Sorry, you need to enable JavaScript to visit this website.

ഭൂമി പരന്നതെന്ന് സ്ഥാപിക്കാൻ ശ്രമിച്ച  'മാഡ് മൈക്' റോക്കറ്റ് തകർന്ന് മരിച്ചു 

ന്യൂയോർക്ക്- ഭൂമി പരന്നതാണെന്ന തന്റെ നിഗമനം സ്ഥാപിക്കൻ പലതവണ ശ്രമിച്ച് പരാജയപ്പെട്ട അമേരിക്കൻ സാഹസികൻ മൈക് ഹ്യൂസ് റോക്കറ്റ് തകർന്ന് മരിച്ചു. സ്വന്തമായി നിർമിച്ച നീരാവിയിൽ പ്രവർത്തിക്കുന്ന റോക്കറ്റിൽ പറന്നുയരാൻ ശ്രമിക്കുന്നതിനിടെ തകർന്നുവീണാണ് 64 കാരന്റെ അന്ത്യം. കിറുക്കൻ ചിന്താഗതികളും, അത് സ്ഥാപിക്കാനുള്ള അതിസാഹസികതയും തുടർന്നിരുന്ന ഇദ്ദേഹത്തെ 'മാഡ് മൈക്' എന്നാണ് ആളുകൾ വിളിച്ചിരുന്നത്. 
ശനിയാഴ്ച പ്രാദേശിക സമയം ഉച്ചക്ക് രണ്ട് മണിയോടെയാണ് ദുരന്തം. കാലിഫോർണിയയിലെ ബാര്‍‌സ്റ്റോയ്ക്ക് സമീപത്തെ മരുഭൂമിയിലാണ് റോക്കറ്റ് തകർന്നുവീണത്. മൈക് റോക്കറ്റിൽ പറന്നുയർന്ന് നിമിഷങ്ങൾക്കകം അത് തകർന്നു വീഴുകയായിരുന്നു. അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യു.എസ് സയൻസ് ചാനൽ സംപ്രേഷണം ചെയ്യുന്ന ഹോം മെയ്ഡ് അസ്‌ട്രോനോട്‌സ് എന്ന പരിപാടിക്കുവേണ്ടിയായിരുന്നു മൈക്കിന്റെ റോക്കറ്റ് ലോഞ്ചിംഗ്. അയ്യായിരം അടി ഉയരത്തിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് മൈക് റോക്കറ്റ് ഡിസൈൻ ചെയ്തത്. റോക്കറ്റ് നിർമിക്കാൻ 18,000 ഡോളർ ചെലവായി. ഭൂമി പരന്നതാണെന്ന് തെളിയിക്കാൻ പലതവണ ശ്രമിച്ച് പരാജയപ്പെട്ട മൈക് ഒരിക്കൽ അതിനുവേണ്ടി നടത്തിയ റോക്കറ്റ് യാത്രയും ദുരന്തത്തിലാണ് കലാശിച്ചത്. റോക്കറ്റ് തകർന്നുവീണ് മൈക്കിന് അന്ന് പരിക്കേറ്റിരുന്നു.

Latest News