Sorry, you need to enable JavaScript to visit this website.

കൊറോണ വിദേശ ഓഹരി വിപണിയെ പിടിച്ചുലച്ചു

ബോംബെ സെൻസെക്‌സും നിഫ്റ്റിയും പ്രതിവാര നേട്ടം നിലനിർത്തിയപ്പോൾ ഏഷ്യയിലെയും യൂറോപ്പിലെയും യു.എസ് ഓഹരി ഇൻഡക്‌സുകൾക്ക് കരുത്ത് നഷ്ടപ്പെട്ടു. കൊറോണ വൈറസ് പ്രശ്‌നമാണ് വിദേശ മാർക്കറ്റുകളെ പിടിച്ച് ഉലച്ചത്. അതേ സമയം പ്രതിസന്ധികളില്ലെന്ന് വരുത്തിത്തീർക്കാൻ ചൈന ഷാങ്ഹായിൽ ഓഹരി സൂചികയെ ഉയർത്തി നിർത്തി. പിന്നിട്ടവാരം ബോംബെ സൂചിക 87 പോയന്റും നിഫ്റ്റി 33 പോയന്റും ഉയർന്നു.  
അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിന് തിളക്കം പകരാൻ വിദേശ ധനകാര്യ സ്ഥാപനങ്ങൾ നീക്കം നടത്തിയാൽ നിലവിലെ റേഞ്ചിൽ നിന്ന് ഇന്ത്യൻ ഓഹരി സൂചികകൾ മുന്നേറ്റത്തിന് ശ്രമിക്കും. ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷൻസിൽ വ്യാഴാഴ്ച ഫെബ്രുവരി സീരീസ് സെറ്റിൽമെന്റാണ്. മുന്നിലുള്ള മൂന്ന് ദിവസങ്ങളിൽ ഊഹക്കച്ചവടകാർക്ക് ഒപ്പം ഓപറേറ്റർമാർ പൊസിഷനുകളിൽ മാറ്റം വരുത്തിയാൽ വൻ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്. 


മുൻ നിരയിലെ പത്ത് കമ്പനികളിൽ ആറ് എണ്ണത്തിന്റെ വിപണി മൂല്യത്തിൽ 29,487 കോടി രൂപയുടെ കുറവ് സംഭവിച്ചു. ഭാരതി എയർടെലിന്റെ മൂല്യം 10,692.9 കോടി രൂപ ഇടിഞ്ഞു. ടിസിഎസ്, എച്ച്ഡിഎഫ്‌സി, എച്ച്യുഎൽ, എച്ച്ഡിഎഫ്‌സി ബാങ്ക്, ആർഐഎൽ എന്നിവയുടെ വിപണി മൂല്യവും കുറഞ്ഞു. ഇൻഫോസിസ്, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവക്ക് നേട്ടം. കഴിഞ്ഞ വാരം വ്യക്തമാക്കിയ പോലെ  രൂപയുടെ വിനിമയ നിരക്കിൽ ഇടിവ് സംഭവിച്ചു. ഫോറെക്‌സ് മാർക്കറ്റിൽ യു.എസ് ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 71.52 ൽ നിന്ന് 71.86 ലേക്ക് നീങ്ങി. വിപണിയുടെ സാങ്കേതിക വശങ്ങൾ കണക്കിലെടുത്താൽ ഈ വാരം വിനിമയ നിരക്ക് 71.57-72.14  റേഞ്ചിൽ നീങ്ങാം. ബോംബെ സെൻസെക്‌സ് 41,257 പോയന്റിൽ നിന്ന് 41,420 വരെ ഉയർന്നങ്കിലും വാരമധ്യം 40,610 ലേക്ക് ഇടിഞ്ഞു. വാരാന്ത്യ ക്ലോസിങിൽ സൂചിക 41,170 പോയന്റിലാണ്. ഈ വാരം ബി എസ് ഇ 40,713 ലെ ആദ്യ താങ്ങ് നിലനിർത്തി 41,523 ലേക്ക് ഉയരാൻ ശ്രമിക്കാം. ആ നീക്കം വിജയിച്ചാലും 41,876 ൽ വീണ്ടും പ്രതിരോധം നേരിടാം. അതേ സമയം ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ സൂചിക 40,256 ലേക്ക് പരീക്ഷണങ്ങൾ നടത്താം. സാമ്പത്തിക രംഗത്ത് നിന്നുള്ള പ്രതികൂല വാർത്തകൾ കണക്കിലെടുത്താൽ നിക്ഷേപകർ ചെറിയ അളവിൽ ലാഭമെടുപ്പ് നടത്തി സ്വരക്ഷ ഉറപ്പ് വരുത്തുന്നത് അഭികാമ്യമാവും. 


ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 12,131 പോയന്റിൽ നിന്ന് 12,150 വരെ കയറി, ഇതിനിടയിൽ സൂചിക 11,908 ലേയ്ക്ക് ഇടിയുകയും ചെയ്തു. വ്യാപാരം അവസാനിക്കുമ്പോൾ 12,080 പോയന്റിലാണ് വിപണി. നിഫ്റ്റിക്ക് ഈ വാരം 12,002 പോയന്റ് നിർണായകമാണ്. വിപണിക്ക് 20 ആഴ്ചകളിലെ ശരാശരിയായ 12,002 ലെ താങ്ങ് ക്ലോസിങ് വേളയിൽ നഷ്ടപ്പെട്ടാൽ സൂചിക താഴ്ന്ന റേഞ്ചിലേക്ക് സാങ്കേതിക പരീക്ഷണങ്ങൾക്ക് മുതിരാം. ഈ വാരം 12,190-12,300 ൽ  പ്രതിരോധവും 11,939-11,798 പോയന്റിൽ താങ്ങും പ്രതീക്ഷിക്കാം. 
വിദേശ ഓപറേറ്റർമാർ ഇന്ത്യയിൽ നിക്ഷേപകരായി തുടരുന്നു. ഈ മാസം ഇതുവരെ അവർ 23,102 കോടി രൂപ നിക്ഷേപിച്ചു. കഴിഞ്ഞ സെപ്റ്റംബർ മുതൽ ഇവിടെ വാങ്ങലുകാരായി തുടരുകയാണ് എഫ്.പി.ഐകൾ. 


വിദേശ നാണയ കരുതൽ ശേഖരം റെക്കോർഡ് തലത്തിൽ. ഫെബ്രുവരി 14 വരെയുള്ള ആഴ്ചയിൽ രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം 3.091 ബില്യൺ ഡോളർ വർധിച്ച് 476.092 ബില്യൺ ഡോളറിലെത്തി. വിദേശ നാണയ ആസ്തി വർധിച്ചതാണ് ഇതിന് കാരണമായി ആർ.ബി.ഐ വ്യക്തമാക്കിയത്. തൊട്ട് മുൻവാരം കരുതൽ ശേഖരം 473 ബില്യൺ ഡോളറായിരുന്നു. 
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില 52.17 ഡോളറിൽ നിന്ന് 54.40 ഡോളർ വരെ ഉയർന്നെങ്കിലും വ്യാപാരാന്ത്യം വില 53.31  ഡോളറിലാണ്. ഈ വാരം എണ്ണ മാർക്കറ്റ് 52.24-55.22  ഡോളർ റേഞ്ചിൽ നീങ്ങാം.

 

Latest News