Sorry, you need to enable JavaScript to visit this website.
Thursday , April   02, 2020
Thursday , April   02, 2020

വംശാധിപത്യവും മുല്ലപ്പള്ളി വചനങ്ങളും

അവസാനം, വംശാധിപത്യം ഇടതുമുന്നണിയും അംഗീകരിച്ചു. നാട്ടുനടപ്പ് അങ്ങനെയാണ്. നെഹ്‌റുവിന്റെ കാലം മുതൽക്കേ സംഗതി 'എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം പൂത്ത മരങ്ങൾ മാത്രം' എന്നു പറഞ്ഞതുപോലെ, മക്കളോ, കൊച്ചുമക്കളോ, ഏറിയാൽ അനന്തരവനോ പൂത്തുലഞ്ഞു നിൽക്കുന്നതു കാണാം. കമ്യൂണിസ്റ്റ് നേതാക്കൾക്ക് മക്കളില്ലെന്നു കരുതരുത്. അവർ പുറത്തു വല്ലയിടത്തും പോയി ജീവിക്കട്ടെ. ഇവിടെ ധർണയും ബന്ദും നടത്തി നശിക്കണ്ട. എൽ.ഡി.എഫിൽ ഇന്നത്തെ പ്രശ്‌നം 'കുട്ടനാട്' സീറ്റാണ്. അതിനെ ഒരു മുട്ടനാടിനെപ്പോലെ പാകത്തിൽ കൈകാര്യം ചെയ്യാൻ തീരുമാനമായി. മുളക്, മസാല തുടങ്ങിയ കറി വിഭവങ്ങൾ തയാറാക്കി കാത്തിരിക്കുകയാണ് വല്യേട്ടനും കൊച്ചേട്ടനും.
സീറ്റ് എൻ.സി.പിക്കു തന്നെ കായൽ സഹിതം കൈമാറി. ഏതു തരത്തിൽ വേണമെന്ന് ഒരു 'ടിപ്പും' നൽകി. തോമസ് ചാണ്ടി എന്ന പർവതത്തിന്റെ ഗെറ്റപ്പുള്ള നേതാവ് നയിച്ച ഏരിയയാണ്. കായൽ കൈയേറിയെന്ന് ആക്ഷേപമുണ്ടായെങ്കിലും അതൊക്കെ കഴിഞ്ഞ വെള്ളപ്പൊക്കം കൊണ്ടുപോയി. ഇന്ന് സഹോദരൻ തോമസ് കെ. തോമസിനു സീറ്റ്, പാരമ്പര്യമനുസരിച്ച് കൈമാറിയേക്കാനാണ് നിർദേശം. ഇനി ഇക്കാര്യം എൻ.സി.പിയുടെ സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യുമത്രേ! ടി.പി. പീതാംബരൻ മാസ്റ്റർ അതിനായി സ്ഥലം അന്വേഷിച്ചു നടപ്പാണ്. ഇമ്മിണി ബല്യ കമ്മിറ്റിയാണ്. അതെവിടെയാണ് കാണുക എന്നു ചോദിക്കരുത്. മണ്ണില്ലെങ്കിലും ആകാശ ഗരുഡനും മൂടില്ലാത്താളിയുമൊക്കെ വളരും. എല്ലാവർക്കും എല്ലാം കാണാൻ ഭാഗ്യമുണ്ടായെന്നു വരില്ല. ഇടക്കൊക്കെ മുംബൈയിൽ പോയി ശരത് പവാറിനെ കാണുമ്പോഴാണ് ഈ കാറ്റഗറിയിൽ ഒരു പാർട്ടിയുണ്ടെന്നു മാലോകർ അറിയുന്നത്. ഇനി സംസ്ഥാന കമ്മിറ്റിയുടെ ചർച്ച. തോമസ് കെ. തോമച്ചാനല്ലാതെ മറ്റാരെങ്കിലും അവകാശികളായി ഉണ്ടോ എന്നറിയാൻ ഒരു ഗസറ്റ് വിജ്ഞാപനമോ, പത്രപരസ്യമോ കൂടി നടത്തിയാൽ സംഗതി മിക്കവാറും മംഗളം. ഉറപ്പിച്ചു പറയാനാവില്ല, 'കേരള കോൺഗ്രസ് ചുവ'യുള്ള മണ്ണാണ്. ഭൂമി പിളരുമ്പോലെ ചില ചെറിയ വിള്ളലുകൾ ഉണ്ടാകാനും സീറ്റ് പ്രശ്‌നം ധാരാളം മതിയാകും. ജാഗ്രതൈ!

****                             ****                       ****

'ജുഡീഷ്യൽ ആക്ടിവിസം' എന്നു വിളിച്ചു നാല് വാക്കുകൾ കൂടി വിക്ഷേപിക്കണോ എന്നു ചിന്തിച്ചതാണ് പാർട്ടിയിലെ പടക്കുറുപ്പുകൾ. 'അടങ്ങു കുറുപ്പേ, അടങ്ങ് എന്നു പിണറായി സഖാവ് സമാധാനിപ്പിച്ചതുകൊണ്ട് കാര്യം അടങ്ങിയെന്നേ പറയാനാവൂ. വെടിയുണ്ടയും തോക്കും നഷ്ടപ്പെട്ടതിൽ ഹൈക്കോടതിക്കു എന്തു കാര്യമെന്നായിരുന്നു ചിന്ത. ഇക്കാര്യം 'ചിന്ത'യിൽ എഴുതാൻ പോലും ചില രണ്ടാം തലമുറ നേതാക്കൾ കൊതിച്ചുവത്രേ! ഇനി ഒന്നേകാൽ കൊല്ലം കൂടിയുണ്ടെന്നും പല 'കേരള സഭ'കളും കൂടി പണം പാഴാക്കാനുണ്ടെന്നും അറിയുന്ന മുഖ്യമന്ത്രി പല്ലു കടിച്ചു പിടിച്ചു സഹിക്കുകയാണ്. ടോമിൻ ജെ. തച്ചങ്കരിയെ, ഒന്നും കാണാതെയല്ല പിണറായി ക്രൈം ബ്രാഞ്ച് മേധാവിയാക്കിയത്. കഴിഞ്ഞ ഭരണ കാലത്ത് തങ്ങൾ വേണ്ടുവോളം കല്ലെറിഞ്ഞതാണ്. സഹനമാണ് ശക്തിയെന്നും തച്ചങ്കരി തെളിയിച്ചു. റിയാൻസ് സ്റ്റുഡിയോയുടെയും സി.ഡി, വി.സി.ഡികളുടെ ഇടപാടുകളുടെയും കാര്യത്തിൽ എത്ര അന്വേഷണങ്ങൾ! പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന ജീവിത പ്രമാണവും കക്ഷത്തു വെച്ചു നടക്കുന്ന തച്ചങ്കരി ഭാഗവതരെ 'മിടുക്കൻ' എന്നു യു.ഡി.എഫ് സർക്കാർ പട്ടം നൽകി. അങ്ങനെ ഒരാളുടെ രാഗവിസ്താരം നമ്മൾ പാഴാക്കരുതല്ലോ. 
ഓടിയാലും ഓടിയില്ലെങ്കിലും നഷ്ടം വരുത്തുന്ന വണ്ടി കോർപറേഷന്റെ തലപ്പത്ത് മേൽപടി ഐ.പി.എസുകാരനെ തന്നെ പിടിച്ചിരുത്താൻ പിന്നെ ആലോചിക്കേണ്ടി വന്നില്ല. 'മച്ചി പ്രസവിക്കില്ലെന്നു കരുതിയവർക്കു കണക്കു തെറ്റിയില്ലേ? തച്ചങ്കരി സ്റ്റിയറിംഗും ടിക്കറ്റ് റാങ്കും മാറി മാറി കൈയിലെടുക്കുന്നതു കണ്ട് ഗിന്നസ് ബുക്ക് അധികൃതർ തലസ്ഥാനത്തേക്ക് വിമാന മാർഗവും തീവണ്ടിയിലൂടെയും കാൽനടയായും പാഞ്ഞെത്തി എന്നാണ് അന്നു കേട്ടത്. പിണറായി സർക്കാർ ശത്രുവിനെയും സ്‌നേഹിക്കുന്നുവെന്നതിന് ഇനിയുമുണ്ട് തെളിവുകൾ. 1957 ലെ അടിയന്തരാവസ്ഥ  കാലശേഷവും രമൺ ശ്രീവാസ്തവ എന്ന കോമള കുമാരനെ ലീഡർ കെ. കരുണാകരൻ സർവീസിൽ ഓമനിച്ചു വളർത്തിയിരുന്നു. ആകയാൽ സി.പി.എമ്മിന്റെ ശത്രുവുമായിത്തീർന്നു. ഇന്നെന്താണ് കാണുന്നത്? ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ പ്രത്യേക അഡൈ്വസറാണത്രേ! മുതലാളിത്ത രാജ്യമായ അമേരിക്കയിൽ സാമ്പത്തിക വിദഗ്ധയാണ് ഗീതാ ഗോപിനാഥ്. വിളിച്ചുവരുത്തി സാമ്പത്തികകാര്യ ഉപദേശിയാക്കി കുറച്ചുകാലം ഇരുത്തിയതിൽ തോമസ് ഐസക്കിനു കൂടി പങ്കുണ്ടെന്നു മാത്രം! ആരാണ് എപ്പോഴാണ് ഉപകരിക്കുക എന്നറിയില്ല. 'ആപത്തിൽ സഹായിക്കുന്നവനാണ് യഥാർഥ മിത്രം' എന്ന ആപ്തവാക്യം ഇനിയുള്ള പാർട്ടി യോഗങ്ങളിൽ പാഠമായി അവതരിപ്പിക്കും. ഉണ്ടയും തോക്കുമെല്ലാം നമുക്കു അവധാനപൂർവം പരിഹരിക്കാൻ കഴിയും. അതിനാണ് തച്ചങ്കരി എന്ന സംഗീത വിദ്വാൻ. ഏതു കോടതിക്കും സംഗീതം ആസ്വദിക്കാൻ കഴിയുമല്ലോ.

****                           ****                   ****

ബി.ഡി.ജെ.എസ് എന്നൊരു രാഷ്ട്രീയ പാർട്ടി നിലവിലുണ്ടത്രേ! ദില്ലിയിൽ പോകാതെ, നാട്ടിൽ ചുറ്റിക്കറങ്ങി നടക്കുന്ന കേന്ദ്ര മന്ത്രി വി. മുരളീധരൻ ഒരു പ്രസ്താവന നടത്തിയപ്പോഴാണ് ജനം അക്കാര്യം ഓർത്തത്. സുഭാഷ് വാസുവിനെയും പഴയ ഐ.പി.എസുകാരൻ സെൻകുമാറിനെയും നിഷ്‌കരുണം തള്ളിപ്പറഞ്ഞ് കണിച്ചുകുളങ്ങരക്കു വെച്ചുപിടിക്കുന്ന കേന്ദ്ര മന്ത്രിയെ കണ്ടവർ കണ്ടവർ വാ പൊളിച്ചു! അവിടെയെത്തുമ്പോൾ പിണറായിയെങ്ങാനും ഉണ്ടെങ്കിലോ? മോഡി-പിണറായി കൂട്ടുകെട്ട് അതോടെ ഉറപ്പാകിയല്ലേ? ചെന്നിത്തലയുടെ പ്രവചനം സാധുവാകില്ലേ? ഒന്നുമുണ്ടായില്ല. മുരളീധരൻജിയുടെ യാത്രക്കിടയിൽ കണിച്ചുകുളങ്ങരക്കു എറിയാൻ വേണ്ടി കല്ലുകൾ ശേഖരിക്കുന്ന സുഭാഷ് വാസുവിനെ കണ്ടു. നാവിന് ലൈസൻസും സൈലൻസറും ഇല്ലാത്ത സെൻകുമാറിനെയും വഴിയരികിൽ കണ്ടു. അതാണ് രണ്ടുപേരെയും കൈയോടെ തള്ളിപ്പറയാൻ കാരണം. ബി.ഡി.ജെ.എസ് വെള്ളാപ്പള്ളി പുത്രന്റേതാണെന്നും പുതൻ മാത്രമാണ് ബി.ജെ.പിയുടെ മിത്രമെന്നും മന്ത്രി വെച്ചുകാച്ചി. മറ്റേ പാർട്ടിയിലെ ആദ്യാക്ഷരങ്ങളായ 'ബീഡി' മാത്രം അവശേഷിക്കുന്നതു നമുക്കു കാണാനാകും. അത്ര ഉഗ്രൻ ഉറപ്പാണ് മന്ത്രിയുടേത്!

****                        ****                               ****


ആകാശവാണിയുടെ കാലാവസ്ഥാ പ്രവചനം പോലെയാണ് കെ.പി.സി.സി പ്രസിഡന്റിന്റെ ചില വചനങ്ങൾ. കേരള കോൺഗ്രസ് ജേക്കബിൽ പിളർപ്പുണ്ടാകരുതെന്നു മുല്ലപ്പള്ളി നെല്ലൂർ ജോണിയെയും അനൂപ് ജേക്കബ് എന്ന അനിയൻ കുഞ്ഞിനെയും അറിയിച്ചു. അടുത്ത നിമിഷം പിളർന്നു. നെല്ലൂർ നേരേ തൊടുപുഴയക്കു പോയി പി.ജെ. ജോസഫിനെ നമസ്‌ക്കകരിച്ച് കോട്ടയത്തിനു മടങ്ങി ലയന യോഗം ചേർന്നു.
അനിയൻ കുഞ്ഞും മമ്മിയും വീട്ടിൽ കുത്തിയിരിപ്പാണ്. കുട്ടനാട്ടെ സീറ്റിന്മേലാണ് നോട്ടം. ഇതിനിടയിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് പ്രഖ്യാപനവും നടത്തി. 
ഇത്ര തിടുക്കത്തിൽ ഒരു പ്രസ്താവനക്കുള്ള പ്രകോപനം എന്തായിരുന്നുവെന്ന് ആരും മഷിനോട്ടം നടത്തേണ്ടതില്ല. കോൺഗ്രസിൽ 'പാളയത്തിൽ പട' ഇപ്പോഴും ഇൻർവെല്ലില്ലാതെ തുടരുന്ന കാര്യം പുറത്തുള്ളവർ അറിയണ്ട എന്നതല്ല കാര്യം. മുല്ലപ്പള്ളി അബദ്ധവശാൽ കോൺഗ്രസിന്റെ പേരു വല്ലതും പറഞ്ഞിരിക്കും. ചെന്നിത്തല അടുത്ത കാലത്തായി പ്രസിഡന്റ് സ്ഥാനം കൂടി ഏറ്റെടുക്കാനുള്ള നീക്കമാണെന്നു വേണമെങ്കിൽ സംശയിക്കാം. ഇന്ദിരാ ഗാന്ധിയുടെ കാലം മുതൽ 'ഐ' ഗ്രൂപ്പുകാരായിരുന്ന മുല്ലപ്പള്ളിയും ചെന്നിത്തലയും തമ്മിൽ ഇത്രത്തോളം അകന്നോ? കെ.പി.സി.സി പ്രസിഡന്റ് അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥിയായി മാറുമോ? എല്ലാം കാത്തിരുന്നു കാണാം.
 

Latest News