക്കണ്ടതിനു ശേഷം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോട്ടകൊത്തളങ്ങളിൽ ഒന്നായ മെഹ്‌റാൻഗർ കോട്ടയിലെത്തി. ഒരു വലിയ മലയുടെ ഉച്ചിയിൽ ആണ് കോട്ട സ്ഥിതി ചെയ്യുന്നത്. വളരെ ദൂരെ നിന്നു തന്നെ കോട്ടയുടെ തലയെടുപ്പ് കാണാം. 1459 ൽ  രാജാ റാവോ ജോധയുടെ കാലത്ത് നിർമാണം തുടങ്ങിയ കോട്ട അഞ്ച്  കിലോമീറ്റർ വിസ്തൃതിയിലാണ് പരന്നുകിടക്കുന്നത്. മണിക്കൂറോളം നടന്നു കാണാനുള്ള ചരിത്ര സ്മാരകങ്ങൾ കോട്ടക്കകത്ത് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. വിദേശികളും സ്വദേശികളുമായ നൂറുകണക്കിന് സന്ദർശകർക്കൊപ്പം ഞങ്ങളും കൺകുളിർക്കേ കണ്ടു.


ഏതാനും ദൂരം അകലെയുള്ള ഉമൈദ് ഭവൻ പാലസാണ് അടുത്ത ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ ഭവനങ്ങളിൽ ഒന്നായ പാലസ് ഇന്ന് താജ് ഗ്രൂപ്പിന്റെ അത്യാഡംബര ഹോട്ടലാണ്. പാലസിന്റെ ഒരു ഭാഗം മ്യൂസിയമായി പ്രവർത്തിക്കുന്നുണ്ട്. 1928 ൽ മഹാരാജാ ഉമൈദ് സിംഗിന്റെ കാലത്ത് പണിതുടങ്ങിയ പാലസ് 1943 ൽ പൂർത്തിയായി. അദ്ദേഹത്തിന്റെ പൗത്രനായ ഗജ് സിങ് ആണ് ഇപ്പോൾ പാലസിന്റെ ഉടമസ്ഥൻ. പാലസിൽ ഒരു ദിവസം താമസിക്കണമെങ്കിൽ ലക്ഷക്കണക്കിന് രൂപ വാടക ആകും. ലോകത്തെ ഏറ്റവും മികച്ച അത്യാഡംബര ഹോട്ടലിനുള്ള  നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഹോട്ടലാണ് ഉമൈദ് ഭവൻ പാലസ് ഹോട്ടൽ. അന്നത്തെ കറക്കം കഴിഞ്ഞു തിരിച്ചു ഹോട്ടലിൽ എത്തിയപ്പോഴേക്കും വഡോദരയിൽ നിന്നും ഗജേന്ദ്രയും കൂട്ടരും സ്‌കോർപിയോയിൽ എത്തി. പൂനംജിയുടെ ചെക്കപ്പ് എല്ലാം കഴിഞ്ഞു. സ്‌റ്റോണിന്റെ പ്രശ്‌നമാണ്.

ഉടൻ ഓപറേഷൻ വേണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് അവർ ഹോസ്പിറ്റൽ വിട്ടത്. പിറ്റേന്ന് ജോധ്പുരിലെ മികച്ച ഒരു ഡോക്ടറുടെ അടുത്ത്  ബുക്ക് ചെയ്തിട്ടുണ്ട്. രാത്രി അവരോടൊപ്പം അവരുടെ സ്വന്തം ഗ്രാമമായ ജിയാബേരിയിലേക്ക് തിരിച്ചു. ജോധ്പുരിൽ നിന്നും ജയ്‌സൽമേർ റോഡിലൂടെ 50 കിലോമീറ്റർ ഉള്ളിലേക്ക് ആണ് താർ മരുഭൂമിയിലെ വശ്യസുന്ദരമായ ഈ മരുഭൂ ഗ്രാമം സ്ഥിതിചെയ്യുന്നത്. രാത്രി 12 മണിയോടെ ഗ്രാമത്തിലെത്തി. യാത്രാ ക്ഷീണം കൊണ്ട് പെട്ടെന്ന് തന്നെ കിടന്നുറങ്ങി. 

Latest News