Sorry, you need to enable JavaScript to visit this website.

ആവേശപ്പെരുമഴ: ട്രംപ് ഇന്ന്  അഹമ്മദാബാദിൽ

വാഷിംഗ്ടൺ- ഇന്ത്യയിൽ ദശലക്ഷക്കണക്കിനു ജനങ്ങളുടെ സ്‌നേഹം ഏറ്റുവാങ്ങാനായി പുറപ്പെടുകയാണെന്ന പ്രഖ്യാപനത്തോടെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഔദ്യോഗിക സംഘവും യാത്ര തിരിച്ചു. ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയത്തിൽ വൻ ജനക്കൂട്ടത്തിന്റെ സ്‌നേഹ പ്രകടനവും അടുത്ത കൂട്ടുകാരനും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോഡിയുടെ ആശ്ലേഷവും തെരഞ്ഞെടുപ്പ് വർഷത്തിൽ മുതൽക്കൂട്ടാകുമെന്ന ശുഭപ്രതീക്ഷയോടെയാണ് ട്രംപ് ഇന്ന് ഇന്ത്യയിൽ ആദ്യ ഔദ്യോഗിക സന്ദർശനത്തിനെത്തുന്നത്. പല വിദേശ രാജ്യങ്ങളിലും ലഭിച്ച സ്വീകരണങ്ങളിൽനിന്ന് വ്യത്യസ്തമായി പ്രതിഷേധങ്ങളില്ലാത്തതും ഊഷ്മളവുമായ വരവേൽപാണ് മോഡി ട്രംപിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. 
ആശയപരമായി അടുത്തു നിൽക്കുന്ന പ്രധാനമന്ത്രിയുടെ ആലിംഗനത്തിനു ശേഷം അഹമ്മദാബാദിൽ വൻ ബഹുജന പങ്കാളിത്തമുള്ള റോഡ് ഷോയും റാലിയുമാണ് ട്രംപിനായി ഒരുക്കിയിരിക്കുന്നത്. റാലിയെ അഭിസംബോധന ചെയ്ത ശേഷം ഇന്ന് താജ്മഹൽ സന്ദർശനമാണ് ട്രംപിന്റെയും കുടുംബത്തിന്റെയും പരിപാടി. ഭാര്യ മെലാനിയ, മകൾ ഇവാങ്ക, മരുമകനും വൈറ്റ് ഹൗസ് ഉപദേഷ്ടാവുമായ ജാറെദ് കുഷ്‌നർ അടക്കം ഉന്നത സംഘം ട്രംപിനെ അനുഗമിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ട്രംപിനോടൊപ്പം മോഡി പങ്കെടുത്ത ഹൂസ്റ്റൺ റാലിയിൽ അര ലക്ഷം പേരാണ് പങ്കെടുത്തത്. അതിനുള്ള പ്രത്യുപകാരം കൂടിയാണ് അഹമ്മദാബാദിൽ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്ന സ്വീകരണം. 
എയർപോർട്ടിൽനിന്ന് നമസ്‌തേ ട്രംപ് റാലി നടക്കുന്ന സ്റ്റേഡിയം വരെ റോഡ് ഷോയിൽ 70 ലക്ഷം പേരുണ്ടാകുമെന്നാണ് മോഡി അറിയിച്ചിരിക്കുന്നതെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ട്രംപ് തന്നെ പങ്കെടുക്കാനിടയുള്ളവരുടെ എണ്ണം ഒരു കോടിയായി ഉയർത്തുകയും ചെയ്തു.  അതേസമയം, ഒരു ലക്ഷം പേരെ മാത്രമാണ് ഇന്ത്യൻ അധികൃതർ പ്രതീക്ഷിക്കുന്നതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 
വലിയ പരിപാടിയാണ് ഇന്ത്യയിൽ നടക്കാൻ പോകുന്നതെന്നും ഇന്ത്യയിൽ ഇതിനു മുമ്പ് ഇങ്ങനെയൊരു പരിപാടി നടന്നിട്ടില്ലെന്നാണ് ചിലരൊക്കെ പറയുന്നതെന്നും പ്രധാനമന്ത്രി മോഡിയും അതു തന്നെയാണ് പറഞ്ഞതെന്നും ഇന്നലെ യാത്ര തിരിക്കുന്നതിനു മുമ്പ് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു. 
ബി.ജെ.പി പ്രവർത്തകരിൽനിന്ന് മോഡി അനുയായികൾ സൂക്ഷ്മതയോടെ തെരഞ്ഞെടുത്തവരായിരിക്കും ട്രംപിന്റെ വാഹന വ്യൂഹത്തിന് അഭിവാദ്യമർപ്പിക്കാൻ റോഡരികിലുണ്ടാകുക. മിനുക്കിയെടുത്ത 22 കിലോമീറ്റർ വരുന്ന പാതക്കിരുവശവും അവർ മണിക്കൂറുകളോളം നിലയുറപ്പിക്കും. 
ഇത് വളരെ നേരത്തെ ഏറ്റെടുത്ത പരിപാടിയാണെന്നും ഒരു രാത്രി മാത്രമേ അവിടെ തങ്ങുന്നുള്ളൂവെന്നും ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇന്ത്യയിലും സ്വത്തുക്കളുള്ള ട്രംപ്  ന്യൂജഴ്‌സി അറ്റ്‌ലാന്റിക് സിറ്റിയിലുള്ള ഹോട്ടലിനും കാസിനോക്കും ട്രംപ് താജ്മഹൽ എന്നാണ് പേരു നൽകിയിരുന്നത്. 
ട്രംപിനെ വരവേൽക്കാൻ ഇന്ത്യയിൽ ആഴ്ചകൾ നീണ്ട ഒരുക്കങ്ങളാണ് നടത്തിയത്. ട്രംപും മോഡിയും ഉൾക്കൊള്ളുന്ന കൂറ്റൻ ബോർഡുകളടക്കം സ്ഥാപിക്കുന്നതിന് 14 ദശലക്ഷം ഡോളറാണ് ചെലവഴിച്ചത്. ട്രംപിന്റെ ഇന്ത്യൻ സന്ദർശനം നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പതിനായിരക്കണക്കിനു വരുന്ന ഇന്ത്യൻ അമേരിക്കക്കാരെ സ്വാധീനിക്കുമെന്ന് ട്രംപ് അനുകൂലികൾ കണക്കു കൂട്ടുന്നു.
സാമ്പത്തിക വളർച്ച പിറകോട്ടടിച്ച് പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യയിൽ മുസ്‌ലിം വിവേചനത്തോടെയുള്ള പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം അലയടിക്കുമ്പോഴുമാണ് ട്രംപ് വരുന്നത്. ഇന്ത്യയിൽനിന്നുള്ള സ്റ്റീലിനും അലുമിനിയത്തിനും ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയതിനെ തുടർന്ന് ഉടലെടുത്ത വ്യാപാര തർക്കത്തിനും അവസാനമായിട്ടില്ല. അമേരിക്കയിൽനിന്നുള്ള മെഡിക്കൽ ഉപകരണങ്ങൾക്കും കാർഷിക ഉൽപന്നങ്ങൾക്കും നികുതി ഉയർത്തിയാണ് ഇന്ത്യ പ്രതികരിച്ചത്. ട്രംപിന്റെ സന്ദർശനത്തിൽ വ്യാപാരവും അജണ്ടയിലുണ്ടെങ്കിലും അതിന്റെ പ്രാധാന്യം കുറയ്ക്കുകയാണ് യു.എസ് ഉദ്യോഗസ്ഥർ. വലിയ കരാറുകൾ പിന്നീട് പ്രതീക്ഷിച്ചാൽ മതിയെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. 
ഇന്ന് ഉച്ചക്ക് 11.40 ന് ട്രംപ് അഹമ്മദാബാദിൽ വിമാനമിറങ്ങും. 12.15 ന് സബർമതി ആശ്രമം സന്ദർശിക്കും. അഹമ്മദാബാദ് സ്‌റ്റേഡിയത്തിൽ ഉച്ചക്ക് 1.05 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പമുള്ള  'നമസ്‌തേ ട്രംപ്' പരിപാടിക്കു ശേഷം ട്രംപും കുടുംബവും വൈകുന്നേരം താജ്മഹൽ സന്ദർശിക്കും. 6.45 ന് ആഗ്രയിൽ നിന്ന് വിമാന മാർഗം ദൽഹിയിലേക്ക് തിരിക്കും. രാത്രി 7.30 ന് പാലം വ്യോമസേനാ വിമാനത്താവളത്തിൽനിന്ന് ഹോട്ടൽ ഐ.ടി.സി മൗര്യയിലേക്ക് പോകും. ചൊവ്വാഴ്ച രാവിലെ 10 ന് രാഷ്ട്രപതി ഭവനിൽ ആചാരപരമായ വരവേൽപ് കഴിഞ്ഞ് 10.30 ന് രാജ്ഘട്ടിലെ ഗാന്ധി സമാധിയിൽ പുഷ്പചക്രം സമർപ്പിക്കും. 
11 മണിക്ക് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ചയിൽ ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യും. ഏഴര മണിക്കു രാഷ്ട്രപതി ഭവനിലെ അത്താഴ വിരുന്നും കഴിഞ്ഞ് രാത്രി 10 മണിയോടെ അമേരിക്കയിലേക്ക് മടങ്ങും.

Latest News