Sorry, you need to enable JavaScript to visit this website.

ട്രംപിനെ കാത്ത് പഞ്ചനക്ഷത്ര ഹോട്ടല്‍; ഒരു രാത്രിക്ക് വാടക എട്ട് ലക്ഷം രൂപ

ന്യൂദല്‍ഹി-അഹമ്മദാബാദിലെത്തിയ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സംഘവും ആഗ്രയില്‍ താജ്മഹല്‍ സന്ദര്‍ശിച്ച ശേഷം രാത്രി ദല്‍ഹിയിലെത്തും.  ഐ.ടി.സി. മൗര്യ ഹോട്ടലിലാണ് ട്രംപും പത്‌നി മെലാനിയയും തങ്ങുക. ഒരു രാത്രിക്ക് എട്ട് ലക്ഷം രൂപയാണ് പഞ്ചനക്ഷത്ര ഹോട്ടല്‍ ചിലവ്. ട്രംപിനായി അത്യാഡംബര സൗകര്യങ്ങളെല്ലാം പഞ്ചനക്ഷത്ര ഹോട്ടല്‍ ഐ.ടി.സി. മൗര്യയില്‍ ഒരുക്കിയിട്ടുണ്ട്.

ഭക്ഷണ പരിശോധനാ ലബോറട്ടറി, അതീവസുരക്ഷാ സംവിധാനങ്ങള്‍, ആഡംബര സൗകര്യങ്ങള്‍, സ്പാ എന്നിവയെല്ലാം അതിലുള്‍പ്പെടും. വായുനിലവാരം ഓരോ സമയത്തും പരിശോധിച്ച് മെച്ചപ്പെടുത്താനുള്ള സംവിധാനവും ഹോട്ടലിലുണ്ട്. വായുനിലവാരം ഏറ്റവും മോശമായ നഗരങ്ങളിലൊന്നാണ് ദല്‍ഹി.

ട്രംപിന് ഒരുക്കിയ ഗ്രാന്‍ഡ് പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ രണ്ട് കിടപ്പുമുറികളാണുള്ളത്.   വലിയ റിസപ്ഷന്‍ ഏരിയ, ലിവിങ് റൂം, സ്റ്റഡി റൂം, മയിലിന്റെ പ്രമേയത്തില്‍ 12 സീറ്റുള്ള സ്വകാര്യ ഡൈനിങ് റൂം, പേള്‍ കൊണ്ടുള്ള ഉപകരണങ്ങളടങ്ങുന്ന ബാത്ത് റൂം, മിനി സ്പാ, ജിംനേഷ്യം എന്നിവയെല്ലാം ഈ സ്യൂട്ടിലുണ്ട്.

ത്രിതല സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. മറ്റ് അതിഥികള്‍ക്ക് ഇന്ന് ഹോട്ടലില്‍ തങ്ങാനാവില്ല. പഞ്ചനക്ഷത്ര ഹോട്ടലിന്റെ 438 മുറികളും ട്രംപിനും സംഘത്തിനുമായി ബുക്ക് ചെയ്തിരിക്കുകയാണ്. ഹോട്ടലിലെ ഓരോ നിലയിലും പോലീസുകാര്‍ സാധാരണ വേഷത്തില്‍ പട്രോളിങ് നടത്തും. യു.എസിന്റെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥരുമായി സഹചരിച്ചാണ് ദല്‍ഹി പോലീസിന്റെ സുരക്ഷാവിഭാഗം പ്രവര്‍ത്തിക്കുക.

 

Latest News