Sorry, you need to enable JavaScript to visit this website.

മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ രാജിവെച്ചു; അന്‍വര്‍ ഇബ്രാഹിമിനെ വീണ്ടും ഒതുക്കുന്നു

ക്വാലാലംപുര്‍- മലേഷ്യയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി  പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ അപ്രതീക്ഷിത രാജി. ഇന്നലെ ഉച്ചയോടെ സമര്‍പ്പിച്ച രാജി സ്വീകരിച്ച മലേഷ്യന്‍ രാജാവ് പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതുവരെ ഇടക്കാല പ്രധാനമന്ത്രിയായി തുടരാന്‍ മഹാതീറിനോട് ആവശ്യപ്പെട്ടു.

അധികാരം രണ്ടുവര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെയാണ് മഹാതീറിന്റെ പാര്‍ട്ടി ഭരണസംഖ്യത്തില്‍നിന്ന് പിന്മാറിക്കൊണ്ട് രാജി സമര്‍പ്പിച്ചിരിക്കുന്നത്. ഉച്ചക്ക് ഒരുമണിയോടെ രാജി സമര്‍പ്പിച്ചുവെന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തിയില്ല. പിന്നീട് രാജാവ് യാംഗ് ഡി പെര്‍ടുവാന്‍ രാജി സ്വീകരിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. പിന്‍ഗാമിയായി അന്‍വര്‍ ഇബ്രാഹിം അധികാരമേല്‍ക്കുന്നത് തടയാന്‍ പുതിയ സഖ്യം രൂപീകരിക്കണമെന്ന് മറ്റു സഖ്യകക്ഷികള്‍ മഹാതീറില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. മഹാതീര്‍ രാജി സമര്‍പ്പിക്കുന്നതിനു മുമ്പായി അദ്ദേഹത്തിന്റെ കക്ഷിയായ ബെര്‍സാത്തു പാര്‍ട്ടി സഖ്യം വിടുകയാണെന്നു പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം 11 ജനപ്രതിനിധികള്‍ അന്‍വര്‍ ഇബ്രാഹിമിന്റെ പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുകയും ചെയ്തു. ഇതോടെ നിലവിലുണ്ടായിരുന്ന പാക്ട് ഓഫ് ഹോപ്പ് മുന്നണി തകര്‍ന്നുവെന്നും പുതിയ സഖ്യം രൂപീകരിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2018 ല്‍ ചരിത്ര വിജയം നേടിയ സഖ്യത്തിലെ അന്‍വറിന്റെ എതിരാളികളും പ്രതിപക്ഷ രാഷ്ട്രീയക്കാരും ചേര്‍ന്ന് പുതിയ സഖ്യം രൂപീകരിക്കാനുള്ള ശ്രമം കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു. മഹാതീറിന്റെ പിന്‍ഗാമിയായി അധികാരത്തിലേറുമെന്ന് കരുതിയ അന്‍വര്‍ ഇബ്രാഹിമിനെ ഒഴിവാക്കിയായിരിക്കും പുതിയ സഖ്യം. പ്രകൃതിവിരുദ്ധ ബന്ധം ആരോപിച്ച് വര്‍ഷങ്ങളോളം ജയിലിലടച്ച മുന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹിമും മഹാതീറും തമ്മില്‍ ഇണക്കവും പിണക്കവും ഉണ്ടായിരുന്നെങ്കിലും 2018 ലെ തെരഞ്ഞെടുപ്പില്‍ അഴിമതി സര്‍ക്കാരിനെ പുറത്താക്കാന്‍ ഒന്നിക്കുകയായിരുന്നു.

യു.എം.എന്‍.ഒ പാര്‍ട്ടിയുമായി ചേര്‍ന്ന് മഹാതീറിന്റെ പാര്‍ട്ടി പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ മഹാതിര്‍ മുഹമ്മദ് തന്നെ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തെത്തുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Latest News