Sorry, you need to enable JavaScript to visit this website.

കരിപ്പൂരില്‍ കസ്റ്റംസ് ഹാളില്‍ യാത്രക്കാര്‍ക്ക് ദുരിതം; പ്രതിഷേധം ശക്തം

കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആഗമന ടെര്‍മിനലിലെ കസ്റ്റംസ് ഹാളില്‍ യാത്രക്കാര്‍ പരിശോധനക്കായി മണിക്കൂറുകള്‍ കാത്ത് കെട്ടിക്കിടന്ന് ദുരിതത്തിലാകുന്നു. മൂന്ന് മണിക്കൂറിലേറെ കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ വരി നില്‍ക്കേണ്ടതായി യാത്രക്കാര്‍ പറയുന്നു. പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ ഡവലപ്‌മെന്റ് ഫോറം ദില്ലിയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌റേറ്റ് ടാക്‌സ് അംഗം ജോണ്‍ ജോസഫിന് പരാതി നല്‍കി.

120 കോടി രൂപ ചെലവില്‍ സ്ഥാപിച്ച കരിപ്പൂരിലെ പുതിയ ആഗമന ടെര്‍മിനലില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നിട്ടും എമിഗ്രേഷന്‍ ക്ലിയറന്‍സ് നിമിഷങ്ങള്‍ക്കകം പൂര്‍ത്തീകരിക്കുന്ന യാത്രക്കാര്‍ കസ്റ്റംസ് ഹാളില്‍ പരിശോധനക്കായി മണിക്കൂറുകള്‍ കാത്ത് കെട്ടിക്കിടക്കുകയാണ്. ടെര്‍മിനലില്‍ എയര്‍പോര്‍ട്ട് അതോറിറ്റി സ്ഥാപിച്ച കോടികളുടെ ഉപകരണങ്ങള്‍ കസ്റ്റംസ് ഉപയോഗിക്കുന്നില്ലെന്നാണ് പരാതി. ശരീര പരിശോധനക്കായി സ്ഥാപിച്ച രണ്ടാമത്തെ ഡോര്‍മെറ്റല്‍ ഡിറ്റക്റ്ററും, ലഗേജ് എത്തിക്കാനുള്ള കൂടുതല്‍ കണ്‍വെയര്‍ ബെല്‍റ്റുകളും ഉപയോഗിക്കുന്നില്ല.
 
ഒരു യാത്രക്കാരനെ 33 മിനിറ്റ് കൊണ്ട് ക്ലിയര്‍ ചെയ്യിക്കാനുളള ആധുനിക സൗകര്യങ്ങളാണ് എയര്‍പോര്‍ട്ട് അതോറിറ്റി സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ മൂന്ന് മണിക്കൂറിലധികം വൃദ്ധരും, രോഗികളും, കുട്ടികളും, ദീര്‍ഘദൂര യാത്രക്കാരും കസ്റ്റംസ് ഹാളില്‍ കാത്ത് നില്‍ക്കേണ്ട അവസ്ഥയാണ്.

പരിശോധനയുടെ പേരില്‍ ബാഗുകള്‍ വലിച്ചു കീറുന്ന പ്രവണതയും ഏറിയിട്ടുണ്ട്. പ്രശ്‌നത്തില്‍ രണ്ടാഴ്ചക്കകം അന്വേഷണം നടത്തി നടപടി കൈക്കൊള്ളുമെന്ന് ജോണ്‍ ജോസഫ് ഉറപ്പ് നല്‍കിയതായി മലബാര്‍ ഡവലപ്‌മെന്റ് ഫോറം നേതാക്കള്‍ പറഞ്ഞു. എന്നാല്‍ മതിയായ കസ്റ്റംസ് ജീവനക്കാരില്ലാത്തതും വിമാനങ്ങള്‍ ഒന്നിച്ചെത്തുമ്പോഴുണ്ടാകുന്ന തിരക്കുമാണ് കസ്റ്റംസ് ഹാളിലുള്ളതെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണുമെന്നും ഇവര്‍ പറഞ്ഞു

 

 

Latest News