Sorry, you need to enable JavaScript to visit this website.

റിയാദിലെ പ്രധാന  റോഡുകളുടെ മുഖഛായ മാറ്റുന്നു


റിയാദ് - തലസ്ഥാന നഗരിയിലെ പ്രധാന റോഡുകളും റിംഗ് റോഡുകളും വികസിപ്പിക്കുന്നതിന് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും റിയാദ് വികസന അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നിർദേശിച്ചു. റിയാദിൽ ഗതാഗത സംവിധാനത്തിന്റെ നിലവാരം ഉയർത്തുന്നതിനാണിത്. തലസ്ഥാന നഗരിയുടെ വ്യത്യസ്ത ഭാഗങ്ങളെ ഫലപ്രദമായി ബന്ധിപ്പിക്കാനും സുസ്ഥിര ഗതാഗത സേവനവും ലോജിസ്റ്റിക് സേവനങ്ങളും നൽകുന്നതിൽ മധ്യപൗരസ്ത്യ ദേശത്തെ പ്രധാന കേന്ദ്രമാക്കി പരിവർത്തിപ്പിക്കാനും ലോകത്തെ വൻകിട നഗരങ്ങൾക്കിടയിലെ മുൻനിര സ്ഥാനം മെച്ചപ്പെടുത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ആകെ 400 കിലോമീറ്റർ നീളത്തിൽ റോഡുകൾ വികസിപ്പിക്കുകയും പുതിയ റോഡുകൾ നിർമിക്കുകയും റോഡുകളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യും.


പദ്ധതിയുടെ ഭാഗമായി ഫസ്റ്റ് റിംഗ് റോഡിന്റെ ശേഷി ഉയർത്തുന്നതിന് 80 കിലോമീറ്റർ നീളത്തിൽ വികസിപ്പിക്കും. 73 കിലോമീറ്റർ നീളത്തിൽ സെക്കന്റ് റിംഗ് റോഡ് നിർമാണം പൂർത്തിയാക്കും. കിംഗ് ഫഹദ് റോഡ് 30 കിലോമീറ്റർ നീളത്തിലും കിംഗ് സൽമാൻ റോഡ് മുതൽ നോർത്ത് റിംഗ് റോഡ് വരെയും അബുദാബി ചത്വരം മുതൽ സൗത്ത് റിംഗ് റോഡ് വരെയും 27 കിലോമീറ്റർ നീളത്തിൽ കിംഗ് അബ്ദുൽ അസീസ് റോഡും വികസിപ്പിക്കും. കിംഗ് ഖാലിദ് റോഡ് മുതൽ സെക്കന്റ് ഈസ്റ്റ് റിംഗ് റോഡ് വരെ 23 കിലോമീറ്റർ നീളത്തിൽ ഇമാം സൗദ് ബിൻ ഫൈസൽ റോഡും പ്രിൻസ് തുർക്കി ബിൻ അബ്ദുൽ അസീസ് അൽഅവ്വൽ റോഡ് തെക്കു ദിശയിൽ സെക്കന്റ് സൗത്ത് റിംഗ് റോഡ് വരെ 45 കിലോമീറ്റർ നീളത്തിലും വികസിപ്പിക്കും. 


മക്ക റോഡ് മുതൽ ഈസ്റ്റ് റിംഗ് റോഡ് വരെ 17 കിലോമീറ്റർ നീളത്തിൽ സ്വലാഹുദ്ദീൻ അൽഅയ്യൂബി റോഡും കിംഗ് സൽമാൻ റോഡ് മുതൽ അൽഅറൂബ റോഡ് വരെയും മക്ക റോഡ് മുതൽ സൗത്ത് റിംഗ് റോഡ് വരെയും 16 കിലോമീറ്റർ നീളത്തിൽ ഉസ്മാൻ ബിൻ അഫാൻ റോഡും വികസിപ്പിക്കുന്നതിനും നിർദേശമുണ്ട്. അതിവേഗപാതാ ശൃംഖലകൾ വഴി തലസ്ഥാന നഗരിയുടെ വ്യത്യസ്ത ഭാഗങ്ങളെ പരസ്പരം ബന്ധിപ്പിക്കൽ, നഗരത്തിലൂടെ മറ്റിടങ്ങളിലേക്ക് കടന്നുപോകുന്ന വാഹനങ്ങൾ റിംഗ് റോഡ് ശൃംഖലകൾ വഴി ഉൾക്കൊള്ളൽ, നിലവിലെയും ഭാവിയിലെയും ഗതാഗത ആവശ്യങ്ങൾ നിറവേറ്റൽ, പ്രധാന റോഡുകളിലെ ശരാശരി വേഗപരിധി ഉയർത്തൽ, റിയാദിലെ പ്രധാന റോഡുകളിൽ യാത്രാ സമയം കുറക്കൽ എന്നിവ അടക്കം നിരവധി നേട്ടങ്ങൾ കൈവരിക്കുന്നതിന് പുതിയ പദ്ധതി സഹായകമാകും. തലസ്ഥാന നഗരിയിലെ വർധിച്ചുവരുന്ന ജനസംഖ്യാ വളർച്ചയുടെയും വൻ വികസന പദ്ധതികൾ നടപ്പാക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് റോഡ് വികസന പദ്ധതി നടപ്പാക്കുന്നതിന് കിരീടാവകാശി നിർദേശം നൽകിയത്. 


സാമ്പത്തിക, നഗരവൽക്കരണ, പരിസ്ഥിതി, സാംസ്‌കാരിക, വിനോദ സഞ്ചാര മേഖലകളിൽ റിയാദ് നഗരത്തിന്റെ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്താനും നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്തി മത്സര ക്ഷമത ഉയർത്താനും വ്യവസായികളെയും സന്ദർശകരെയും ആകർഷിക്കുന്ന കേന്ദ്രമാക്കി മാറ്റാനും ജീവിത നിലവാരം ഉയർത്താനും പദ്ധതി സഹായകമാകുമെന്നും വിലയിരുത്തപ്പെടുന്നു. 

 

Latest News