റിയാദ് - റിയാദ് ശിഫയിൽ നാലംഗ കവർച്ച സംഘത്തിന്റെ കുത്തേറ്റ് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് കൊടുവള്ളി കരുവൻ പൊയിൽ ആക്കോത്ത് അബ്ദുൽ ഗഫൂർ (43) ആണ് ഇന്നലെ രാവിലെ പത്ത് മണിയോടെ ശിഫ സനാഇയ്യയിൽ കറുത്ത വർഗക്കാരുടെ ആക്രമണത്തിൽ മരിച്ചത്.
ശിഫയിൽ ജോലി ചെയ്യുന്ന പ്ലാസ്റ്റിക് കമ്പനിയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴായിരുന്നു അതുവഴി കാറിൽ വന്ന കറുത്ത വർഗക്കാർ ഗഫൂറിനെ ആക്രമിച്ചത്. പാക്കിസ്ഥാനികളുടെ ഗോഡൗണിൽ നിന്നായിരുന്നു സാധനങ്ങൾ വാങ്ങാറുള്ളത്. കാർ നിർത്തി ഗോഡൗണിലേക്ക് കടക്കുമ്പോൾ കവർച്ചക്കാർ ഗഫൂറിനെ തടഞ്ഞുനിർത്തി പണവും മൊബൈൽ ഫോണും പിടിച്ചുപറിക്കാൻ ശ്രമിച്ചു. ചെറുക്കാൻ ശ്രമിച്ചപ്പോൾ നെഞ്ചിന് കുത്തിവീഴ്ത്തിയശേഷം പണവുമായി സംഘം കടന്നുകളഞ്ഞു. ഗഫൂറിനെ ആക്രമിക്കുന്നതിന് മുമ്പ് കവർച്ച സംഘം ഒരു ഫിലിപ്പിനോയെയും സമാന രീതിയിൽ ആക്രമിച്ചു പണം തട്ടിയെടുത്തതായി സമീപത്തുണ്ടായിരുന്നവർ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി അക്രമികൾക്കായി അന്വേഷണമാരംഭിച്ചു.
നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ ഗഫൂറിനെ സമീപത്തെ ക്ലിനിക്കിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ശിഫ ദീറാബിലെ അബ്ദുറഹ്മാൻ അൽഫൈസൽ ആശുപത്രിയിലേക്ക് മാറ്റി.
അസ്മാബിയാണ് ഭാര്യ. മക്കൾ: മുർശിദ, മുഹമ്മദ് റാശിദ്, ഫാത്തിമ റിസ്ദ. ശാഫി തച്ചംപോയിൽ മരുമകനാണ്. എട്ട് വർഷത്തോളം ഹായിലിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഏഴു വർഷമായി റിയാദിലാണ്. രണ്ട് മാസം മുമ്പ് ഭാര്യയും മക്കളും സന്ദർശക വിസയിൽ റിയാദിലെത്തിയിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾക്ക് സഹോദരൻ അബ്ദുസ്സലാം (ജിസാൻ), ബന്ധുവായ നൗഷാദ് എന്നിവരെ സഹായിക്കാൻ കെ.എം.സി.സി നേതാവ് തെന്നല മൊയ്തീൻ കുട്ടിയും പ്രവർത്തകരും രംഗത്തുണ്ട്.