Sorry, you need to enable JavaScript to visit this website.

സാമ്പത്തിക പ്രതിസന്ധി: ഹജിന് അവസരം  ലഭിച്ച ആയിരത്തിലേറെ പേർ റദ്ദാക്കി

കൊണ്ടോട്ടി - ഇന്ത്യയിൽ ഈ വർഷത്തെ ഹജ് തീർഥാടനത്തിന് അവസരം ലഭിച്ചവരിൽ ആയിരത്തിലേറെ പേർ യാത്ര റദ്ദാക്കി. സാമ്പത്തിക പ്രതിസന്ധിയാണ് ഹജ് തീർഥാടകർ യാത്ര റദ്ദാക്കാൻ മുഖ്യകാരണം.
  കേരളത്തിൽ ഹജിന് അവസരം ലഭിച്ചവരിൽ ഇതിനകം നൂറിലേറെ പേർ യാത്ര റദ്ദാക്കിയിട്ടുണ്ട്. ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ 250 ലേറെ പേരാണ് യാത്ര റദ്ദാക്കിയത്. മറ്റിടങ്ങളിൽ 50 മുതൽ 200 വരെ പേർ യാത്ര റദ്ദാക്കി. ഹജിന്റെ ആദ്യഗഡു പണം 81,000 രൂപ അടക്കുന്നതിന് മുമ്പായാണ് ആയിരത്തിലേറെ പേർ യാത്ര ഒഴിവാക്കിയത്. ആദ്യ ഗഡു പണം അടക്കേണ്ട സമയപരിധി ഇന്ന് അവസാനിക്കും.


ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയും, മക്കയിലും മദീനയിലും കെട്ടിടങ്ങളുടെ വാടക നിരക്ക് വർധനവും മൂലം ഇത്തവണ തീർഥാടനത്തിന് ചെലവേറുന്നുണ്ട്. ആയതിനാൽ തന്നെ ഹജിന്റെ പണം ഈ വർഷം മൂന്ന് ഘട്ടങ്ങളിലായാണ് ഈടാക്കുന്നത്. അവസാന ഘട്ടത്തിലെ പണം യാത്രയുടെ ഒരു മാസം മുമ്പാണ് നൽകേണ്ടി വരിക. ഹജ് സബ്‌സിഡി ഒഴിവാക്കിയതിനാൽ വിമാന ടിക്കറ്റ് നിരക്ക് പൂർണമായും നൽകേണ്ടി വരും. ഇതോടെ ഹജ് തീർഥാടനത്തിന് മൂന്ന് ലക്ഷത്തോളം വരെ പണം നൽകേണ്ടി വരും.


  ശാരീരിക പ്രശ്‌നങ്ങളാണ് ചിലർക്ക് തീർഥടനത്തിന് തടസ്സമായത്. അപകടങ്ങളിൽ പെട്ടവരും, കൂടെ യാത്ര ചെയ്യേണ്ടവർ മരണപ്പെട്ടതിനാലും യാത്ര റദ്ദാക്കിയവരുമുണ്ട്. 
യാത്ര റദ്ദാക്കുന്നവരുടെ സീറ്റുകൾ അതത് ഹജ് കമ്മിറ്റികൾ കേന്ദ്രത്തെ അറിയിക്കുന്നുണ്ട്. ഈ സീറ്റുകളിൽ നിലവിലെ ഹജ് കാത്തിരിപ്പ് പട്ടികയിലുള്ളവർക്കാണ് അവസരം നൽകുക. ഇതിന് കേന്ദ്ര ഹജ് കമ്മിറ്റിയുടെ നിർദേശം ലഭിക്കുകയും വേണം. 
യാത്ര റദ്ദാക്കുന്നവരുടെ എണ്ണം ഇതര സംസ്ഥാനങ്ങളിൽ കൂടിയാൽ കേരളത്തിൽ നിന്ന് കൂടുതൽ പേർക്ക് അവസരം ലഭിക്കും. ഈ വർഷം ഹജ് അപേക്ഷകൾ എല്ലാ സംസ്ഥാനങ്ങളിലും മുൻ വർഷത്തേക്കാൾ കുറവാണ്.

Latest News