Sorry, you need to enable JavaScript to visit this website.

ഉർദുഗാൻ ഫലസ്തീൻ പ്രശ്‌നത്തെ  ചൂഷണം ചെയ്തു -അൽമഗാംസി

ശൈഖ് സ്വാലിഹ് അൽമഗാംസി

മദീന - തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാനും മുസ്‌ലിം ബ്രദർഹുഡ് നേതാക്കളും ഫലസ്തീൻ പ്രശ്‌നത്തെ തങ്ങളുടെ താൽക്കാലിക നേട്ടങ്ങൾക്കു വേണ്ടി ചൂഷണം ചെയ്തുവെന്ന് ഖുബാ മസ്ജിദ് ഇമാമും ഖത്തീബുമായ ശൈഖ് സ്വാലിഹ് അവാദ് അൽമഗാംസി പറഞ്ഞു. ഉർദുഗാൻ സൗദി അറേബ്യയോട് ശത്രുത വെച്ചുപുലർത്തുകയാണെന്ന് എം.ബി.സി ചാനൽ പ്രോഗ്രാമിൽ അദ്ദേഹം പറഞ്ഞു. സൗദി ഭരണാധികാരികൾക്കും ജനങ്ങൾക്കും തുർക്കികളോട് ഒരുവിധ ശത്രുതയുമില്ല. സൗദികളെയും തുർക്കികളെയും ഇസ്‌ലാം ഒരുമിപ്പിക്കുന്നു. ഉർദുഗാൻ തുർക്കിയിൽ ഭരണനേതൃത്വം ഏറ്റെടുത്തത് തുർക്കികളും സൗദികളും നേരിടുന്ന അഗ്നിപരീക്ഷയാണ്. തുർക്കികളുടെ ശത്രുക്കളാക്കി സൗദികളെ മാറ്റാൻ  ഉർദുഗാന് സാധിക്കില്ല. അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയാണ് ഉർദുഗാൻ ചെയ്യുന്നത്. അന്ത്യപ്രവാചകൻ അറബിയാണ്. അന്ത്യ വേദഗ്രന്ഥവും അറബിയിലാണ്. ഇക്കാര്യത്തിൽ എല്ലാ മുസ്‌ലിംകളും അറബികളുടെ പിന്തുടർച്ചക്കാരാണ്. 
ഉർദുഗാൻ തുടക്കത്തിൽ ഇസ്രായിൽ സന്ദർശിച്ചു. ആധുനിക രാഷ്ട്രീയ സയണിസത്തിന്റെ സ്ഥാപകനും ആത്മീയാചാര്യനുമായ തിയോഡർ ഹെർസലിന്റെ ശവകുടീരം സന്ദർശിച്ച് പുഷ്പചക്രം അർപ്പിച്ച് ഉർദുഗാൻ ഇസ്രായിലികളുടെ പ്രീതി പിടിച്ചുപറ്റാൻ ശ്രമിച്ചു. 


ഇതിനു ശേഷം ഉർദുഗാൻ ഇസ്‌ലാമിക ലോകവുമായി അടുപ്പം സ്ഥാപിക്കാൻ നോക്കി. സൗദി അറേബ്യയുമായി ഏറ്റവും മികച്ച ബന്ധം ഉർദുഗാൻ സ്ഥാപിച്ചു. പ്രോത്സാഹനമെന്നോണം സൗദി അറേബ്യ കിംഗ് ഫൈസൽ പുരസ്‌കാരം നൽകി ആദരിച്ചു. ഇതിനു ശേഷമാണ് മനസ്സിന്റെ അടിത്തട്ടിൽ മറച്ചുവെച്ചിരുന്ന സൗദി വിദ്വേഷം ഉർദുഗാൻ പുറത്തു കാണിച്ചു തുടങ്ങിയത്. 
സൗദി അറേബ്യക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ആവനാഴിയിലെ മുഴുവൻ അസ്ത്രങ്ങളുമെടുത്ത് ഉർദുഗാൻ പ്രയോഗിച്ചു. സൗദികൾക്കും ഖത്തറിലെ പിതൃസഹോദര മക്കൾക്കുമിടയിൽ പ്രതിസന്ധി ഉടലെടുത്തപ്പോൾ ഉർദുഗാൻ ഇടപെട്ട് സൗദികൾക്കും ഖത്തരികൾക്കുമിടയിലെ വിടവ് വലുതാക്കുകയാണ് ചെയ്തത്. സ്വന്തം സൈനികരെ ഉർദുഗാൻ ഖത്തറിലെ അൽവജ്ബ കൊട്ടാരത്തിലേക്ക് കൊണ്ടുവന്നു. ഉർദുഗാന്റെ പ്രപിതാക്കളെ നേരത്തെ ഈ കൊട്ടാരത്തിൽ നിന്ന് ആട്ടിയോടിച്ചതാണ്. 


സൗദി അറേബ്യക്കെതിരായ ഗൂഢതന്ത്രങ്ങളുടെയും പദ്ധതികളുടെയും ഭാഗമായി ഇതിനു ശേഷം സുഡാനിലെത്തിയ ഉർദുഗാൻ സവാകിനിൽ തുർക്കി സൈനിക താവളം സ്ഥാപിക്കുന്നതിന് മുൻ സുഡാൻ ഭരണാധികാരിയെ സമ്മതിപ്പിച്ചു. കിഴക്കു നിന്നും പടിഞ്ഞാറു നിന്നും സൗദി അറേബ്യയെ സൈനികമായി വളയാനാണ് ഉർദുഗാൻ ആഗ്രഹിച്ചത്. ലോക മുസ്‌ലിംകളുടെ നേതൃപദവി വഹിക്കുന്നതിനും ഖിലാഫത്ത് സ്ഥാപിക്കുന്നതിനും നിയോഗിക്കപ്പെട്ടയാളാണ് താനെന്ന് സ്വന്തം അനുയായികളോട് ഉർദുഗാൻ പറയുന്നു. എങ്കിൽ ഇസ്താംബൂൾ ഇസ്രായിൽ എംബസിയിൽ നിന്ന് ഇസ്രായിലി പതാക നീക്കം ചെയ്ത് ഇസ്രായിൽ അംബാസഡറെ രാജ്യത്തു നിന്ന് പുറത്താക്കുന്നതിൽ കവിഞ്ഞൊന്നും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. 


തുർക്കി പ്രസിഡന്റിന്റെ തീരുമാനങ്ങൾ വൈരുധ്യം നിറഞ്ഞതാണ്. ലോക മുസ്‌ലിം നേതൃത്വം വഹിക്കുന്നതിന് ഉർദുഗാൻ മത്സരിക്കുന്നു. എന്നാൽ ലോക മുസ്‌ലിം നേതൃത്വത്തിന് ഉർദുഗാൻ അർഹനല്ല. സൗദി അറേബ്യയുടെ ശക്തി ക്ഷയിച്ചാലല്ലാതെ തന്റെ മോഹം സാക്ഷാൽക്കരിക്കാൻ കഴിയില്ലെന്ന് ഉർദുഗാനു തന്നെ നന്നായി അറിയാം. ലോകത്തുള്ള എല്ലാ മുസ്‌ലിംകൾക്കും നായകത്വം നൽകി സൗദി അറേബ്യ ഉറച്ച കോട്ടയായി നിലനിൽക്കും. 


അമേരിക്ക  വകവരുത്തിയ ഇറാൻ റെവല്യൂഷനറി ഗാർഡ് കമാണ്ടർ ഖാസിം സുലൈമാനി ജറൂസലമിന്റെ ശഹീദാണെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ വിശേഷിപ്പിക്കുന്നത് ആശ്ചര്യകരമാണ്. ബ്രദർഹുഡ് ആശയത്തിൽ ആകൃഷ്ടരായവരുടെ മനോനിലയാണ് ഇത് സ്ഥിരീകരിക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബി (സ) കഴിഞ്ഞാൽ ഇസ്‌ലാമിക ചരിത്രത്തിൽ ജറൂസലമുമായി ഏറ്റവും അടുപ്പമുള്ളത് രണ്ടാം ഖലീഫ ഉമറി(റ) നാണ്. ജറൂസലം മുസ്‌ലിംകൾ അതിജയിച്ചത് ഉമറി (റ) ന്റെ കാലത്താണ്. ഉമറിനെതിരെ ശാപവചനം ചൊരിയുന്ന ഖാസിം സുലൈമാനി എങ്ങനെയാണ് ഖുദ്‌സിന്റെ ശഹീദാവുകയെന്ന് ശൈഖ് സ്വാലിഹ് ചോദിച്ചു. 

 

Latest News