ദല്‍ഹിയില്‍ കല്ലേറും തീവെപ്പും തുടരുന്നു; ദ്രുതകര്‍മ സേന മാര്‍ച്ച് നടത്തി

ദ്രുതകര്‍മ സേന അംഗങ്ങള്‍ ദല്‍ഹി ബ്രഹാംപുരിയില്‍. ഫോട്ടോ: എ.എന്‍.ഐ

ന്യൂദല്‍ഹി- ദല്‍ഹിയിലെ ബ്രഹാംപുരി പ്രദേശത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പോലീസും ദ്രുതകര്‍മ സേനയും ഫ് ളാഗ് മാര്‍ച്ച് നടത്തി. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തിനു പിന്നാലെ ഇന്നു രാവിലെയാണ് ബ്രഹാംപുരിയിലും മൗജ്പുരിലും കല്ലേറുണ്ടായത്.

പ്രദേശത്തുനിന്ന് ദ്രുതകര്‍മസേന രണ്ട് കാലി വെടിയുണ്ട ഷെല്ലുകള്‍ കണ്ടെടുത്തു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

സംഘര്‍ഷത്തിനു അയവുവന്നിട്ടില്ലെന്നും അക്രമ സംഭവങ്ങള്‍ നടക്കുന്നതായി തുടര്‍ച്ചയായി ടെലിഫോണ്‍ കാളുകള്‍ ലഭിക്കുകയാണെന്നും ദല്‍ഹി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് മുതല്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിവരെ തീയണക്കുന്നതിന് 45 ഫോണ്‍ കോള്‍ ലഭിച്ചുവെന്ന് അഗ്നിശമന സേനാ ഡയരക്ടര്‍ പറഞ്ഞു. ഒരു വാഹനം കത്തിച്ചതായും മൂന്ന് അഗ്നിശമന സൈനികര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ സംഘര്‍ഷബാധിത പ്രദേശങ്ങളിലെ എം.എല്‍.എമാരുടേയും ഉദ്യോഗസ്ഥരുടേയും അടിയന്തര യോഗം തന്റെ വസതിയില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ദല്‍ഹിയിലെ ക്രമസമാധാനനില ചര്‍ച്ച ചെയ്യാന്‍ ഇന്നലെ രാത്രി വൈകി ആഭ്യന്തര മന്ത്രി അമിത് ഷാ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടേയും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചിരുന്നു. അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട കലാപത്തില്‍ 105 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് പോലീസ് നല്‍കുന്ന കണക്ക്.

 

 

Latest News