Sorry, you need to enable JavaScript to visit this website.
Monday , March   30, 2020
Monday , March   30, 2020

നിറം പിടിപ്പിച്ച നിയമങ്ങൾ 

പൗരത്വ നിയമത്തിന്റെ ഭേദഗതിയാണ് കുറച്ചിടയായി  കൊണ്ടുപിടിച്ച ചർച്ച. അതിനിടയിൽ പലതും കാണാതെ, കേൾക്കാതെ പോയിരിക്കുന്നു. ഉദാഹരണമായി, പ്രതിഷേധാർഹമായ പരസ്യങ്ങൾ. മാന്ത്രിക വിധികളും ഔഷധങ്ങളും പരസ്യപ്പെടുത്തുന്നത് ക്രമീകരിക്കുന്ന ഒരു നിയമം അറുപത്തഞ്ചു കൊല്ലമായി നിലവിലുണ്ട്.
പ്രതിഷേധാർഹമായ മാന്തിക പ്രതിവിധികളും പരിഹാരങ്ങളും അവകാശവാദങ്ങളും ഉന്നയിച്ച് ആളുകളെ കുടുക്കുന്നത് തടയുക തന്നെ ലക്ഷ്യം.  
കാലവും കോലവും നോക്കി നിയമം ഭേദഗതി ചെയ്യാനാണ് ഇപ്പോഴത്തെ ശ്രമം. വ്യാജന്മാർ പെരുകിയിരിക്കുന്നു. കള്ളവാദങ്ങളും സാധനങ്ങളും വിപണിയിലിറക്കാനും പണം തട്ടാനും ഇപ്പോൾ സാധ്യത എന്നത്തേക്കാളുമേറെ. അതിനൊപ്പിച്ച് വളർന്നിട്ടുണ്ട് സാധനങ്ങളും സാങ്കേതിക വിദ്യകളും. നിയമത്തിന്റെ പഴുതുകളും ദുർബലതകളും മുതലാക്കി മിക്ക നിർമാതാക്കളും വ്യാപാരികളും പ്രചാരകന്മാരും തടിയൂരിപ്പോരുന്നു. അവരെ പിടികൂടാനുള്ളതാണ് പുതിയ നിയമം.  സൗന്ദര്യം വർധിപ്പിക്കാനും യൗവനം നീട്ടിക്കൊണ്ടുപോകാനും ഉപകരിക്കുമെന്ന് പ്രചരിപ്പിക്കുന്ന ധാത്രിമാരെയും ധരിത്രിമാരെയും നിലയ്ക്ക് നിർത്താൻ അതൊക്കെ എത്ര മാത്രം സഹായിക്കുമെന്നതാണ് പ്രശനം. 


തൊലി മിനുക്കാൻ ഒരുപാട് ഉൽപന്നങ്ങൾ ഇന്ന് ചന്തയിൽ  കിട്ടും. പൗരുഷം, അല്ലെങ്കിൽ പെണ്മ എന്നും പറയാം, പ്രായത്തെ ചെല്ലുന്നവരെ തേടിപ്പിടിച്ചെത്തുന്നു. ജനനേന്ദ്രിയത്തിന് വലിപ്പം കൂട്ടാനും കുറക്കാനും കൊള്ളാമെന്നു പറയുന്നവയാണ് ചില സാധനങ്ങൾ. 
മറ്റു ചിലവ നീണ്ടിടം പെട്ട കണ്ണുകളും കെട്ടിയാൽ ഒതുങ്ങാത്ത മുടിയും വാഗ്ദാനം ചെയ്യുന്നു. മദനകാമേശ്വരിയുടെയും ജീവൻ ടോണിന്റെയും കാലത്തുനിന്ന് ഏറെ മുന്നേറിയിരിക്കുന്നു നമ്മൾ.
കടലാസിലും ചുമരിലും പരസ്യം ഒതുങ്ങിയിരുന്ന കാലം എന്നേ കഴിഞ്ഞു. ഒരു പക്ഷേ കടലാസിലേതിനേക്കാൾ എത്രയോ അധികം സ്വാധീനം ചെലുത്തുകയും പണം വാരുകയും ചെയ്യുന്നതാണ് ടി.വിയിലും ഇന്റർനെറ്റിലുമുള്ള പരസ്യങ്ങൾ. പ്രതിഷേധാർഹമോ കുറ്റകരമോ ആയ പരസ്യങ്ങളുടെ പട്ടിക വലുതാക്കിക്കൊണ്ട് നിയമം മാറ്റിയെഴുതുമ്പോൾ അക്കാര്യം സർക്കാർ പ്രത്യേകം മനസ്സിരുത്തിക്കാണും. അതുകൊണ്ടാകും കുറ്റകരമായ പരസ്യത്തിന് അഞ്ചു കൊല്ലം തടവും അൻപതു ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്തത്. 


ഇനി മുതൽ അഞ്ചു കൊല്ലം അഴിക്കുള്ളിൽ കഴിയാൻ താൽപര്യമുള്ളവർ ചർമകാന്തി വാഗ്ദാനം ചെയ്യുന്ന ഒരു പരസ്യം നിരത്തിയാൽ മതി. 
ഫെയർ സ്‌കിൻ എന്നാണ് ചർച്ചയിലിരിക്കുന്ന നിയമത്തിലെ പ്രയോഗം. മനോധർമം പോലെ ഫെയർ എന്ന പദത്തെ വ്യാഖ്യാനിക്കാം. തുടിപ്പെന്നോ മിനുസം എന്നോ മാർദവമെന്നോ ചർമകാന്തിയെന്നോ വെണ്മയെന്നോ തരം  പോലെയും രുചി പോലെയും ഫെയറിനെ മനസ്സിലാക്കാം. പക്ഷേ ഒന്നുണ്ട്: നമ്മുടെ ഇന്നത്തെ സൗന്ദര്യ ശാസ്ത്ര സാഹചര്യത്തിൽ അത് കറുപ്പാവില്ല. തൂവെള്ളയും തുടുതുടുപ്പുമൊക്കെയാണല്ലോ നമുക്ക് നല്ല നിറം, നന്മയുടെ നിറം. നിറത്തിന്റെ നന്മയുടെ കാര്യത്തിൽ നീതിപീഠത്തിന്റെയോ ധർമശാസ്താവിന്റെയോ തീട്ടൂരമൊന്നുമില്ലാത്തതിനാൽ പരസ്യത്തിൽ ഫെയർ എന്ന് പറയുന്ന തൊലി സൗവർണമോ കരിക്കട്ട പ്രായമോ എന്ന് നിശ്ചയിക്കാൻ വിഷമമാകും. കുറ്റവാളികളായ പരസ്യക്കാർക്ക് അത് പഴുതും. 
നിറത്തിന്റെ കാര്യത്തിൽ ഫെയർ എന്ത്, അൺഫെയർ എന്ത് എന്ന് തീർപ്പു കൽപിക്കാൻ സർക്കാർ ആര് എന്ന ചോദ്യവും അവശേഷിക്കുന്നു. മദ്യത്തിൽ ലഹരിയുടെ അംശവും വണ്ടി ഓടിക്കുമ്പോഴത്തെ വേഗവും നിശ്ചയിക്കുന്നതു പോലെ സൗന്ദര്യവും നിറത്തിന്റെ നന്മയും നിർവചിക്കാനും സർക്കാറിന്  പ്രാപ്തിയുണ്ടെന്ന് എല്ലാവരും സമ്മതിക്കില്ല. നിറത്തെ സംബന്ധിച്ചിടത്തോളം വെണ്മയാണ് നന്മ എന്നാണല്ലോ സർക്കാറിന്റെ ധാരണ. അതുകൊണ്ടായിരിക്കണം ചർമകാന്തി കൂട്ടുന്ന കുഴമ്പുകളുടെയും എണ്ണകളുടെയും പരസ്യങ്ങൾക്കെതിരെയുള്ള നീക്കം. പക്ഷേ ഈ നിയമ വ്യവസ്ഥയെപ്പറ്റിയുള്ള വാർത്ത വർഷിക്കുമ്പോൾ തന്നെ വെണ്മക്കെതിരെ, എന്നുവെച്ചാൽ, കറുപ്പിനനുകൂലമായി,
വാദം ഉയരുകയും ചെയ്യുന്നു. കറുപ്പ് നല്ലതെന്നു മാത്രമല്ല ദിവ്യവുമാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന ഒരു ചിത്രപ്രദർശനം ഈയിടെ ചെന്നൈയിൽ നടക്കുകയുണ്ടായി. അതിന്റെ തലവാചകം തന്നെ കലക്കി: ഡാർക് ഈസ് ഡിവൈൻ. 


കറുപ്പിൽ അഭിരമിക്കുന്ന സൗന്ദര്യ ശാസ്ത്രം നിലനിന്നിരുന്നത് ഏറെ മുമ്പല്ല. നമുക്ക് സുന്ദരി ശ്യാമളയാണ്. ശ്യാമള കളേബരന്മാരാണ് കൃഷ്ണനും രാമനും. ദേവസ്ത്രീയുടെ അഴക് കറുപ്പാണെങ്കിൽ മനുഷ്യ സ്ത്രീയുടേത് മറ്റൊന്നാവാൻ വയ്യല്ലോ. ശ്യാമളാദണ്ഡകത്തിൽനിന്നു വഴിമാറിപ്പോയ ഒരു സൗന്ദര്യ വീക്ഷണം കൂടി പരാമർശിക്കട്ടെ. ഒരു ശിവപാർവതി കഥ: 
കറുമ്പി, കറുമ്പി എന്നു വിളിച്ച് പാർവതിയെ ശിവൻ കളിയാക്കുമായിരുന്നു. കാളി, കാളി എന്ന് സംസ്‌കൃതം. പരിഹാസം പോരാതെ  വന്നപ്പോൾ മലമകൾ തപസ്സിനു പോയി. തന്റെ നിറം മാറുകയും കണവൻ കളിയാക്കുന്നത് നിർത്തുകയും ചെയ്യും വരെ സമരം എന്നായിരുന്നു പ്രഖ്യാപനം. അത് തന്നെ നടന്നു. പാർവതിയുടെ നിറം മാറി, കാളി ഗൗരി ആയി. കഥ എന്തായാലും കാളിയുടേതിനേക്കാൾ കൊള്ളാം ഗൗരിയുടെ (ഗോരയിൽനിന്ന് ഗൗരി) നിറമെന്ന് കരുതിയിരുന്നവരാകണം ശിവനും പാർവതിയും. ഫെയർ എന്നാൽ വെൺമയെന്ന സർക്കാർ സങ്കൽപത്തിലേക്ക് സൗന്ദര്യാരാധകരും നിയമധുരന്ധരന്മാരും എത്തിച്ചേർന്നത് അതിനിടക്കെപ്പോഴോ ആകണം. 


വർണ വിരോധം പുലർത്തുന്നവൻ എന്നോ നിറവെറിയൻ എന്നോ തെറി കേൾക്കുമെന്ന് ഉറപ്പിച്ചുകൊണ്ടു തന്നെ പറയട്ടെ, തൊലി  വെളുത്തിരിക്കുന്നതാണ് പൊതുവെ ആളുകൾക്കിഷ്ടം. വിവാഹ പരസ്യങ്ങൾ ഒട്ടിച്ചുനോക്കിയാൽ അത് മനസ്സിലാകും. ഫെയർ അല്ലാത്ത നിറമുള്ള ഇണകളെ വേണമെന്ന് ആരും നിർബന്ധിക്കുന്നതായി കണ്ടിട്ടില്ല. നിറത്തോടുള്ള ഈ സമീപനം മനുഷ്യന്റെ സഹജ വാസനയാകുന്നു.അത് ഏറ്റുപറയാത്തത് ഹിപ്പോക്രിസിയും. തനിക്കിഷ്ടമില്ലാത്ത നിറമുള്ളവർക്ക് മനുഷ്യാവകാശം അനുവദിക്കാതിരിക്കുന്നതാണ് വാസ്തവത്തിൽ വർണ വിദ്വേഷം. അഥവാ റേസിസം. 
ഒരിക്കൽ എൻ.പി. ചെക്കുട്ടിയുടെ ബ്ലോഗിൽ നടന്ന ചർച്ചയിൽ പങ്കെടുത്തതോർക്കുന്നു.


നിറത്തെപ്പറ്റിയുള്ള എൻെറ  വിധിയും സങ്കൽപവും അവതരിപ്പിച്ചപ്പോൾ ഉൽപതിഷ്ണുവെന്ന് അവകാശപ്പെടുന്ന ഒരു മഹതി ചൂടായി, എന്റെ കച്ചവടം തീർക്കുമെന്ന നിലയായി. നിറവെറിയനെ നിലം തൊടാതെ ഓടിക്കാനായിരുന്നു പുള്ളിക്കാരിയുടെ യുദ്ധം. ഒന്നു കൂടി അവരെ ഞെടാനായി ഞാൻ ചോദിച്ചു: മുഖം  മിനുക്കാൻ നിങ്ങൾ ഉപയോഗിക്കുന്നത് വെളുത്ത കുമ്മായമോ കരിപ്പൊടിയോ? സംസാരം പിന്നെ നീണ്ടില്ല. നിറവെറിയൻ എന്ന പദവി ഞാൻ പതിച്ചെടുക്കുകയും ചെയ്തു.ഭൂഖണ്ഡങ്ങളെയും യുഗാന്തങ്ങളെയും അതിക്രമിച്ചു നിൽക്കുന്നതാണ് വർണവിദ്വേഷം. അത് പരിഹരിക്കാൻ പഞ്ചാബി ചിന്തകനായ ലാലാ ഹർദയാൽ പണ്ടേ നിർദേശിച്ച ഒരു വഴിയുണ്ട്: തരം  പോലെ നിറം മാറ്റാൻ പറ്റിയ ഒരു രാസപദാർഥം ശാസ്ത്രജ്ഞർ കണ്ടുപിടിക്കണം. ആവശ്യം പോലെ അത് തൊലിയിൽ കുത്തിവെക്കാം, ഇഷ്ടം പോലെ, ഓന്തിനെപ്പോലെ, നിറം മാറാം. 
അതോടെ നിറവെറിയനായ എന്റെയും എന്നെ ബ്ലോഗിൽ ഒരിടത്ത് വെട്ടിവീഴ്ത്തിയ മഹതിയുടെയും വേവലാതി തീരും. ചാതുർവർണ്യത്തെ മറികടക്കാനുള്ള വഴിയെത്ര എളുപ്പം! 

Latest News