ആഗ്ര- ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമവനിത മെലാനിയയും താജ്മഹല്‍ സന്ദര്‍ശിച്ചു. വൈവിധ്യം നിറഞ്ഞ സമ്പന്നമായ ഇന്ത്യയുടെ സംസ്‌കാരത്തിന്റെ എക്കാലത്തേക്കുമുള്ള സൗന്ദര്യ പ്രതീകമാണിതെന്ന് ട്രംപ് താജ് മഹലിലെ സന്ദര്‍ശക പുസ്തുകത്തില്‍ കുറിച്ചു. അഹമ്മദബാദില്‍ ഒരുക്കിയ വരവേല്‍പ് പോലെ തന്നെ ട്രംപിന്റെ ആഗ്ര സന്ദര്‍ശനവും അവിസ്മരണീയമാക്കാന്‍ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. കനത്ത സുരക്ഷാ വലയത്തിലായിരുന്നു നഗരം. താജ് മഹലിനു സമീപം ട്രംപും കുടുംബവും ഒരു മണിക്കൂറോളം ചെലവഴിച്ചു.
ഉത്തര്‍പ്രദേശിലെ ഖേരിയ എയര്‍ ബെയ്‌സിലെത്തിയ അദ്ദേഹത്തെ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം നമസ്‌തേ ട്രംപ് പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് ട്രംപ് ആഗ്രയിലെത്തിയത്. വിമാനത്താവളത്തില്‍ ട്രംപിനെ സ്വീകരിക്കാന്‍ ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ 250ലേറെ നര്‍ത്തകര്‍ അണിനിരന്നിരുന്നു.
വാഹനവ്യൂഹം കടന്നുപോയ 13 കിലോമീറ്റര്‍ പാതയിലുടനീളം ട്രംപിനെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകളും കമാനങ്ങളും അന്ത്യയുടെയും അമേരിക്കയുടെയും ദേശീയ പതാകകളും സ്ഥാപിച്ചിരുന്നു. നാടന്‍ കലാരൂപങ്ങളുമായി 3000 കലാകാര•ാരും വഴിയരികില്‍ അണിനിരന്നു. 15,000 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇന്ത്യയുടെയും അമേരിക്കയുടെയും ദേശീയ പതാകകള്‍ വീശി.
വിമാനത്താവളത്തില്‍നിന്ന് താജ് മഹല്‍ കോംപ്ലെക്‌സിന്റെ ഈസ്റ്റ് ഗേറ്റിലുള്ള ഒബറോയ് അമര്‍വിലാസ് ഹോട്ടല്‍വരെ ട്രംപിന്റെ വാഹനവ്യൂഹം എത്തിയിരുന്നു. അവിടെനിന്ന് പരിസ്ഥിതി സൗഹൃദ ഗോള്‍ഫ് കാര്‍ട്ടുകളിലാണ് അദ്ദേഹം താജ്മഹലിന് സമീപമെത്തിയത്. 20 ഗോള്‍ഫ് കാര്‍ട്ടുകളാണ് ട്രംപിന്റെ സന്ദര്‍ശനത്തനുവേണ്ടി ഒരുക്കിയിരുന്നത്.