Sorry, you need to enable JavaScript to visit this website.

ഓട്ടോറിക്ഷ വാങ്ങാന്‍ പണം നല്‍കിയില്ല; യുവാവ് പിതാവിനെ അടിച്ചു കൊന്നു

ഇടുക്കി- ഓട്ടോറിക്ഷ വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരില്‍  മകന്റെ മര്‍ദനമേറ്റ പിതാവ് മരിച്ചു. ഉപ്പുതോട് പുളിക്കക്കുന്നേല്‍ ജോസഫാണ് (കൊച്ചേട്ടന്‍-64) മകന്റെ ക്രൂര മര്‍ദനമേറ്റ് മരിച്ചത്.  മകന്‍ രാഹുലി (32)നെ മുരിക്കാശേരി പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ഒന്‍പതിനാണ് ജോസഫിന് മകന്റെ  മര്‍ദനമേല്‍ക്കേണ്ടി വന്നത്. ഓട്ടോറിക്ഷ വാങ്ങാനാണെന്ന് പറഞ്ഞ് റബര്‍ വിറ്റ് കിട്ടിയ പണം ആവശ്യപ്പെട്ട് ഇയാള്‍ പിതാവുമായി വഴക്കുകൂടി. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ മകന് പണം നല്‍കാന്‍ വിസമ്മതിച്ചതിന് പിതാവിനെ കിടപ്പുമുറിയില്‍ നിന്നും ഹാളിലൂടെ വലിച്ചിഴച്ച് അടുക്കളയിലെത്തിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തന്റെ ആക്രമണത്തെ തടയാന്‍ പോലും പിതാവ് തയാറായില്ലെന്ന് അറസ്റ്റിലായ രാഹുല്‍ പോലീസിനോട് പറഞ്ഞു.
 മര്‍ദനത്തില്‍ വലതു വശത്തെ രണ്ട് വാരിയെല്ല് ഒടിയുകയും ശ്വാസകോശത്തില്‍ തറഞ്ഞു കയറുകയും ചെയ്തിരുന്നു. ശ്വാസകോശത്തില്‍ വെള്ളം കെട്ടിയതാണ് മരണ കാരണമെന്ന് പറയുന്നു. മര്‍ദനമേറ്റ ജോസഫിനെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പിന്നീട് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക മാറ്റി. ശനിയാഴ്ച രാത്രി എട്ടോടെ മരണം സംഭവിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
രാഹുല്‍ അവിവാഹിതനാണ്. ഇയാള്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സ്വന്തം പുരയിടത്തിലെ റബര്‍ തോട്ടം തീയിട്ടു നശിപ്പിച്ചിരുന്നു. മകനെ ഭയന്ന് മാതാവ് സാലിക്കുട്ടി പൂഞ്ഞാറില്‍ ബന്ധുവീട്ടിലാണ്. ഇളയ മകന്‍ നോബിള്‍ (ഫോറസ്റ്റ് ഗാര്‍ഡ്). ഇടുക്കി സി.ഐ സിബിച്ചന്‍ ജോസഫിന്റെ നേതൃത്വത്തില്‍ എസ്.ഐ ഏണസ്റ്റ് ജോണ്‍സണാണ് അന്വേഷണം നടത്തിയത്.

 

Latest News