Sorry, you need to enable JavaScript to visit this website.

കാളികാവിൽ വനിതകളുടെ രാത്രി നടത്തം 

കാളികാവ്- 'പൊതുയിടം എന്റേതും' എന്ന പ്രഖ്യാപനവുമായി വനിതകളുടെ രാത്രി നടത്തം ശ്രദ്ധേയമായി. സാമൂഹ്യക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കാളികാവിൽ രാത്രി നടത്തം സംഘടിപ്പിച്ചത്. 
രാത്രി 11 മുതൽ തുടങ്ങിയ നടത്തത്തിൽ നിരവധി വനിതകൾ പങ്കെടുത്തു. വനിതകളുടെ അവകാശത്തെക്കുറിച്ച് പൊതുസമൂഹത്തെ ബോധവൽക്കരിക്കുക, രാത്രി വൈകി പുറത്തിറങ്ങാനുള്ള സ്ത്രീകളുടെ ഭയം ഇല്ലാതാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
വനിതാ ദിനമായ മാർച്ച് എട്ടുവരെ വിവിധ ദിവസങ്ങളിൽ രാത്രി നടത്തം സംഘടിപ്പിക്കും. ഈ പരിപാടിയിലൂടെ വിവിധ പ്രദേശങ്ങളുടെ മാപ്പിംഗും നടക്കും. രാത്രികാലങ്ങളിൽ പുറത്തിറങ്ങി നടക്കുന്നതിൽ സ്ത്രീകൾക്കു മാനസികമായ പ്രയാസങ്ങളും അകാരണമായ പേടിയുമുള്ള അവസ്ഥയാണ് നിലനിൽക്കുന്നത്. അതിൽനിന്ന് അവരെ മാറ്റിയെടുക്കുക എന്നതാണ് ആദ്യത്തേത്. രാത്രികാലങ്ങളിൽ സ്ത്രീകളെ കണ്ടാൽ അവരെ ശല്യപ്പെടുത്താനായി മുന്നോട്ടു വരുന്ന അവസ്ഥ പലപ്പോഴുമുണ്ട്.
 ഇങ്ങനെയുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ അപ്പോൾ തന്നെ പോലീസിനു കൈമാറുകയും അവർക്കെതിരെ കേസെടുത്ത് കർശന നടപടി സ്വീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് രണ്ടാമത്തേത്. കാളികാവിൽ നടന്ന രാത്രികാല നടത്തത്തിനു ഗ്രാമപഞ്ചായത്ത് അംഗം ഇമ്പിച്ചി ബീവി, നസീമ ബീഗം, ടി.പി.ആയിശ, അജിത കുമാരി തുടങ്ങിയവർ നേതൃത്വം നൽകി. കാളികാവ് അങ്ങാടിയിൽ നടത്തം സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും അങ്കണവാടി അധ്യാപികയുമായ നസീമ ബീഗം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
 

Latest News