Sorry, you need to enable JavaScript to visit this website.

ചെറുകിട സ്ഥാപനങ്ങൾക്ക് അടുത്ത വർഷം മുതൽ ലെവി ഇളവ്

റിയാദ് - ജീവനക്കാരുടെ എണ്ണം അഞ്ചിൽ കവിയാത്ത ചെറുകിട സ്ഥാപനങ്ങൾക്ക് ലെവി ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പുതിയ ലെവി ഇളവ് അടുത്ത ജനുവരി ഒന്നു മുതലാണ് നടപ്പാക്കി തുടങ്ങുക. 
ഒമ്പതും അതിൽ കുറവും ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലെ നാലു തൊഴിലാളികൾക്കും ലെവി ഇളവ് അനുവദിക്കും. ഇതിന് ഉടമയായ സൗദി പൗരൻ ഫുൾടൈം അടിസ്ഥാനത്തിൽ സ്ഥാപന നടത്തിപ്പ് വഹിക്കണമെന്നും മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാരനെന്നോണം രജിസ്റ്റർ ചെയ്യാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. 


താൽക്കാലിക കരാർ അടിസ്ഥാനത്തിൽ ഗാർഹിക തൊഴിലാളികളെ കൈമാറുന്ന മേഖലയിൽ പ്രവർത്തിക്കുന്ന റിക്രൂട്ട്‌മെന്റ് കമ്പനികളിലെയും ഓഫീസുകളിലെയും ജീവനക്കാരെയും ലെവിയിൽനിന്ന് ഒഴിവാക്കും. 
ഗൾഫ് പൗരന്മാർക്കും സൗദി വനിതകളുടെ വിദേശികളായ ഭർത്താക്കന്മാർക്കും സൗദി പൗരന്മാരുടെ വിദേശികളായ ഭാര്യമാർക്കും വിദേശികളുമായുള്ള വിവാഹബന്ധത്തിൽ സൗദി വനിതകൾക്ക് പിറന്ന, സൗദി പൗരത്വം ലഭിക്കാത്ത മക്കൾക്കും ലെവി ഇളവ് ലഭിക്കുമെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. 


ഫുൾടൈം അടിസ്ഥാനത്തിൽ സ്ഥാപന നടത്തിപ്പ് വഹിക്കുന്ന ഉടമ അടക്കം ഒമ്പതും അതിൽ കുറവും ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലെ നാലു തൊഴിലാളികൾക്ക് വീതം ലെവി ഇളവ് അനുവദിക്കുന്നതിന് ആറു വർഷം മുമ്പ് ബന്ധപ്പെട്ട വകുപ്പുകൾ തീരുമാനിച്ചിരുന്നു. അഞ്ചു വർഷത്തേക്കാണ് ഇത്തരം സ്ഥാപനങ്ങൾക്ക് ലെവി ഇളവ് അനുവദിച്ചത്. ഇതിനു ശേഷം മറ്റു സ്ഥാപനങ്ങളെ പോലെ ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ലെവി ബാധകമാക്കി. പുതുതായി ആരംഭിച്ച ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അപ്രതീക്ഷിതമായി ലെവി ബാധകമാക്കി തുടങ്ങി. ഒമ്പതും അതിൽ കുറവും ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ നാലു തൊഴിലാളികൾക്കുള്ള ലെവി ഇളവ് നിർത്തിവെക്കാനുള്ള തീരുമാനത്തെ കുറിച്ച് മന്ത്രാലയം മുൻകൂട്ടി അറിയിച്ചിരുന്നില്ല. 


വ്യവസായ സ്ഥാപനങ്ങൾക്ക് അഞ്ചു വർഷത്തേക്ക് ലെവി ഇളവ് അനുവദിച്ചിട്ടുണ്ട്. വ്യവസായ മേഖലയിൽ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള അടിയന്തര പോംവഴികൾ ബന്ധപ്പെട്ട വകുപ്പുകൾ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ലെവി ഇളവ് അനുവദിക്കുന്നതിന് ഉന്നതാധികൃതർ തീരുമാനിച്ചത്. വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾക്ക് അനുസൃതമായി വ്യവസായ മേഖലയിൽ നിക്ഷേപം വർധിപ്പിക്കുന്നതിനും കയറ്റുമതി ഉയർത്തുന്നതിനും സ്വീകരിക്കേണ്ട നടപടികളുടെ ഭാഗമായാണ് വ്യവസായശാലകളിലെ വിദേശ തൊഴിലാളികൾക്ക് ലെവി ഇളവ് അനുവദിച്ചത്. ലെവി ഇളവ് തീരുമാനം ഒക്‌ടോബർ ഒന്നു മുതൽ നിലവിൽ വന്നു. വ്യവസായ സ്ഥാപനങ്ങൾക്ക് അഞ്ചു വർഷത്തേക്കാണ് ലെവിയിൽ നിന്ന് ഇളവ് നൽകുന്നത്. 
ഈ ആനുകൂല്യം ലഭിക്കുന്നതിന് വ്യവസായ സ്ഥാപനങ്ങൾ സൗദിവൽക്കരണം പാലിക്കൽ നിർബന്ധമാണ്. വ്യവസായ മന്ത്രാലയത്തിൽനിന്നുള്ള വ്യവസായ ലൈസൻസോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു മാത്രമാണ് ലെവി ഇളവ് ലഭിക്കുക. 


സൗദി ജീവനക്കാരുടെ എണ്ണം വിദേശ തൊഴിലാളികളുടെ എണ്ണത്തേക്കാൾ കൂടുതലോ സമമോ ആയ വ്യവസായ സ്ഥാപനങ്ങൾക്കാണ് വിദേശികൾക്ക് പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുമ്പോഴും വർക്ക് പെർമിറ്റ് പുതുക്കുമ്പോഴും ലെവി ഇളവ് ലഭിക്കുക. വിദേശ തൊഴിലാളികളെക്കാൾ കുറവാണ് സ്വദേശി ജീവനക്കാരുടെ എണ്ണമെങ്കിൽ അത്തരം സ്ഥാപനങ്ങൾക്ക് സൗദി ജീവനക്കാരുടെ എണ്ണം ഉയർത്തിയാൽ മാത്രമാണ് ലെവി ഇളവിന് അവകാശമുണ്ടാവുക. 

 

Latest News