വെല്‍ഫെയര്‍ പാര്‍ട്ടി രാജ്ഭവന്‍ ഉപരോധം തുടങ്ങി; ഉദ്ഘാടനം ചെയ്തത് 90 കാരി അസ്മ ഖാത്തൂന്‍

തിരുവനന്തപുരം-പൗരത്വ നിയമത്തിനെതിരെ സംഘടിപ്പിക്കുന്ന രണ്ടാംഘട്ട സമരമാണിതെന്നും ദല്‍ഹിയിലേക്ക് വ്യാപിപ്പിക്കേണ്ടി വന്നാല്‍ അതും ചെയ്യുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. 30 മണിക്കൂര്‍ നീളുന്ന രാജ്ഭവന്‍ ഉപരോധമായ 'ഒക്കുപൈ രാജ്ഭവന്‍' ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഉപരോധം ദല്‍ഹിയില്‍ ഷാഹീന്‍ ബാഗ് സമരത്തിനു നേതൃത്വം നല്‍കുന്ന 90 കാരിയായ അസ്മ ഖാത്തൂന്‍ ഉദ്ഘാടനം ചെയ്തു. നിര്‍ഭയം സമരരംഗത്ത് ഉറച്ചുനില്‍ക്കണമെന്നും മരണം ദൈവനിശ്ചിതമാണെന്നും അവര്‍ പറഞ്ഞു. അടൂര്‍ പ്രകാശ് എം.പി പ്രസംഗിച്ചു.

30 മണിക്കൂര്‍ നീളുന്ന പ്രക്ഷോഭം ബുധനാഴ്ച സമാപിക്കും. ഡല്‍ഹി ശാഹീന്‍ബാഗിലെ സമര നായികമാരായ ബല്‍കീസ്, സര്‍വാരി എന്നിവരും ജാമിഅ മില്ലിയ സമര നായിക ആയിശാ റെന്നയും മുഖ്യാതിഥികളായി പങ്കെടുക്കുന്നുണ്ട്.

വിവിധ സെഷനുകളിലായി വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ്.ക്യു.ആര്‍. ഇല്യാസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എം.പിമാരായ കെ. മുരളീധരന്‍, ബെന്നി ബഹനാന്‍, അടൂര്‍ പ്രകാശ്, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, എം.എം. ഹസ്സന്‍, കെ. അംബുജാക്ഷന്‍, വി.ടി. അബ്ദുല്ലക്കോയ, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.

 

Latest News