ഫോക്‌സ്‌വാഗൺ ടറോക് മാർച്ചിൽ ഇന്ത്യൻ നിരത്തിലെത്തും

ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗന്റെ എസ്‌യുവി ശ്രേണിയിലുള്ള ഫോക്‌സ്‌വാഗൺ ടറോക് മാർച്ച് മധ്യത്തോടെ ഇന്ത്യൻ നിരത്തുകളിലെത്തിയേക്കും. 
ഇന്ത്യയിൽ ശക്തമായ വാഹന നിര ഒരുക്കാനുള്ള നീക്കത്തിലാണ് ഫോക്‌സ്‌വാഗൺ. ഇതിന്റെ ഭാഗമായി എസ്‌യുവി, കോംപാക്ട് എസ്‌യുവി ശ്രേണികളിലായി മൂന്ന് കൺസെപ്റ്റുകളാണ് ദൽഹി ഓട്ടോഎക്‌സ്‌പോയിൽ പ്രദർശിപ്പിച്ചത്. ഇതിൽ ടറോക് ആയിരിക്കും ആദ്യം റോഡിലിറങ്ങുക.
ടറോക്കിന്റെ ബുക്കിംഗ് ഫോക്‌സ്‌വാഗൺ ആരംഭിച്ചു. മാർച്ച് ആറാം തീയതിയോടെ ഡീലർഷിപ്പുകളിൽ ടറോക് എത്തിത്തുടങ്ങും. പൂർണമായും വിദേശത്ത് നിർമിച്ചാണ് ടറോക് ഇന്ത്യയിലെത്തുന്നത്. അതുകൊണ്ട് ഈ വാഹനത്തിന്റെ ഒരു വേരിയന്റ് മാത്രമായിരിക്കും ലഭിക്കുക. ഏകദേശം 23 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില.


ഫോക്‌സ്‌വാഗൺ നിരയിലെ ചെറിയ സ്‌പോർട്‌സ് യൂട്ടിലിറ്റി മോഡലാണെങ്കിലും രൂപത്തിൽ പ്രീമിയം സ്‌പോർട്ടി എസ്.യു.വി ഭാവം ടിറോക്കിനുണ്ട്. ക്രോം ലൈനുകളുള്ള ഗ്രില്ലും ഡിആർഎൽ നൽകിയിട്ടുള്ള ഡ്യുവൽ ബീം പ്രൊജക്ഷൻ ഹെഡ്‌ലാമ്പും വലിയ എയർ ഡാമും ബമ്പറും ഫോഗ് ലാമ്പും കൂടിയതാണ് ടറോക്കിന്റെ മുൻവശം.മോഡുലർ ട്രാൻസ്വേർസ് മെട്രിക് പ്ലാറ്റ്‌ഫോമിലുള്ള നിർമാണം വാഹനത്തിന്റെ ഭാരം 1420 കിലോഗ്രാമിൽ ഒതുക്കി. 445 ലിറ്റർ ബൂട്ട് സ്‌പേസ് കപ്പാസിറ്റി പിൻസീറ്റ് മടക്കിയാൽ 1290 ലിറ്റർ വരെ വർധിപ്പിക്കാം. ഫ്‌ളോട്ടിങ് ഡാഷ്‌ബോർഡ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 9.2 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾവശത്തെ സവിശേഷതകളാണ്. പെട്രോൾ എൻജിനിൽ മാത്രമായിരിക്കും ടിറോക് ലഭിക്കുക.

 

Latest News